കെ.സി.എൽ; അഖിലം സ്റ്റാർസ്
text_fieldsകാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് താരം അഖില് സ്കറിയയുടെ ബാറ്റിങ്
തിരുവനന്തപുരം: അടിച്ച് പഞ്ഞിക്കിടുക എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. ഒടുവിൽ ട്രിവാൻഡ്രം റോയൽസ് അത് അനുഭവിച്ചറിഞ്ഞു. ഒരുമയവും ഉണ്ടായിരുന്നില്ല. കൊല്ലത്തിനോടും തൃശൂർ ടൈറ്റൻസിനോടും തോറ്റതിന്റെ കലിപ്പ് അഖിൽ സ്കറിയയും സൽമാൻ നിസാറും ചേർന്നങ്ങ് തീർത്തപ്പോൾ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിന് ആദ്യ ജയം. റോയൽസിനെ ഏഴു വിക്കറ്റിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അഖിൽ സ്കറിയ (32 പന്തിൽ 68*), സൽമാൻ നിസാർ (34 പന്തിൽ 51*) എന്നിവരുടെ അർധ സെഞ്ച്വറികളാണ് കോഴിക്കോടിന്റെ സുൽത്താന്മാർക്ക് വിജയവഴിയൊരുക്കിയത്.
ടോസ് നേടിയ കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ട്രിവാൻഡ്രത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കാലിക്കറ്റ് ബൗളർമാരെ കരുതലോടെ നേരിട്ട ക്യാപ്റ്റൻ കൃഷ്ണപ്രസാദും വിക്കറ്റ് കീപ്പർ സുബിനും മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ, അഞ്ചാം ഓവറിൽ രോഹൻ തന്റെ ബ്രഹ്മാസ്ത്രമായ അഖിൽ സ്കറിയയെ പന്തേൽപിച്ചതോടെ ഓപണിങ് സംഖ്യം തകർന്നു. മൂന്ന് സിക്സുമായി കാലിക്കറ്റിന്റെ പാളയത്തിലേക്ക് ഇടിച്ചുകയറിയ സുബിനെ (23) കീപ്പർ സച്ചിൻ സുരേഷിന്റെ കൈകളിലെത്തിച്ച് അഖിൽ ‘മലബാറി ഗ്യാങ്’സിന് ആദ്യ ബ്രേക്ക് ത്രൂ നൽകി.
സ്കോർ 66ൽ നിൽക്കെ റിയ ബഷീറിന്റെ (13) കുറ്റി മനു കൃഷ്ണൻ പിഴുതെടുത്തു. തൊട്ടുപിന്നാലെ വൈസ് ക്യാപ്റ്റൻ ഗോവിന്ദ് പൈയും (നാല്) മടങ്ങിയതോടെ റോയൽസിന്റെ പടക്കപ്പൽ ആടിയുലഞ്ഞു. എന്നാൽ, മറുവശത്ത് കാലിക്കറ്റിന്റെ ബൗളേഴ്സിനെ ധീരതയോടെ നേരിട്ട നായകൻ കൃഷ്ണപ്രസാദിന്റെ (54 പന്തിൽ 78) ഒറ്റയാൾ പോരാട്ടമാണ് പൊരുതാവുന്ന സ്കോറിലേക്ക് റോയൽസിനെ എത്തിച്ചത്. അബ്ദുൽ ബാസിത്ത് 24 റൺസെടുത്ത് പുറത്തായി. നാല് ഓവറിൽ 32 റൺസ് വഴങ്ങി അഖിൽ മൂന്ന് വിക്കറ്റെടുത്തു. മോനു കൃഷ്ണ രണ്ടും മനു കൃഷ്ണൻ ഒരു വിക്കറ്റുമെടുത്തു.
174 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ കാലിക്കറ്റിന് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെ (12) നഷ്ടമായി. വിനിലിന്റെ മനോഹരമായ പന്ത് വിക്കറ്റിലേക്ക് വീഴുന്നത് നോക്കിനിൽക്കാനേ നായകന് കഴിഞ്ഞുള്ളൂ. രോഹൻ മടങ്ങിയതോടെ കാലിക്കറ്റിന്റെ ബാറ്റിങ് നിരയെ റോയൽസ് വരിഞ്ഞ്മുറുക്കുകയായിരുന്നു. അജിനാസ് (അഞ്ച്), സച്ചിൻ സുരേഷ് (28) എന്നിവർ മടങ്ങിയതോടെ 10 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 68 എന്ന നിലയിലായിരുന്നു കൊല്ലം.
തുടർന്ന് ക്രീസിൽ ഒത്തുചേർന്ന അഖിൽ സ്കറിയയും സൽമാൻ നിസാറും റോയൽസിന്റെ ബൗളർമാരെ അടിച്ച് തരിപ്പണമാക്കി. ടീം സ്കോർ 70ൽ നിൽക്കെ ഒരു റൺസുമായി നിന്ന സൽമാനെ നിഖിലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സുബിനും 112ൽ നിൽക്കെ ബേസിൽ തമ്പിയുടെ പന്തിൽ ബൗണ്ടറിക്കരികിൽ അബ്ദുൽ ബാസിത്തും വിട്ടുകളഞ്ഞത് തിരുവനന്തപുരത്തിന് തിരിച്ചടിയായി. അവസാന 54 പന്തിൽ 106 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ആറ് സിക്സുകളും മൂന്ന് ബൗണ്ടറികളുമടങ്ങുന്നതായിരുന്നു അഖിലിന്റെ ഇന്നിങ്സ്. അഖിൽ സ്കറിയയാണ് കളിയിലെ താരം.