കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് നാളെ കൊടിയേറ്റം
text_fieldsതിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് വ്യാഴാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമാകും. 21ന് ഉച്ചക്ക് മൂന്നിന് നിലവിലെ ചാമ്പ്യന്മാരായ സച്ചിൻ ബേബിയുടെ കൊല്ലം സെയ്ലേഴ്സും റണ്ണർ അപ്പായ രോഹൻ കുന്നുമ്മലിന്റെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യ സീസണിൽ ലീഗിലെ രണ്ട് മത്സരത്തിലും ഫൈനലിലും കൊല്ലത്തോട് തോറ്റ് മടങ്ങിയ കാലിക്കറ്റിന് വ്യാഴാഴ്ചത്തെ മത്സരം അഭിമാന പോരാട്ടമാണ്.
രോഹൻ കുന്നുമ്മലിന് പുറമെ കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ അഖിൽ സ്കറിയ, ബാറ്റർമാരായ സൽമാൻ നിസാർ, അജിനാസ്, അൻഫാൽ തുടങ്ങിയവരിലാണ് കോഴിക്കോടൻ പ്രതീക്ഷകൾ. അതേസമയം കഴിഞ്ഞ സീസണിലെ ഭൂരിഭാഗം താരങ്ങളെയും നിലനിർത്തിയ കൊല്ലം, ജയിച്ചുതുടങ്ങാമെന്ന ആത്മവിശ്വാസത്തിലാണ്. വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദിനെയും ഓൾ റൗണ്ടർ എം.എസ്. അഖിലിനെയും ലേലത്തിലൂടെ ടീമിലെത്തിക്കാനായത് കൊല്ലത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
മത്സരശേഷം ഉദ്ഘാടന കലാപരിപാടികൾ അരങ്ങേറും. രാത്രി 7.45ന് ‘സാംസൺ ബ്രദേഴ്സ്’ നയിക്കുന്ന കൊച്ചി ബ്ലൂടൈഗേഴ്സ് ട്രിവാൻഡ്രം റോയൽസിനെ നേരിടും. സന്നാഹമത്സരത്തിൽ അർധസെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ഫോമിലാണ് നീലക്കടുവകളുടെ പ്രതീക്ഷ. സഞ്ജുവിന്റെ സഹോദരൻ സാലി സാംസൺ നയിക്കുന്ന ടീമിൽ കെ.എം. അസിഫിന്റെ നേതൃത്വത്തിലെ ബൗളിങ് നിരയാണ് എതിരാളികളെ വിറപ്പിക്കാനിറങ്ങുന്നത്.
ഏഷ്യ കപ്പ് ടീമിൽ ഉൾപ്പെട്ടെങ്കിലും ശുഭ്മാൻ ഗില്ലിന്റെ വരവോടെ സ്ഥാനം തുലാസിലായ സഞ്ജുവിന് അവസാന പതിനൊന്നിൽ ഇടംപിടിക്കാൻ കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനം നിർണായകമാണ്. ഇന്ത്യൻ ടീമിന്റെയും രാജസ്ഥാൻ റോയൽസിന്റെയും ഓപണറായ സഞ്ജു, ബ്ലൂ ടൈഗേഴ്സിനായും ഓപണറുടെ റോളിൽ ഇറങ്ങുമോയെന്നാണ് അറിയേണ്ടത്. ബ്ലൂ ടൈഗേഴ്സിനായി ഓപൺ ചെയ്യുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സീനിയർ താരമെന്ന നിലയിൽ ടീമിന്റെ ആവശ്യമനുസരിച്ച് കളിക്കുമെന്നും സഞ്ജു പറഞ്ഞു. പ്രസിഡന്റ് ഇലവനുമായുള്ള സന്നാഹമത്സരത്തിൽ സെക്രട്ടറി ഇലവനെ നയിച്ച സഞ്ജു നാലാമനായാണ് ക്രീസിലെത്തിയതും അർധ സെഞ്ച്വറി നേടിയതും. സെപ്റ്റംബർ ഏഴുവരെ നീളുന്ന ലീഗിൽ 33 മത്സരങ്ങളാണുള്ളത്. ടൂർണമെന്റിന്റെ ഭാഗമായി ആറ് ടീമുകളുടെ പരിശീലനം മംഗലപുരം, തുമ്പ, ഗ്രീൻഫീൽഡ് സ്റ്റേഡിയങ്ങളിലായി നടന്നുവരികയാണ്.