ഏത് മൂഡ് റൺ മൂഡ്; കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം
text_fieldsകേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ടീം ക്യാപ്റ്റൻമാരായ സാലി സാംസൺ, കൃഷ്ണപ്രസാദ്, സച്ചിൻ ബേബി, രോഹൻ
കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, സിജോ മോൻ ജോസഫ് എന്നിവർ ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ
തിരുവനന്തപുരം: ആറ് ടീമുകൾ, 33 മത്സരങ്ങൾ... കേരളത്തിന്റെ ക്രിക്കറ്റ് ആരവങ്ങളുടെ നാട്ടങ്കമായ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് വ്യാഴാഴ്ച ആവേശത്തുടക്കം. ഗാലറിയിലെ കാതടിപ്പിക്കുന്ന ആരവങ്ങളിൽ വാശിയേറിയ കൊമ്പുകോർക്കലുകളുടെ മാമാങ്കത്തിനാണ് ഇനിയുള്ള ദിനരാത്രങ്ങൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുക. ഉശിരൻ പോരാട്ടങ്ങൾക്കൊപ്പം പുത്തൻ താരോദയങ്ങൾക്കുമായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ.
ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് എന്നിവയാണ് മാറ്റുരക്കുന്ന ടീമുകൾ. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കൊല്ലവും കാലിക്കറ്റുമാണ് വ്യാഴാഴ്ച ഉച്ചക്ക് 2.30നുള്ള ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. കളിക്ക് ശേഷം ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറും. തുടർന്ന് 7.45ന് ട്രിവാൻഡ്രവും കൊച്ചിയും തമ്മിൽ രണ്ടാം മത്സരം നടക്കും. റണ്ണൊഴുകുന്ന പിച്ചിൽ കൂറ്റൻ സ്കോറുകൾ പ്രതീക്ഷിക്കാമെന്നാണ് പരിശീലന മത്സരം നൽകുന്ന സൂചന.
ഓരോ ദിവസവും രണ്ട് മത്സരങ്ങൾ വീതമാണുള്ളത്. ആദ്യ ദിനമൊഴികെ മറ്റെല്ലാ ദിവസവും വൈകീട്ട് 6.45നാണ് രണ്ടാം മത്സരം. ലീഗ് ഘട്ടത്തിൽ ഓരോ ടീമും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. കൂടുതൽ പോയന്റുള്ള നാല് ടീമുകൾ സെമിയിലേക്ക് മുന്നേറും. സെപ്റ്റംബർ അഞ്ചിനാണ് സെമി ഫൈനൽ മത്സരങ്ങൾ. ഏഴിന് ഫൈനൽ പോരാട്ടവും അരങ്ങേറും.
കഴിഞ്ഞ സീസണിലെ കരുത്തരെ നിലനിർത്തിയും വിഷ്ണു വിനോദിനെയും എം.എസ്. അഖിലിനെയും പോലുള്ള പുതിയ താരങ്ങളെ ഉൾപ്പെടുത്തിയും കൂടുതൽ കരുത്തോടെയാണ് കൊല്ലം സെയിലേഴ്സ് ഇത്തവണ ടൂർണമെന്റിനെത്തുന്നത്. ക്യാപ്റ്റൻ സച്ചിൻ ബേബിയും ഷറഫുദ്ദീനും അഭിഷേക് ജെ. നായരും വത്സൽ ഗോവിന്ദും ബിജു നാരായണനും തുടങ്ങി പ്രതിഭകളുടെ നീണ്ട നിര തന്നെ കൊല്ലം ടീമിലുണ്ട്. മറുവശത്ത് കാലിക്കറ്റും കരുത്തരാണ്. രോഹൻ കുന്നുമ്മൽ നയിക്കുന്ന ടീമിൽ സൽമാൻ നിസാർ, അഖിൽ സ്കറിയ, അൻഫൽ പള്ളം തുടങ്ങിയവരാണ് ശ്രദ്ധേയ താരങ്ങൾ.
രണ്ടാം മത്സത്തിൽ ഏറ്റുമുട്ടുന്ന ട്രിവാൻഡ്രവും കൊച്ചിയും ഒപ്പത്തിനൊപ്പം നിൽക്കുന്ന ടീമുകളാണ്. സാലി വിശ്വനാഥ് നയിക്കുന്ന കൊച്ചിയുടെ പ്രധാന കരുത്ത് സഞ്ജു സാംസന്റെ സാന്നിധ്യം തന്നെ. ടൂർണമെന്റിന് മുന്നോടിയായുള്ള പ്രദർശന മത്സരത്തിലൂടെ താൻ ഫോമിലാണെന്ന് സഞ്ജു വ്യക്തമാക്കിക്കഴിഞ്ഞു.
