രഞ്ജിയിൽ ലീഡ് വഴങ്ങി കേരളം, 371ന് പുറത്ത്; മത്സരം സമനിലയിൽ, പഞ്ചാബിന് മൂന്നു പോയന്‍റ്
text_fieldsരഞ്ജി ട്രോഫി മത്സരത്തിൽനിന്ന്
ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം-പഞ്ചാബ് മത്സരം സമനിലയിൽ. കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് 371 റൺസിൽ അവസാനിച്ചു. 65 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ പഞ്ചാബിന് മൂന്നു പോയന്‍റ് ലഭിച്ചു. കേരളത്തിന് ഒരു പോയന്‍റും. അവസാന ദിനമായ ചൊവ്വാഴ്ച രണ്ടാം ഇന്നിങ്സിൽ പഞ്ചാബ് വിക്കറ്റ് പോകാതെ 15 റൺസെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.
സ്കോർ: പഞ്ചാബ് ഒന്നാം ഇന്നിങ്സ് - 436, രണ്ടാം ഇന്നിങ്സ് -15/0, കേരളം ഒന്നാം ഇന്നിങ്സ് - 371. പഞ്ചാബിന് വേണ്ടി ഒന്നാം ഇന്നിങ്സിൽ 170 റൺസെടുത്ത ഹർനൂർ സിങ്ങാണ് കളിയിലെ താരം. സീസണിൽ ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയോട് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയാണ് കേരളം സമനിലയിൽ പിരിഞ്ഞത്. രണ്ടു മത്സരങ്ങളിൽനിന്ന് കേരളത്തിന് രണ്ടു പോയന്‍റ് മാത്രം. ആറിന് 247 റൺസെന്ന നിലയിലാണ് സന്ദർശകർ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ബാബാ അപരാജിതും അഹ്മദ് ഇംറാനുമായിരുന്നു ക്രീസിൽ. സ്കോർ ബോർഡിൽ 20 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അർധ സെഞ്ച്വറി നേടിയ അപരാജിതിനെ കേരളത്തിന് നഷ്ടമായി. 74 പന്തിൽ ഏഴു ഫോറടക്കം 51 റൺസെടുത്ത താരത്തെ ആയുഷ് ഗോയൽ ക്ലീൻ ബൗൾഡാക്കി. എട്ടാം വിക്കറ്റിൽ ഷോൺ റോജറെ കൂട്ടുപിടിച്ച് ഇംറാൻ ടീം സ്കോർ 300 കടത്തി. ഇരുവരും ക്രീസിൽ നിലയുറപ്പിച്ചത് കേരളത്തിന് പ്രതീക്ഷ നൽകി.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഏഴ് വിക്കറ്റിന് 323 റൺസെന്ന നിലയിലായിരുന്നു കേരളം. എന്നാൽ ഇടവേളക്കുശേഷം മത്സരം പുനരാരംഭിച്ചതും അധികം വൈകാതെ ഷോൺ റോജർ പുറത്ത്. 106 പന്തിൽ 27 റൺസെടുത്ത റോജർ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് പുറത്തായത്. ഈ കൂട്ടുകെട്ട് പൊളിച്ചതും ആയുഷ് ഗോയലാണ്. എട്ടാം വിക്കറ്റിൽ 78 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. കേരളത്തിന്റെ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതായിരുന്നു. 15 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിന് ഇംറാന്‍റെ വിക്കറ്റും നഷ്ടമായി. 178 പന്തിൽ 10 ഫോറടക്കം 86 റൺസെടുത്ത ഇംറാൻ കൃഷ് ഭഗതിന്റെ പന്തിൽ സലീൽ അറോറക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്.
കേരളത്തിന്‍റെ ടോപ് സ്കോററും ഇംറാനായിരുന്നു. നിധീഷ് അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സ് 371ന് അവസാനിച്ചു. കൃഷ് ഭഗത്തിന്‍റെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. അക്ഷയ് ചന്ദ്രൻ 13 റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി കൃഷ് ഭഗത് 22.4 ഓവറിൽ 52 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. ആയുഷ് ഗോയൽ, നമൻ ധീർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മൂന്നാം ദിനം ഒരു വിക്കറ്റിന് 15 റൺസെന്ന നിലയിൽ കളി തുടങ്ങിയ കേരളത്തിന് വത്സൽ ഗോവിന്ദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 106 പന്തുകളിൽനിന്ന് 18 റൺസുമായാണ് വത്സൽ മടങ്ങിയത്. തുടർന്നെത്തിയ രോഹൻ കുന്നുമ്മലും അങ്കിത് ശർമയും ചേർന്ന് നാലാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. മത്സരത്തിൽ കേരളത്തിന്റെ മികച്ച കൂട്ടുകെട്ടും ഇത് തന്നെയായിരുന്നു. അങ്കിതിനെ പുറത്താക്കി രമൺദീപ് സിങ്ങാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. വളരെ കരുതലോടെ ബാറ്റ് വീശിയ അങ്കിത് ശർമ 152 പന്തുകൾ നേരിട്ട് 62 റൺസുമായാണ് മടങ്ങിയത്.
ചായക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് കേരളത്തിന് രോഹൻ കുന്നുമ്മലിനെയും നഷ്ടമായി. 43 റൺസെടുത്ത രോഹൻ, മായങ്ക് മാർക്കണ്ഡെയുടെ പന്തിൽ സലിൽ അറോറ ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും അധികം പിടിച്ചുനിൽക്കാനായില്ല. 13 റൺസെടുത്ത അസറുദ്ദീൻ ക്രിഷ് ഭഗതിന്റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങിയാണ് പുറത്തായത്. 36 റൺസെടുത്ത സച്ചിൻ ബേബിയെ നമൻ ധീറും മടക്കി. നവംബർ ഒന്നിന് തിരുവനന്തപുരത്ത് കരുത്തരായ കർണാടകക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.


