വിസ്ഡൺ ക്രിക്കറ്റിന്‍റെ ലീഡിങ് താരങ്ങളായി ബുംറയും മന്ഥാനയും; ഇന്ത്യക്ക് ഇരട്ടി മധുരം
text_fieldsവിസ്ഡൺ ക്രിക്കറ്റേഴ്‌സ് അൽമാനാക്കിന്‍റെ 2024ലെ ലോകത്തിലെ മികച്ച ലീഡിങ് പുരുഷ താരമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെയും ലോകത്തിലെ ലീഡിങ് വനിതാ ക്രിക്കറ്ററായി സ്‌മൃതി മന്ഥാനയെയും തെരഞ്ഞെടുത്തു. ഏപ്രിൽ 22 ന് പുറത്തിറക്കിയ വിസ്‌ഡൺ അൽമാനാക്കിന്‍റെ 2025 എഡിഷനിലാണ് ഇന്ത്യൻ താരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.
2024ൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യക്കായി പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബുംറയെ ഈ ബഹുമതിയിലെത്തിച്ചത്. കഴിഞ്ഞ വർഷം 20ൽ താഴെ ശരാശരിയിൽ 200 വിക്കറ്റുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ബൗളറായി മാറിയിരുന്നു ബുംറ.
ഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ ഗവാസ്‌കർ പരമ്പരയിൽ മാത്രം ബുംറ 32 വിക്കറ്റുകൾ നേടിയ ബുംറ ഒരു ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ പേസർ നേടുന്ന ബൗളറായും മാറി. ഇന്ത്യ നേടിയ ട്വന്‍റി-20 ലോകകപ്പിലും ബുംറ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
ടൂർണമെന്‍റിൽ എട്ട് മത്സരങ്ങൾ നിന്ന് 4.17 എക്കണോമിയിൽ നിന്നു 15 വിക്കറ്റുകളാണ് ബുംറ നേടിയത്. ഏതൊരു ക്രിക്കറ്ററും ആഗ്രഹിക്കുന്ന നേട്ടങ്ങളാണ് പോയ വർഷം ബുംറ സ്വന്തമാക്കിയത്. ലോകകപ്പിലെ താരമായും താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐ.സി.സിയുടെ ക്രിക്കറ്റർ ഓഫ് ദി ഇയറുമായും ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയറുമായും ബുംറ തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഒരു വനിതാ താരം നേടുന്ന ഏറ്റവും കൂടുതൽ റൺസ് നേടിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ഥാന വനിതാ ലീഡിങ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. 2024ൽ വിവിധ ഫോർമാറ്റുകളിലായി 1659 റൺസാണ് താരം അടിച്ചെടുത്തത്.
ഇന്ത്യൻ ഓപ്പണിങ് ബാറ്റായി ഇറങ്ങുന്ന താരം കഴിഞ്ഞ വർഷം നാല് ഏകദിന സെഞ്ച്വറികൾ ഉൾപ്പെടെ അഞ്ച് സെഞ്ച്വറികൾ നേടിയിരുന്നു. കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അവരുടെ ആദ്യത്തെ വനിതാ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചതും മന്ഥാനയായിരുന്നു.


