ചിന്നസ്വാമിയിൽ രാഹുലാട്ടം; ബംഗളൂരുവിനെ ആറു വിക്കറ്റിന് കീഴടക്കി ഡൽഹി
text_fieldsകെ.എൽ. രാഹുലിന്റെ ബാറ്റിങ്
ബംഗളൂരു: തകർപ്പൻ അർധസെഞ്ച്വറിയുമായി ക്യാപ്റ്റൻ കെ.എൽ. രാഹുൽ പട നയിച്ചപ്പോൾ അജയ്യരായി ഡൽഹി കാപിറ്റൽസ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ മത്സരത്തിൽ ആതിഥേയരായ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ ആറു വിക്കറ്റിന് കീഴടക്കി പോയന്‍റ് പട്ടികയിൽ ഡൽഹി കളിമികവിന് അടിവരയിട്ടു. കെ.
എൽ. രാഹുൽ 53 പന്തിൽ ഏഴു ഫോറും ആറു സിക്സുമടക്കം 93 റൺസെടുത്തു. ട്രിസ്റ്റൻ സ്റ്റബ്സ് 23 പന്തിൽ 38 റണ്ണുമായി പുറത്താകാതെ നിന്നു. രാഹുലാണ് മാൻ ഓഫ് ദ മാച്ച്. ബംഗളൂരുവിന്‍റെ തുടർച്ചയായ രണ്ടാം ഹോം തോൽവിയാണിത്.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച സന്ദർശകർക്കുമേൽ ഓപണിങ് വിക്കറ്റിൽ ഫിൽ സാൾട്ട് തകർത്താടിയപ്പോൾ ബംഗളൂരു ടോട്ടൽ 200 കടക്കുമെന്ന് തോന്നിച്ചു. എന്നാൽ, മധ്യനിരയെ ഡൽഹി ബൗളർമാർ എറിഞ്ഞുടച്ചു. വാലറ്റത്ത് ടിം ഡേവിഡിന്‍റെ പ്രകടനമാണ് ബംഗളൂരു സ്കോർ ഏഴിന് 163 എന്ന നിലയിൽ എത്തിച്ചത്. ഫിൽ സാൾട്ട് 17 പന്തിലും ടിം ഡേവിഡ് 20 പന്തിലും 37 റൺ വീതം കുറിച്ചു. രജത് പാട്ടിദാർ 25 റൺസെടുത്തു. ഡൽഹിക്കായി വിപ്രജ് നിഗം രണ്ട് വിക്കറ്റ് വീഴ്ത്തി. ഡൽഹിയുടെ ഓപണിങ് ബൗളർമാരായ മിച്ചൽ സ്റ്റാർക്കിനെയും അക്ഷർ പട്ടേലിനെയും നിലംതൊടീക്കാതെ തലങ്ങും വിലങ്ങും പായിച്ചതോടെ ചിന്നസ്വാമി സ്റ്റേഡിയം ആവേശത്തിരയിലായി. ആദ്യ ഓവറിൽ അഞ്ചു റണ്ണിന്‍റെ എക്സ്ട്രാ അടക്കം ഏഴു റൺ മാത്രം വഴങ്ങിയ സ്റ്റാർക്കിനെ മൂന്നാം ഓവർ എറിയാനെത്തിയപ്പോൾ സാൾട്ട് നിർത്തിപ്പൊരിച്ചു. രണ്ടു സിക്സും നാല് ഫോറും നോബാളുമടക്കം 30 റൺസാണ് ആ ഓവറിൽ ബംഗളൂരു അക്കൗണ്ടിൽ കയറിയത്. മൂന്നോവർ പിന്നിട്ടപ്പോഴേക്കും ബംഗളൂരു സ്കോർ 50 കടന്നു.
പക്ഷേ, ആവേശത്തിരി കത്തിച്ച ഫിൽ സാൾട്ടിനെ റണ്ണൗട്ടിന്‍റെ രൂപത്തിൽ നിർഭാഗ്യം തേടിയെത്തി. അക്ഷർ പട്ടേൽ എറിഞ്ഞ നാലാം ഓവറിന്‍റെ അഞ്ചാം പന്തിൽ സിംഗിളിനായുള്ള ശ്രമത്തിനിടെ വിരാട് കോഹ്ലിയുമായി ആശയക്കുഴപ്പത്തിലായ സാൾട്ടിന് തിരിച്ച് ക്രീസിലെത്താനുള്ള ശ്രമത്തിനിടെ പിച്ചിൽ കാലിടറി. വിപ്രജിന്‍റെ ഏറിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ സാൾട്ടിനെ റണ്ണൗട്ടാക്കി.
വൺഡൗണായെത്തിയ ദേവ്ദത്ത് പടിക്കൽ നിലയുറപ്പിക്കും മുമ്പ് മടങ്ങി. വിപ്രജിനെ കൂറ്റനടിക്ക് ശ്രമിച്ച് അടുത്ത ഓവറിൽ കോഹ്ലിയും (22) വീണപ്പോൾ സ്റ്റേഡിയം നിശ്ശബ്ദം. മോഹിത് ശർമക്കു മുന്നിൽ ലിയാം ലിവിങ് സ്റ്റണും (നാല്) മുട്ടുമടക്കി. ജിതേഷ് ശർമ വീണതിന് പിന്നാലെ ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ച രജത് പാട്ടിദാറിനെ (23 പന്തിൽ 25) പതിനഞ്ചാം ഓവറിൽ കുൽദീപ് മടക്കി. അവസാന ഓവറുകളിൽ ടിം ഡേവിഡ് റണ്ണുയർത്തി.