രഞ്ജി ട്രോഫിയിൽ പുതു കേരളപ്പിറവി
text_fieldsസെമി ഫൈനലിൽ ഗുജറാത്ത് താരം ജയ്മീത് പട്ടേലിനെ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയ കേരള വിക്കറ്റ് കീപ്പർ മുഹമ്മദ്
അസ്ഹറുദ്ദീന്റെ ആഹ്ലാദം
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഒന്നായ രഞ്ജി ട്രോഫിയിൽ ഈ സീസണിൽ ഒരു തോൽവിപോലും വഴങ്ങാതെ ഫൈനലിലേക്ക് പ്രവേശിച്ച സചിൻ ബേബിയെയും കൂട്ടരെയും അക്ഷരം തെറ്റാതെ നമുക്ക് വിളിക്കാം... ‘ചാമ്പ്യൻസ്’. 1934-35ൽ ആരംഭിച്ച രഞ്ജി ട്രോഫിയിൽ 1957ലാണ് കേരളം ബാറ്റുമായി ഇറങ്ങുന്നത്. അതും പഴയ തിരുവിതാംകൂര്‍-കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയി പേരെടുത്തശേഷം. ആദ്യ സീസണില്‍ മദ്രാസിനും മൈസൂരുവിനും ആന്ധ്രക്കും ഹൈദരാബാദിനുമെതിരെ എട്ടുനിലയിൽ പൊട്ടി. രഞ്ജിയില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കേരളം പിന്നെയും നാല് പതിറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നു.
1994-95ല്‍ കെ.എന്‍. അനന്തപത്മനാഭന്റെ നേതൃത്വത്തിലിറങ്ങിയ ടീം ദക്ഷിണമേഖല വിജയികളായി പ്രീ ക്വാര്‍ട്ടറിലെത്തി. 2007-08 സീസണില്‍ പ്ലേറ്റ് ലീഗിലേക്ക് കടന്നു. പ്ലേറ്റ് ഗ്രൂപ്പിൽനിന്ന് മുന്നേറാൻ കേരളത്തിന് പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. പ്ലേറ്റ് ഗ്രൂപ്പിലെ കളികൾകൊണ്ടുമാത്രം കേരളതാരങ്ങളുടെ പ്രകടനങ്ങൾ ദേശീയ സെലക്ടർമാരുടെ ശ്രദ്ധയിലെത്തില്ലെന്ന് മനസ്സിലാക്കിയ അന്നത്തെ കെ.സി.എ പ്രസിഡന്റും മുൻ ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായിരുന്ന ടി.സി. മാത്യുവിന്റെ ഇടപെടലാണ് കേരള ക്രിക്കറ്റിന്റെ തലവരമാറ്റുന്നത്. അദ്ദേഹം മറുനാടൻ താരങ്ങൾക്കായി വാതിലുകൾ മലർക്കെ തുറന്നിട്ടു.
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ ലോക ചാമ്പ്യന്മാരാക്കിയ ക്രിക്കറ്റ് പരിശീലകൻ ആസ്ട്രേലിയക്കാരനായ ഡേവ് വാട്ട്മോറിനെ കേരള ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവന്നു. തുച്ഛ ശമ്പളത്തിൽ ഇന്ത്യയിലെ ഒരു പ്രാദേശിക ടീമിന്റെ പരിശീലകനാകാൻ തയാറായ വാട്മോറിന്റെ തീരുമാനം ലോക ക്രിക്കറ്റിനെപ്പോലും ഞെട്ടിച്ചു.
കേരള ക്രിക്കറ്റിലെ പ്രതിഭകളുടെ സമ്പത്ത് തിരിച്ചറിഞ്ഞ വാട്മോർ ഗ്രീൻഫീൽഡിലെ മണ്ണിലിട്ട് കേരള ക്രിക്കറ്റിനെ വളർത്തിയെടുക്കുകയായിരുന്നു. കേരളം പോലൊരു ചെറുടീമിൽ കളിക്കാൻ ലക്ഷങ്ങൾ വാഗ്ദാനം നൽകിയിട്ടും പല മറുനാടൻ താരങ്ങളും വന്നില്ല. ക്വാർട്ടർ ബർത്തുപോലും ഉറപ്പില്ലാത്ത ടീമിൽ കളിച്ചതുകൊണ്ട് പ്രകടനം മെച്ചപ്പെടില്ലെന്നും ദേശീയ സെലക്ടർമാരുടെ ശ്രദ്ധയിൽപെടില്ലെന്നും പറഞ്ഞ് പലരും കേരളത്തിന്റെ ക്ഷണം നിരസിച്ചു.
മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിലേക്ക് നിരന്തരം തഴയപ്പെട്ട മധ്യപ്രദേശ് ഓൾ റൗണ്ടർ ജലജ് സക്സേന മാത്രം കേരളത്തിന് കൈകൊടുത്തു. അനന്തപത്മനാഭനും ശ്രീകുമാരന്‍ നായരും സുനില്‍ ഒയാസിസും ശ്രീശാന്തുമൊക്കെ തെളിച്ച വഴിയില്‍ സഞ്ജുവും ബേസില്‍ തമ്പിയും സചിന് ബേബിയും രോഹൻ പ്രേമും സിജോമോൻ ജോസഫും അടങ്ങുന്ന ചുണക്കുട്ടികള്‍ക്കൊപ്പം മാച്ച് വിന്നറായ സക്സേനയും ചേർന്നതോടെ 2017 മുതൽ കേരളം രഞ്ജിയിൽ കറുത്തകുതിരകളായി.
ഒന്നോ രണ്ടോ പ്രതിഭകളെ ആശ്രയിച്ചിരുന്നിടത്തുനിന്ന് ഒരു ടീമായി കളിക്കാൻ വാട്മോർ കേരളത്തെ പഠിപ്പിച്ചതോടെ 2017ൽ കേരളം ആദ്യമായി രഞ്ജി ട്രോഫിയിൽ ക്വാർട്ടറിൽ കയറി. 2018-19 സീസണിൽ ഗുജറാത്തിനെ അട്ടിമറിച്ച് സെമി ഫൈനലിലേക്ക് കേരളം അടിച്ചുകയറിയതോടെ സഞ്ജു സാംസണിന് പിന്നാലെ കേരളത്തിലെ പല താരങ്ങളും ദേശീയ ശ്രദ്ധനേടി.
വാട്മോർ പടിയിറങ്ങിയതോടെ കേരളത്തിന്റെ കഷ്ടകാലവും തുടങ്ങി. കഴിഞ്ഞ അഞ്ച് വര്‍ഷമായി രഞ്ജിയില്‍ കാര്യമായ നേട്ടം കൊയ്യാതിരുന്ന കേരളം, അമയ് ഖുറാസിയ എന്ന മധ്യപ്രദേശുകാരനായ പരിശീലകന്റെ തന്ത്രങ്ങളിലൂടെയാണ് ഇത്തവണ ചരിത്ര ഫൈനൽ ഉറപ്പിച്ചത്. അതും ഗുജറാത്തിനെ അവരുടെ സ്വന്തം തട്ടകത്തിൽ പൊളിച്ചടുക്കിക്കൊണ്ട്.