ഏഴ് വിക്കറ്റിന് തോറ്റ് ട്രിവാൻഡ്രം റോയൽസ്; സെമി കാണാതെ പുറത്ത്
text_fieldsമാൻ ഓഫ് ദ മാച്ചായ കൊല്ലം താരം വിജയ് വിശ്വനാഥിന്റെ ബൗളിങ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആദ്യ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനോട് നാല് വിക്കറ്റിന് തോറ്റതിന്റെ കണക്ക് കൊല്ലം വീട്ടി. ഇന്നലെ നടന്ന മത്സരത്തിൽ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്താണ് സച്ചിൻ ബേബിയും കൂട്ടരും കെ.സി.എല്ലിന്റെ കണക്ക് പുസ്തകത്തിൽ നിന്ന് റോയൽസിന്റെ പേര് വെട്ടിയത്. ഇതോടെ ആദ്യ സീസണിൽ സെമി ഫൈനലിസ്റ്റുകളായ റോയൽസ് രണ്ടാം സീസണിൽ എട്ട് കളികളിൽ ഏഴും തോറ്റ് സെമി കാണാതെ പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 17.2 ഓവറിൽ അനായസം ലക്ഷ്യം കാണുകയായിരുന്നു. കൊല്ലത്തിനായി ഓപണർ അഭിഷേക് നായർ അർധ സെഞ്ച്വറി (60*) നേടി. സ്കോർ: ട്രിവാൻഡ്രം റോയൽസ് -178/6 (20), കൊല്ലം സെയിലേഴ്സ്- 181/3 (17.2)
ലീഗിൽ പിടിച്ചുനിൽക്കാൻ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കേണ്ടിരുന്ന റോയൽസിനായി ക്യാപ്റ്റൻ കൃഷ്ണപ്രസാദും (35) വിഷ്ണുരാജും (33) മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 76ൽ നിൽക്കെ സച്ചിൻ ബേബിയുടെ കൈകളിൽ വിഷ്ണുരാജിനെ ഏൽപ്പിച്ച് വിജയ് വിശ്വനാഥാണ് റോയൽസിന്റെ ശവപ്പെട്ടിയിൽ ആദ്യ ആണി അടിച്ചത്. 11ാം ഓവറിൽ സ്കോർ 97ൽ നിൽക്കെ വിജയ് വിശ്വനാഥ് കൃഷ്ണപ്രസാദിനെയും മടക്കിയതോടെ റോയൽസിന്റെ നില പരുങ്ങലിലായി. സഞ്ജീവ് സതിരേശൻ (34) എം.നിഖിൽ(26), അഭിജിത്ത് പ്രവീൺ (20*) എന്നിവർക്ക് അവസാന ഓവറുകളിൽ റൺ ഉയർത്താൻ കഴിയാതെ വന്നതോടെ റണ്ണൊഴുകുന്ന പിച്ചിൽ 178 റൺസിന് റോയൽസ് ബാറ്റ് മടക്കുകായിരുന്നു. കൊല്ലത്തിനായി വിജയ് വിശ്വനാഥ് നാലോവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോം, അമൽ, അജയ്ഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയുമായി ഇറങ്ങിയ കൊല്ലത്തിന് ഒരുഘട്ടത്തിലും ഭീഷണിയുയർത്താൻ റോയൽസിന്റെ ബൗളിങ് നിരക്ക് ആയില്ല. കഴിഞ്ഞ ആറ് മത്സരങ്ങളിലും ഫോം കണ്ടെത്താൻ തപ്പിതടഞ്ഞ അഭിഷേക് നായർ ലീഗിൽ ആദ്യമായി ആത്മവിശ്വാസത്തോടെ ബാറ്റെടുത്തത് കൊല്ലം ക്യാമ്പിന് ആശ്വാസമായി. 47 പന്തിൽ രണ്ട് സിക്സിന്റെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു അഭിഷേകിന്റെ അർധ സെഞ്ച്വറി. സച്ചിൻ ബേബി (46), വിഷ്ണു വിനോദ് (33), അഷിക് മുഹമ്മദ് (23)എന്നിവരും കൊല്ലത്തിനായി ബാറ്റുകൊണ്ട് സംഭാവന നൽകി. ആറ് പന്തിൽ രണ്ട് സിക്സുമായി എൻ.എം. ഷറഫുദ്ദീനും (15) കളം നിറഞ്ഞതോടെ രണ്ടാം സീസണിൽ സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി റോയൽസ്.