Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിക്കറ്റിൽ...

ക്രിക്കറ്റിൽ ചരിത്രമെഴുതാൻ ജമ്മു കശ്മീർ; രഞ്ജി ഫൈനലിൽ 584 റൺസിന്റെ കൂറ്റൻ സ്കോർ; കർണാടക പതറുന്നു

text_fields
bookmark_border
ക്രിക്കറ്റിൽ ചരിത്രമെഴുതാൻ ജമ്മു കശ്മീർ; രഞ്ജി ഫൈനലിൽ 584 റൺസിന്റെ കൂറ്റൻ സ്കോർ; കർണാടക പതറുന്നു
cancel

ഹുബ്ബള്ളി (കർണാടക): അത്യത്ഭുതങ്ങളൊന്നും നടന്നില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം ജമ്മു കശ്മീരിന്റെ പടപ്പുറപ്പാടിനുമുന്നിൽ അനുസരണയോടെ വഴങ്ങിക്കൊടുക്കും. കളിയുടെ കണക്കുപുസ്തകങ്ങളിലും കടലാസിലും കരുത്തുറ്റ കർണാടകക്കെതിരെ രഞ്ജി ട്രോഫി ഫൈനലിൽ വമ്പൻ മേധാവിത്വം അവർ നേടിക്കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പരമോന്നതമായ രഞ്ജി ട്രോഫിയിൽ കന്നിക്കിരീട നേട്ടത്തിലെത്തുകയെന്ന അഭിമാനത്തിന് തൊട്ടരികെയാണിപ്പോൾ ജമ്മു കശ്മീർ.

കർണാടകയുടെ സ്വന്തം തട്ടകമായ ഹുബ്ബള്ളിയിൽ നടക്കുന്ന രഞ്ജി ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റുചെയ്ത കശ്മീരുകാർ ഒന്നാമിന്നിങ്സിൽ 584 റൺസെന്ന പടുകൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക മൂന്നാം ദിനം ലഞ്ചിന് ശേഷം നാലു വിക്കറ്റ് നഷ്ടത്തിൽ 74 റൺസെന്ന ദയനീയ നിലയിലാണ്. ഇന്ത്യൻ താരങ്ങളായ കെ.എൽ. രാഹുൽ (13), ദേവ്ദത്ത് പടിക്കൽ (11), കരുൺ നായർ (പൂജ്യം) എന്നിവർ എളുപ്പം പുറത്തായി. രവിചന്ദ്രൻ സ്മരൺ (പൂജ്യം) ആണ് പുറത്തായ മറ്റൊരു ബാറ്റർ. 40 റൺസുമായി മായങ്ക് അഗർവാളും ഏഴു റൺസുമായി ശ്രേയസ് ഗോപാലുമാണ് ക്രീസിൽ. ആഖ്വിബ് നബി മൂന്നു വിക്കറ്റ് നേടി. ടൂർണമെന്റിലുടനീളം മിന്നുംഫോമിലാണ് ആഖ്വിബ്.

നേരത്തേ, പ്രസിദ്ധ് കൃഷ്ണ നയിച്ച കർണാടക ബൗളിങ്ങിനെതിരെ ആധികാരിക പ്രകടനമായിരുന്നു ജമ്മു കശ്മീർ ബാറ്റിങ് നിരയുടേത്. ശുഭം പണ്ഡിർ (121) സെഞ്ച്വറിയും യാവർ ഹസൻ (88), ക്യാപ്റ്റൻ പരസ് ദോഗ്ര (70), അബ്ദുൽ സമദ് (61), കനയ്യ വധാവൻ (70), സാഹിൽ ലോത്ര (72) എന്നിവർ അർധസെഞ്ചറികളും നേടിയപ്പോൾ സ്കോർ 500ഉം കടന്ന് കുതിക്കുകയായിരുന്നു. 98 റൺസ് വഴങ്ങി പ്രസിദ്ധ് അഞ്ചു വിക്കറ്റ് നേടി.

രണ്ടു ദിവസം ബാക്കിയിരിക്കേ ജമ്മു കശ്മീരിനാണ് വിജയ സാധ്യതയേറെയും. ഒന്നാമിന്നിങ്സ് ലീഡ് നേടിയാൽ കളി സമനിലയിൽ കലാശിച്ചാലും കശ്മീർ തന്നെ ജേതാക്കളാകും.


Show Full Article
TAGS:Jammu and Kashmir ranji trophy Ranji Trophy Final Karnataka Cricket News 
News Summary - Jammu & Kashmir post 584 in 1st innings, push for maiden Ranji Trophy title
Next Story