ചരിത്ര നേട്ടത്തിൽ ബുംറ, മൂന്ന് ഫോർമാറ്റിലും 100 വിക്കറ്റ്; ആദ്യ ഇന്ത്യൻ താരം...
text_fieldsജസ്പ്രീത് ബുംറ
കട്ടക്ക്: അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 100 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി ബുംറ.
ഒഡിഷയിലെ കട്ടക്കിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ വിക്കറ്റ് നേടിയതോടെയാണ് ട്വന്‍റി20 ഫോർമാറ്റിൽ താരത്തിന്‍റെ വിക്കറ്റ് നേട്ടം നൂറായത്. അന്താരാഷ്ട്ര തലത്തിൽ ഈ നേട്ടത്തിലെത്തുന്ന അഞ്ചാം ബൗളറാണ് ബുംറ. ഷാകിബുൽ ഹസൻ (ബംഗ്ലാദേശ്), ലസിത് മലിംഗ (ശ്രീലങ്ക), ടിം സൗത്തി (ന്യൂസിലൻഡ്), ഷഹീൻ ഷാ അഫ്രീദി (പാകിസ്താൻ) എന്നിവരാണ് മുൻഗാമികൾ. അർഷ്ദീപ് സിങ്ങാണ് ട്വന്‍റി20യിൽ 100 വിക്കറ്റ് നേടിയ മറ്റൊരു ഇന്ത്യൻ ബൗളർ.
പ്രോട്ടീസിന്‍റെ ടോപ് സ്കോററായ ഡെവാൾഡ് ബ്രെവിസിനെ (14 പന്തിൽ 22) പുറത്താക്കിയതിനു പിന്നാലെയാണ് ബുംറ കുട്ടി ക്രിക്കറ്റിൽ നൂറു വിക്കറ്റിലെത്തിയത്. മത്സരത്തിൽ മൂന്നു ഓവർ പന്തെറിഞ്ഞ താരം 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. കേശവ് മഹാരാജിന്‍റെ വിക്കറ്റും ബുംറക്കായിരുന്നു. മികച്ച ഇക്കണോമിയിലും ശരാശരിയിലും മൂന്നു ഫോർമാറ്റിലും നൂറു വിക്കറ്റ് നേട്ടം കൈവരിക്കുന്ന റെക്കോഡ് ഇനി ബുംറയുടെ പേരിലാണ്. മത്സരത്തിൽ 101 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ തുടക്കത്തിൽ പതറിയെങ്കിലും ഹാർദിക് പാണ്ഡ്യ (28 പന്തിൽ 59 റൺസ് നോട്ടൗട്ട്) മധ്യനിരയിൽ തകർത്തടിച്ചതോടെ 20 ഓവറിൽ ആറ് വിക്കറ്റിന് 175 റൺസെന്ന പൊരുതാവുന്ന സ്കോറിലെത്തി. ദക്ഷിണാഫ്രിക്കയുടെ തകർച്ച പക്ഷേ പ്രതീക്ഷിച്ചതിലും വളരെ നേരത്തെയായി. 12.3 ഓവറിൽ 74ന് പ്രോട്ടീസ് ബാറ്റർമാരെല്ലാം കൂടാരം കയറി.
ഇന്ത്യൻ ബൗളർമാരിൽ ബുംറയെ കൂടാതെ, അർഷ് ദീപ് സിങ്, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. ഹാർദിക്കും ശിവം ദുബെയും ഓരോ വിക്കറ്റും വീഴ്ത്തി. ടീമിലേക്കുള്ള തിരിച്ചുവരവ് ഓൾ റൗണ്ട് പ്രകടനത്തോടെ ഗംഭീരമാക്കി ഹാർദിക്. 28 പന്തിൽ നാലു സിക്സും ആറു ഫോറുമടക്കം പുറത്താകാതെ 59 റൺസെടുത്ത താരം ഒരു വിക്കറ്റും നേടി മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ട്വന്റി20 വ്യാഴാഴ്ച ചണ്ഡിഗഢിൽ നടക്കും.


