കേരള ക്രിക്കറ്റ് ലീഗ് ആദ്യ സീസൺ; ഇക്കൊല്ലവും പൊളി
text_fieldsതിരുവനന്തപുരം: ‘‘എട മോനെ, കൊല്ലം പൊളിയല്ലേ...’’ എന്ന മുദ്രാവാക്യവുമായാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ കൊല്ലം സെയിലേഴ്സ് കളത്തിലിറങ്ങിയത്. ഗ്രൂപ് റൗണ്ടിൽ തന്നെ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് എതിരാളികളെ ബോധ്യപ്പെടുത്തി 10 കളികളിൽ എട്ടിലും ജയം. ഒടുവിൽ സെമിയിലും ഫൈനലിലും നായകൻ സച്ചിൻ ബേബി ബാറ്റുകൊണ്ട് കൊല്ലത്തിന്റെ പടക്കപ്പൽ നയിച്ചപ്പോൾ പ്രവചനങ്ങൾ കാറ്റിൽപറത്തി കപ്പുമായി പോയ സംഘമാണ് ഈ കപ്പിത്താന്മാരുടേത്.
ഇക്കൊല്ലവും സച്ചിൻ ബേബി തന്നെയാണ് കൊല്ലത്തിന്റെ നായകൻ. രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും അടക്കം 528 റൺസുമായി സച്ചിനായിരുന്നു ആദ്യ സീസണിലെ ടോപ് സ്കോറർ. കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിനെതിരെ ഫൈനലിലെ സച്ചിന്റെ വെട്ടിക്കെട്ട് പ്രകടനം (54 പന്തിൽ പുറത്താകാതെ 105) അത്ര പെട്ടെന്നൊന്നും എതിരാളികളും ക്രിക്കറ്റ് ആരാധകരും മറക്കില്ല. അതുകൊണ്ടുതന്നെ സച്ചിനുൾപ്പെടെ ആദ്യ സീസണിലെ 11 താരങ്ങളെയും രണ്ടാം സീസണിലും നിലനിർത്തിയാണ് കൊല്ലത്തിന്റെ വരവ്. സച്ചിൻ ബേബി, എൻ.എം. ഷറഫുദ്ദീൻ, ബിജു നാരായണൻ, അഭിഷേക് ജെ. നായർ എന്നിവരെയാണ് ലേലത്തിന് മുമ്പ് ടീമിൽ നിലനിർത്തിയത്. ഒപ്പം ലേലത്തിലൂടെ വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദിനെയും ഓൾ റൗണ്ടർ എം.എസ്. അഖിലിനെയും സ്വന്തമാക്കിയതോടെ എതിരാളികളുടെ ഉറക്കംകെടുത്തുന്ന സ്വപ്നമായി ഈ ‘ഡെയ്ഞ്ചർ ടീം’ മാറിക്കഴിഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിലെ ‘ആറ്റംബോംബു’കളിൽ ഒന്നായ വിഷ്ണു വിനോദിനെ 12.80 ലക്ഷത്തിന് ടീമിലെത്തിക്കാനായത് കൊല്ലത്തിന്റെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. ആദ്യ സീസണിൽ 11 മത്സരങ്ങളിൽനിന്ന് 458 റൺസാണ് വിഷ്ണു അടിച്ചുകൂട്ടിയത്. സീസണിലെ കൂടുതൽ സിക്സുകളും വിഷ്ണുവിന്റെ ബാറ്റിൽനിന്നായിരുന്നു-38 എണ്ണം. ആലപ്പി റിപ്പിൾസിനെതിരെ കഴിഞ്ഞ സീസണിൽ 45 പന്തിൽനിന്ന് 139 റൺസ് അടിച്ച വിഷ്ണുവിന്റെ പേരിലാണ് കെ.സി.എല്ലിലെ അതിവേഗ സെഞ്ച്വറിയും. ഈ സീസണിലെ ആദ്യ സൗഹൃദ മത്സരത്തിലും അർധസെഞ്ച്വറി നേടി (29 പന്തിൽ 69) ഫോമിലാണെന്ന് വിഷ്ണു തെളിയിച്ചിട്ടുണ്ട്. വിഷ്ണുവിന് പിന്നാലെ അഭിഷേക് ജെ. നായരും വത്സൽ ഗോവിന്ദും കൂടി ബാറ്റെടുക്കുമ്പോൾ പേടിക്കാനൊന്നുമില്ലെന്ന നിലപാടിലാണ് ടീം.
