കണക്കുകൂട്ടൽ കിറുകൃത്യം: രഞ്ജിയിൽ കേരളത്തിന് സെമി സമ്മാനിച്ചത് ക്ഷമയോടെയുള്ള ബാറ്റിങ്ങും കൃത്യമായ ആസൂത്രണവും
text_fieldsരഞ്ജി ട്രോഫി ക്വാർട്ടറിൽ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ബാറ്റിങ്ങിനിടെ
പുണെ: ജമ്മു-കശ്മീരിനെതിരെ രഞ്ജി ക്വാർട്ടർ നാലാം ദിനത്തിൽ കേരളം രണ്ട് വിക്കറ്റിന് 70 റൺസ് എന്ന നിലയിൽ നിൽക്കെ കേരള കോച്ച് അമയ് ഖുറാസിയ ബാറ്റർ ജലജ് സക്സേനയുടെ അടുത്തെത്തി ഒരു പേപ്പർ നൽകുന്നു. ‘110x3 = 330’ എന്നാണ് അതിലെ എഴുത്ത്. ജമ്മു-കശ്മീർ ഉയർത്തിയ 399 റൺസ് എന്ന ടോട്ടലിലേക്ക് ഇനി 330 റൺസ് ദൂരം ബാക്കിയുണ്ടെന്നും 110 ഓവറുകളിൽ അത് പിന്നിടാൻ ഓരോ ഓവറിലും മൂന്ന് റൺ മതിയെന്നുമായിരുന്നു സന്ദേശം.
ആദ്യ ഇന്നിങ്സിൽ കുറിച്ച ഒറ്റ റൺ ലീഡ് അമൂല്യ സമ്പാദ്യമായുള്ളതിനാൽ ഒട്ടും തിരക്കുകൂട്ടേണ്ടെന്ന കോച്ചിന്റെ ഉപദേശം പിന്നീടങ്ങോട്ട് ഓരോ താരത്തിന്റെയും ബാറ്റിലെ വിജയമന്ത്രമായി. അത് ആറു വർഷത്തെ ഇടവേള അവസാനിപ്പിച്ച് കേരള ടീമിനെ രഞ്ജി ട്രോഫിയിൽ അവസാന നാലിലെത്തിക്കുകയും ചെയ്തു. അവസാന ദിനമായ ബുധനാഴ്ച സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും കളി പുനരാരംഭിച്ചതോടെ അടിക്കുന്നതിനു പകരം പ്രതിരോധിച്ചുനിന്ന ഓരോ പന്തിനും കൈയടിച്ച് കേരള താരങ്ങൾ കൂടെ നിന്നു. ആദ്യ 24 ഓവറിൽ ആകെ പിറന്നത് 28 റൺസ് മാത്രം. മഹാരാഷ്ട്ര ക്രിക്കറ്റ് മൈതാനത്ത് ബൗളർമാരെ തുണക്കുന്നതൊന്നും ആ സമയം ഇല്ലെന്നതും ബാറ്റിങ് ടീമിന് അനുഗുണമായി.
എന്നിട്ടും കരുത്തരായ ജമ്മു-കശ്മീർ ബൗളർമാരുടെ മുനകൂർത്ത പന്തുകൾ വിവിധ സെഷനുകളിലായി മൊത്തം ആറുപേരെ മടക്കിയത് കേരള ക്യാമ്പിലും ആധി പടർത്തി. ലഞ്ചിന് തൊട്ടുമുമ്പ് അക്ഷയ് വീണപ്പോൾ അർധ സെഞ്ച്വറിക്ക് രണ്ട് റൺ അകലെയായിരുന്നു സച്ചിന്റെ മടക്കം. രണ്ടാം സെഷനിൽ ലോത്രയും സ്പിന്നർ ആബിദ് മുഷ്താഖും ചേർന്ന് സക്സേനയുടെയും സർവാതെയുടെയും വിക്കറ്റുകളും സ്വന്തമാക്കി. അതോടെ പ്രതീക്ഷ ഇരു ക്യാമ്പിലും തുല്യമായി. ഏഴു ബൗളർമാരെ മാറ്റിമാറ്റി എറിയാൻ വിട്ട് ജമ്മു-കശ്മീർ ബാറ്റർമാരെ പരീക്ഷിച്ചു.
എന്നാൽ, അവസാനം ക്രീസിൽ ഒരുമിച്ച മുഹമ്മദ് അസ്ഹറുദ്ദീനും സൽമാൻ നിസാറും ചേർന്നാണ് കളി തീരുമാനമാക്കിയത്. ഒരു പതിറ്റാണ്ടായി ഒന്നിച്ചുകളിക്കുന്ന രണ്ടു താരങ്ങൾക്കിടയിലെ കെമിസ്ട്രി കൃത്യമായതിനാൽ എതിർ ബൗളർമാർക്ക് പഴുതുകളുണ്ടായതുമില്ല. ഇരുവർക്കും കോച്ച് ഖുറാസിയ വക നിർദേശങ്ങൾ പോയിക്കൊണ്ടിരുന്നു. ഏഴാം വിക്കറ്റിൽ പിരിയാതെ 115 റൺ കൂട്ടുകെട്ടുയർത്തിയ രണ്ടുപേരും ചേർന്ന് വിലപ്പെട്ട സമനിലയും സെമി പ്രവേശവും ഉറപ്പാക്കിയാണ് നിർത്തിയത്. ദേശീയ ടീമിനായി കളിച്ചുപരിചയമുള്ള കോച്ച് നിരന്തരം അയച്ചുകൊണ്ടിരുന്ന സന്ദേശങ്ങൾ നിർണായകമായെന്ന് പിന്നീട് താരങ്ങൾ പറഞ്ഞു.
ബൗളർമാർ പ്രലോഭനമെന്നോണം എറിഞ്ഞ പല പന്തുകളും ടീമിനെ കരുതി അടിക്കാതെ വിട്ടായിരുന്നു താരങ്ങളുടെ വിജയയാത്ര. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേട്ടം കൂടിയായത് സൽമാന് ആത്മവിശ്വാസം ഇരട്ടിയാക്കി.


