കേരള ക്രിക്കറ്റ് ലീഗ്: ആലപ്പിയെ രണ്ട് റൺസിന് മലർത്തിയടിച്ച് കൊല്ലം
text_fieldsതിരുവനന്തപുരം: താളം കൈവിടാതെ ആവേശം ചോരാതെ ആർപ്പോ വിളിച്ച് വിജയത്തിലേക്ക് തുഴഞ്ഞ ആലപ്പുഴയുടെ ‘റിപ്പിൾസ് ചുണ്ടനെ’ ഗ്രീൻഫീൽഡിലെ ഓളപ്പരപ്പിൽ മുക്കി കൊല്ലം സെയിലേഴ്സിന് ത്രസിപ്പിക്കുന്ന വിജയം. അവസാന പന്തുവരെ ചങ്കിടിച്ച പോരാട്ടത്തിൽ ആലപ്പി റിപ്പിൾസിനെ രണ്ടുറൺസിന് തകർത്താണ് സച്ചിൻ ബേബിയും കൂട്ടരും സെമി ഫൈനലിലേക്കുള്ള ടിക്കറ്റിന് അരികിലേക്ക് എത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തപ്പോൾ മറുപടിയുമായി ഇറങ്ങിയ ആലപ്പുഴക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ടോസ് ഭാഗ്യം ലഭിച്ച ആലപ്പി നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ കൊല്ലത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഭിഷേക് നായരും അരുൺ പൗലോസും മികച്ച തുടക്കമാണ് നൽകിയത്. 26 റണ്‍സെടുത്ത അഭിഷേകിനെ വിക്കറ്റിന് മുന്നിൽ കുരുക്കി വിശ്വേശ്വര്‍ സുരേഷാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. അരുണിനെ (17) അക്ഷയ് ചന്ദ്രന്‍റെ കൈകളിലെത്തിച്ച് വിശ്വേശ്വർ തന്‍റെ വിശ്വരൂപം പുറത്തെടുത്തു. പിന്നാലെ വത്സൽ ഗോവിന്ദും (4) വീണതോടെ പടക്കപ്പലിന്‍റെ നിയന്ത്രണം സച്ചിൻ ബേബി നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. അര്‍ധ സെഞ്ചുറിനേടിയ സച്ചിന്‍ ബേബി (33 പന്തില്‍ 55) ആനന്ദ് ജോസഫിന്‍റെ പന്തിൽ കൃഷ്ണപ്രസാദിന് ക്യാച്ച് നൽകി മടങ്ങി. അർജുനെ(11*) കൂട്ടുപിടിച്ച് രാഹുൽ (40*) നടത്തിയ രക്ഷാപ്രവർത്തനമാണ് കൊല്ലത്തെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.
ആലപ്പിക്ക് അസ്ഹറുദ്ദീനും കൃഷ്ണപ്രദാസും ചേർന്ന് സ്ഫോടനാത്മക തുടക്കമാണ് നൽകിയത്. ഇരുവരും ചേര്‍ന്ന് ആറ് ഓവറില്‍ സ്‌കോര്‍ 50 കടത്തി. സ്‌കോര്‍ 68ലെത്തിയപ്പോള്‍ കൃഷ്ണപ്രസാദിന്‍റെ (28) വിക്കറ്റ് നഷ്ടമായി. വിനൂപ് മനോഹരനെ(36) ഒപ്പം നിർത്തി ബൗളർമാരെ അടിച്ചകറ്റി അസ്ഹറുദ്ദീൻ. ഒരുഘട്ടത്തിൽ ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ 36 പന്തിൽ വിജയിക്കാൻ 41 റൺസ് മാത്രം മതിയായിരുന്നു റിപ്പിൾസിന്. ബിജു നാരായണന്‍റെ പന്തിൽ അസ്ഹറുദ്ദീൻ (56) വീണത് കളിയുടെ വഴിത്തിരിവായി. പിന്നാലെ വന്നവരുടെ ‘തൂക്കിയടി’ ഗ്രൗണ്ടിനുള്ളിൽ പാറിക്കളിച്ചതോടെ 121/1 എന്ന നിലയിൽനിന്ന് ആലപ്പുഴ 141/ 7 എന്ന നിലയിലായി. അവസാന ഓവറിൽ വിജയിക്കാൻ 11 റൺസായിരുന്നു ആലപ്പുഴക്ക് വേണ്ടിയിരുന്നത്. കെ.എം. ആസിഫിന്‍റെ മൂന്നാം പന്ത് സിക്സടിച്ച് ഫൈസല്‍ ഫാനൂസ് പ്രതീക്ഷ നൽകി.
അവസാന പന്തില്‍ വിജയിക്കാന്‍ മൂന്നു റണ്‍സ് വേണ്ടിയിരുന്നിടത്ത് ആസിഫിന്‍റെ പന്ത് സ്ക്വയറിലേക്ക് ഉയർത്തി അടിച്ച നീൽ സണ്ണിയെ മിഥുൻ പറന്ന് പിടിച്ചതോടെ ലീഗിലെ അഞ്ചാം ജയം കൊല്ലം അക്കൗണ്ടിൽ എഴുതിച്ചേർക്കുകയായിരുന്നു. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് സ്വന്തമാക്കിയ കൊല്ലത്തിന്‍റെ ബിജു നാരായണനാണ് കളിയിലെ താരം.