ബൗളിങ്ങിലും പഴയ മുഖങ്ങൾ തന്നെയാണ് ഏറെയും. 19 വിക്കറ്റുമായി ഷറഫുദ്ദീനും 17 വിക്കറ്റുമായി ബിജു നാരായണനുമായിരുന്നു ടീമിന്റെ പ്രധാന വിക്കറ്റ് വേട്ടക്കാർ. ഇരുവരും തന്നെയാണ് ഇത്തവണയും ബൗളിങ് നിരയെ നയിക്കുക. പവൻരാജ്, വിജയ് വിശ്വനാഥ് എന്നിവരെ ലേലത്തിലൂടെ വീണ്ടും സ്വന്തമാക്കിയപ്പോൾ ഏദൻ ആപ്പിൾ ടോം, ജോസ് പെരയിൽ തുടങ്ങിയവരെ പുതുതായി ടീമിലെത്തിക്കാനുമായി. ഷറഫുദ്ദീനും എം.എസ്. അഖിലുമാണ് ടീമിന്റെ ഓൾ റൗണ്ട് കരുത്ത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും പിച്ച് ഭരിക്കുന്ന എറണാകുളം സ്വദേശി അഖിലിനെ ആദ്യ സീസണിൽ ട്രിവാൻഡ്രം റോയൽസ് 7.4 ലക്ഷം രൂപക്കാണ് സ്വന്തമാക്കിയിരുന്നത്.
സീസണിലെ ഏറ്റവും വിലകൂടിയ താരവും അഖിലായിരുന്നു. എന്നാൽ, വിലക്കൊത്ത പ്രകടനം ടീമിനായി കാഴ്ചവെക്കാൻ കഴിയാതെ വന്നതോടെ റോയൽസ് താരത്തെ കൈവിട്ടപ്പോൾ പൊന്നുംവിലക്കാണ് (8.40 ലക്ഷം) കൊല്ലം ഏറ്റെടുത്തത്. കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരാക്കിയ കോച്ച് വി.എ. ജഗദീഷ് കെ.സി.എ സെലക്ടറായതിനാൽ ഇപ്പോൾ ടീമിനൊപ്പമില്ല. മോനിഷ് സതീഷാണ് ഈ സീസണിൽ കൊല്ലത്തിന്റെ ആശാൻ. സംവിധായകനും നിർമാതാവും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സോഹൻ റോയിയാണ് ടീം ഉടമ.
കൊല്ലം സെയിലേഴ്സ് സ്ക്വാഡ്
സച്ചിൻ ബേബി (ക്യാപ്റ്റൻ), എൻ.എം. ഷറഫുദ്ദീൻ, വിഷ്ണു വിനോദ്, വത്സൽ ഗോവിന്ദ്, അഭിഷേക് ജെ. നായർ, എം.എസ്. അഖിൽ, ബിജു നാരായണൻ, വിജയ് വിശ്വനാഥ്, രാഹുൽ ശർമ, അതുൽജിത് അനു, എ.ജി. അമൽ, ആഷിക് മുഹമ്മദ്, പി.എസ്. സച്ചിൻ, എൻ.എസ്. അജയ്ഘോഷ്, പവൻ രാജ്, ജോസ് പെരയിൽ, ഏദൻ ആപ്പിൾ ടോം, ഭരത് സൂര്യ
- ‘‘വിഷ്ണു വിനോദിന്റെയും എം.എസ്. അഖിലിന്റെയും വരവോടുകൂടി കഴിഞ്ഞ വർഷത്തെക്കാളും ടീം സ്ട്രോങ്ങായിക്കഴിഞ്ഞു. ബൗളർമാരും ഓൾ റൗണ്ടർമാരുമടക്കം എല്ലാവരും ഫോമിലാണ്. അതുകൊണ്ടുതന്നെ ഇത്തവണ ഞങ്ങൾ സമ്മർദമില്ലാതെയാണ് കളിക്കുന്നത്. കളികൾ ആസ്വദിക്കുക, എല്ലാവരും അവരുടെ മികച്ചത് ടീമിനായി കൊടുക്കുക. ഇതാണ് ക്യാപ്റ്റൻ സച്ചിൻ ബേബി ടീമിന് കൊടുത്തിരിക്കുന്ന ഉപദേശം. ചാമ്പ്യന്മാരെപ്പോലെ തന്നെയാകും ഞങ്ങൾ കളിക്കുക.’’ മോനിഷ് സതീഷ് (മുഖ്യപരിശീലകൻ)