'ഇനിയെങ്കിലും കണ്ണ് തുറക്കൂ'; ബി.സി.സി.ഐയോട് കണക്കുകൾ എണ്ണിപറഞ്ഞ് കരുൺ നായർ!
text_fieldsരഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ സെഞ്ച്വറി തികച്ചിരിക്കുകയാണ് കരുൺ നായർ. വിദർഭക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ 86 റൺസ് നേടിയ കരുൺ രണ്ടാം ഇന്നിങ്സിൽ ശതകം തന്നെ തികച്ചു. 184ാം പന്തിൽ ഏഴ് ക്ലാസ് ഫോറും രണ്ട് സ്റ്റൈലൻ സിക്സറുമടിച്ചാണ് കരുൺ തന്‍റെ സെഞ്ച്വറിയിലെത്തിയത്. ഈ രഞ്ജി സീസണിലെ കരുണിന്‍റെ നാലാം ശതകമാണ് ഇത്. ഈ ആഭ്യന്തര സീസണിലെ ഒമ്പതാമത്തേതും. വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് സെഞ്ച്വറിയാണ് കരുൺ നേടിയത്. ഫൈനലിൽ വിദർഭയും കരുണും അടിപതറിയെങ്കിലും രഞ്ജി ഫൈനലിൽ കേരളത്തിന് മേൽ കൃത്യമായ ആധിപത്യമാണ് കരുണും അദ്ദേഹത്തിന്‍റെ ടീമും നിലവിൽ ഉണ്ടാക്കിയിരിക്കുന്നത്.
സെഞ്ച്വറിക്ക് ശേഷം താരത്തിന്‍റെ ആഘോഷ പ്രകടനം ചർച്ച ചെയ്യപ്പെടേണ്ടതാണ്. സെഞ്ച്വറിക്ക് ശേഷം സ്ഥിരം ശൈലിയിൽ ബാറ്റും ഹെൽമെറ്റും ഉയർത്തിക്കാട്ടിയ കരുൺ നായർ പിന്നീട് കൈ വെച്ച് ഒമ്പത് വിരലുകൾ ഗാലറിക്ക് നേരെ കാണിച്ചു. ഈ സീസണിലെ തന്‍റെ ഒമ്പതാം സെഞ്ച്വറിയാണ് ഇതെന്ന് ഈ മലയാളി താരം വിളിച്ചുപറയുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിൽ കളിച്ചിട്ടും യാതൊരു പരിഗണനയും നൽകാതിരുന്ന, മുടന്തൻ ന്യായങ്ങൾ അണിനിരത്തിയ സെലക്ടർമാർക്കും ഇന്ത്യൻ ക്രിക്കറ്റിലെ ഉന്നതൻമാർക്കും നേരെ കരുൺ നായർ വിളിച്ചുപറഞ്ഞ ഒരു സ്റ്റേറ്റ്മെന്‍റാണ് ആ ഒമ്പത് വിരലുകൾ!.
ആദ്യമായല്ല കരുൺ രഞ്ജി ഫൈനലിൽ സെഞ്ച്വറി തികക്കുന്നത്. 2014-15 സീസണിൽ രഞ്ജി ട്രോഫി ഫൈനലിൽ തമിഴ്നാടിനെതിരെ 328 റൺസ് നേടി കരുൺ നായർ കളിയിലെ താരമായിട്ടുണ്ട്. രഞ്ജി ഫൈനലിലെ ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണിത്. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിലും പിന്നീട് ആസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിലും ടെസ്റ്റ് പരമ്പരകൾ ഇന്ത്യൻ ടീം ഈയിടെ അടിയറവ് പറഞ്ഞിരുന്നു. നിലവിലെ കളിക്കാരൊടെല്ലാം തന്നെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടു. ഇതിനിടെയിലാണ് ചാമ്പ്യൻസ് ട്രോഫി, ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര എന്നിവക്കുള്ള ടീം സെലക്ഷൻ. വിജയ് ഹസാരെ ട്രോഫിയിൽ 'ഗോഡ് മോഡിൽ' ബാറ്റ് വീശിക്കൊണ്ടിരുന്ന കരുൺ ടീമിലേക്ക് ഒ ഒരു വിളി പ്രതീക്ഷിച്ചിരിക്കണം. ഇത്രയും താരങ്ങൾ മോശം ഫോമിലൂടെ കടന്നപോകുമ്പോൾ ഇംഗ്ലണ്ടിനെതിരെയുള്ള ബൈലാറ്റരൽ പരമ്പരയിലെങ്കിലും കരുൺ ഒരു സ്ഥാനം തീർച്ചയായും അർഹിച്ചിരുന്നു. എന്നാൽ അദ്ദേഹം ഭംഗിയായി തഴയപ്പെട്ടു.