കൃഷ്ണപ്രസാദ് എന്ന പുതിയ ക്യാപ്റ്റന് കീഴിലാണ് ഇത്തവണ ട്രിവാൻഡ്രം റോയൽസിന്റെ വരവ്. അബ്ദുൽ ബാസിത്, ഗോവിന്ദ് പൈ, എസ്. സുബിൻ, റിയ ബഷീർ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് റോയൽസിന്റേത്. ബേസിൽ തമ്പിയുടെയും വി. അജിത്തിന്റെയും വരവോടെ ബൗളിങ് നിരയും ശക്തം. ആദ്യ സീസണെ അപേക്ഷിച്ച് കൂടുതൽ തയാറെടുപ്പുകളോടെയും പുതുമകളോടെയുമാണ് രണ്ടാം സീസൺ എത്തുന്നത്. അമ്പയർമാരുടെ തീരുമാനം പുനപരിശോധിക്കാനുള്ള ഡി.ആർ.എസ് സംവിധാനം ഇത്തവണ കെ.സി.എല്ലിലുണ്ട്.
ആവനാഴിയിലുണ്ട്, ആവോളം ആത്മവിശ്വാസം....
ക്യാപ്റ്റൻമാർ പറയുന്നു...
തിരുവനന്തപുരം: ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ വെടിക്കെട്ട് പ്രകടനങ്ങളെ ആശ്രയിച്ചായിരിക്കും ഈ സീസണിൽ ടീമുകളുടെ വിജയമെന്ന് ടീം ക്യാപ്റ്റന്മാർ. മഴ മാറിനിന്നാൽ ആവേശകരമായ മത്സരങ്ങൾക്ക് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. കെ.സി.എൽ സീസൺ -2 ന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നായകർ നിലപാട് വ്യക്തമാക്കിയത്.
ഓൾ റൗണ്ട് പ്രകടനങ്ങൾ ടീമുകൾക്ക് നിർണായകമാകുമെന്നും എല്ലാ ടീമുകളും തുല്യശക്തികളായതുകൊണ്ട് പ്രവചനാതീതമായിരിക്കും ഓരോ മത്സരവുമെന്നും ക്യാപ്റ്റന്മാർ പറഞ്ഞു. സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്യുന്നതിനാൽ കെ.സി.എൽ മത്സരങ്ങൾ രാജ്യം മുഴുവൻ ചർച്ചയാകുമെന്ന പ്രതീക്ഷയും കാപ്റ്റൻമാർ പങ്കുവെച്ചു. ഇന്ത്യൻ ടീമിലേക്ക് ഉൾപ്പെടെ വഴിതുറക്കാൻ കെ.സി.എൽ സഹായിക്കുമെന്ന് താരങ്ങളുടെ കണക്കുകൂട്ടൽ.
സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയിലേഴ്സ്)
ആദ്യസീസണിലെ ജേതാക്കളായ കൊല്ലത്തിന് കൂടുതൽ കരുത്ത് പകരുന്നത് മികച്ച സ്പിന്നർമാരായിരിക്കുമെന്ന് സച്ചിൻബേബി. വലിയ ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുന്നത്. അതുകൊണ്ടു തന്നെ എല്ലാവർക്കും ഉത്തരവാദിത്തവുമുണ്ട്. എല്ലാ ടീമുകളും കഴിഞ്ഞ തവണ തങ്ങൾക്ക് പറ്റിയ പിഴവുകളൊക്കെ തിരുത്തിയാണ് എത്തുന്നത്. ഓരോ ടീമും മികച്ച ഹോംവർക്കും ചെയ്തിട്ടുണ്ട്. ഫലത്തിൽ ഒട്ടും ഈസി അല്ല. അല്പം കഠിനമായി തന്നെ കളിക്കണം. ടീമിലെ 12 പേരും കഴിഞ്ഞ തവണ കളിച്ചവർ തന്നെയാണ്. നല്ല ബോണ്ടിങ്ങുമുണ്ട്. ഓപ്പണിങ്ങിലും മിഡിൽ ഓർഡറിലും ബാറ്ററുടെ അഭാവുമുണ്ടായിരുന്നു. വിഷ്ണുവിനെയും അഖിൽ എം.എസിനെയും കിട്ടിയതോടെ അത് പരിഹരിക്കപ്പെട്ടു.