മറ്റുള്ള താരങ്ങളോട് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം കണ്ടെത്താൻ ആവശ്യപ്പെട്ട ബി.സി.സി.ഐ അവിടെ മിന്നും പ്രകടനം കാഴ്ചവെച്ച കരുണിനെ കണ്ടില്ലെന്ന് നടിച്ചത് ഇരട്ടത്താപ്പിന്‍റെ ഒരു പ്രത്യേക പതിപ്പാണ്. കരുണിനെ എന്തുകൊണ്ട് തഴഞ്ഞുവെന്ന ചോദ്യങ്ങൾ അന്ന് സെലക്ടർമാർക്കെതിരെ ഉയർന്നിരുന്നു, അല്ലെങ്കിൽ അദ്ദേഹം ഒരു അവസരം അർഹിക്കുന്നില്ലെ എന്നും ബി.സി.സി.ഐ മുഖ്യ സെലക്ടർ അജിത് അഗാർക്കറിന് നേരെ ചോദ്യം വന്നിരുന്നു. എന്നാൽ എല്ലാവരെയും അങ്ങനെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുമോ എന്നായിരുന്നു അഗാർക്കർ അന്ന് തിരിച്ചു ചോദിച്ചത്.
വിജയ് ഹസാരെ ട്രോഫിയിൽ അപ്പോൾ 750 റൺസ് ശരാശരിയിൽ ബാറ്റ് വീശിക്കോണ്ടിരിക്കുന്ന താരമായിരുന്നു കരുൺ നായർ. ഒരിക്കലും അത് നിസാരമല്ലെന്ന് അഗാർക്കർ അംഗീകരിക്കുന്നുമുണ്ട്. എന്നിരുന്നാലും 15 പേരിൽ ഒരാളാകാൻ അദ്ദേഹത്തിന് സാധിക്കില്ലത്രേ. എത്രയൊക്കെ റഡാറിൽ ഇല്ലാതിരുന്ന താരമാണെന്ന് പറഞ്ഞാലും ഇത്രയും മികച്ച ഫോമിൽ നിൽക്കുമ്പോൾ അയാൾ ഒരു അവസരം അർഹിച്ചിട്ടുണ്ട്. എന്നാൽ കരുൺ അതിൽ നിരാശനായില്ല.
വിജയ് ഹസാരെ ഫൈനലിൽ കർണാടകയോട് തോറ്റ അദ്ദേഹം രഞ്ജിയുടെ രണ്ടാം ഘട്ടത്തിൽ അതേ ഫോം കരുൺ നിലനിർത്തി. ഒടുവിൽ സീസൺ അവസാനമായ രഞ്ജി ഫൈനലിൽ കേരളത്തോട് മിന്നും പ്രകടനത്തോടെ ടീമിനേ അയാൾ വിജയത്തിലേക്ക് നയിക്കുകയാണ്. ഈ സീസൺ തുടക്കത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനോട് കേരളത്തിൽ കളിക്കാൻ താത്പര്യമുണ്ടെന്ന് കരുൺ അറിയിച്ചിരുന്നു. എന്നാൽ അത് മുന്നോട്ട് പോയില്ലെന്നും വിദർഭയിൽ നിന്നും ഓഫർ വന്നപ്പോൾ സ്വീകരിക്കുകയായിരുന്നുവെന്നും കരുൺ പറഞ്ഞിരുന്നു. ഒരുപക്ഷെ രഞ്ജി ട്രോഫിയിലെ കേരളത്തിന്‍റെ ഏറ്റവും മികച്ച സീസണിൽ കരുണും കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഇപ്പോൾ കേരള ക്രിക്കറ്റ് ആരാധകർ ആഗ്രഹിക്കുന്നുണ്ടാകും.
2022 ഡിസംബറിൽ 'പ്രിയപ്പെട്ട ക്രിക്കറ്റ് എനിക്ക് ഒരു അവസരംകൂടി നൽകൂ' എന്ന് കരുൺ എക്‌സിൽ കുറിച്ചിരുന്നു. തീർച്ചയായും കഠിനപ്രയത്നം ചെയ്യുന്നവരെ ക്രിക്കറ്റ് ഒരിക്കലും നിരാശപ്പെടുത്തില്ല. രണ്ടര വർഷങ്ങൾക്ക് ശേഷം കരുൺ സ്നേഹിച്ച ക്രിക്കറ്റ് അവന് എല്ലാം നൽകുന്നു. മാസങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ ഇന്ത്യയെ ടെസ്റ്റ് പരമ്പരക്ക് അയക്കുമ്പോൾ ബി.സി.സി.ഐ കരുണിനെ ഓർക്കേണ്ടതുണ്ട്. ഇനി മറന്നാൽ കരുൺ നായർ ഉയർത്തി കാട്ടിയ ആ ഒമ്പത് വിരലുകൾ മതിയാകും കരുണിനെ ഓർത്തെടുക്കാൻ.