സിജോ മോൻ ജോസഫ് (തൃശൂർ ടൈറ്റൻസ്)
കളിയുടെ ഗതിയെ തിരിച്ചു വിടാൻ പ്രാപ്തിയുള്ള ടീമാണ് തൃശൂർ ടൈറ്റൻസ്. മികച്ച ബൗളിങ് നിരയും ഇത്തവണ ടീമിന് കൂടുതൽ കരുത്തുപകരും. കഴിഞ്ഞ തവണയുള്ള കളിക്കാരെ പൂർണമായും മാറ്റിയാണ് ഇക്കുറി ടീം സജ്ജമാക്കിയിരിക്കുന്നത്. എല്ലാ ഡിപ്പാർട്ട്മെന്റും കവർ ചെയ്താണ് ടീം സെലക്ഷൻ. പരിചയ സമ്പന്നരായ ബൗളർമാരുണ്ട്. ഇപ്പോൾ കിട്ടിയ കളിക്കാരിൽ പൂർണ ആത്മവിശ്വാസമുണ്ട്. മറ്റ് ടീമംഗങ്ങളുമായി നല്ല സൗഹൃദം തന്നെയാണ്. ഓഫ് ദി ഫീൽഡിൽ കളിയും തമാശയുമൊക്കെയുണ്ടാകും. എന്നാൽ ഗ്രൗണ്ടിലിറങ്ങുമ്പോൾ കാര്യങ്ങൾ മാറും.
കൃഷ്ണപ്രസാദ് (ട്രിവാൻഡ്രം റോയൽസ്)
എല്ലാ അർഥത്തിലും ഒരു ബാലൻസിങ് ടീമായിട്ടാണ് ഇത്തവണ ട്രിവാൻഡ്രം റോയൽസ് എത്തുന്നത്. ബാറ്റിങ്ങിനൊപ്പം തന്നെ മികച്ച ബൗളിങ് നിരയും ടീമിന്റെ ശക്തിയാണ്. വർഷങ്ങളായി ഒരുമിച്ച് കളിക്കുന്നവർ ടീമിലുണ്ട്. സമ്മർദ്ദത്തെക്കാൾ ആകാംക്ഷയാണ് മനസ്സിലുള്ളത്. എല്ലാ ഡിപ്പാർട്ട്മെന്റിൽ നിന്നും മികച്ച പങ്കാളിത്തമാണ് ടീമിൽ.
രോഹൻ കുന്നുമ്മൽ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്)
കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യം. സമ്മർദ്ദം എങ്ങനെ ഹാൻഡിൽ ചെയ്യുന്നു എന്നതാണ് വിജയത്തെ നിർണയിക്കുന്നത്. എല്ലാവരും നല്ല തയ്യാറെടുപ്പിലാണ്. നല്ല വാശിയിലാണ് എല്ലാ ടീമും ഇറങ്ങുന്നത്. നമ്മുടെ ശക്തിയിൽ വിശ്വാസമർപ്പിച്ച് ചെയ്യാനുള്ളതെല്ലാം ചെയ്യും. എല്ലാ ടീമും ‘വെൽ ബാലൻസ്ഡ്’ ആണ്.
സാലി സാംസൺ (കൊച്ചി ബ്ലൂ ടൈഗേഴ്സ്)
സഹോദരൻ സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും എല്ലാവർക്കും തുല്യ ഉത്തരവാദിത്തമാണ്. ഒന്നിച്ച് കളിക്കാനായി എന്നത് അനുഗ്രഹമായി കാണുന്നു. സഞ്ജു എത്ര മത്സരത്തിൽ കളിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. ടീമിൽ വലിയ ആത്മവിശ്വാസമുണ്ട്. ഒരു ടീമും മോശമല്ല. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ മികച്ച കളിക്കാരുമായിട്ടാണ് ഓരോ ടീമും എത്തുന്നത്.
മുഹമ്മദ് അസ്ഹറുദ്ദീൻ (ആലപ്പി റിപ്പിൾസ്)
ഓൾ റൗണ്ട് പ്രകടനം കാഴ്ച്ച വെയ്ക്കാൻ കരുത്തുള്ള ടീമാണ് ആലപ്പി റിപ്പിൾസ്. കഴിഞ്ഞ തവണത്തെ പോരായ്മകൾ എല്ലാം പരിഹരിച്ചാണ് ഇത്തവണ ടീമിറങ്ങുന്നത്. കഴിഞ്ഞവട്ടം നന്നായി സ്റ്റാർട്ട് ചെയ്തെങ്കിലും ഒരു ഘട്ടമെത്തിയപ്പോൾ സമ്മർദ്ദങ്ങളുണ്ടായി. ഇത്തരം സമ്മർദ്ദഘട്ടങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നവരാണ് മുന്നോട്ടുപാവുക. സമ്മർദ്ദം പ്രശ്നമായതാണ് കഴിഞ്ഞ തവണ ടീമിനെ ബാധിച്ചത്. ഇപ്പോഴുള്ള ടീമിൽ കൂടുതൽ പേരും ഓൾ റൗണ്ടർമാരാണ്. അതാണ് ടീമിന്റെ കരുത്തും.