Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘സഞ്ജുവിനെ അഞ്ചാം...

‘സഞ്ജുവിനെ അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറക്കി അവർ ശ്രേയസ്സിന് ടീമിലേക്ക് വഴിയൊരുക്കുന്നു’; താരത്തിനു മുന്നറിയിപ്പുമായി മുൻ സെലക്ടർ

text_fields
bookmark_border
Sanju Samson
cancel

മുംബൈ: വൈസ് ക്യാപ്റ്റനായുള്ള ശുഭ്മൻ ഗില്ലിന്‍റെ ട്വന്‍റി20 ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവോടെ മലയാളി താരം സഞ്ജു സാംസണിനാണ് തിരിച്ചടിയേറ്റത്. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ യു.എ.ഇക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യക്കായി ഗില്ലും അഭിഷേക് ശർമയുമാണ് ബാറ്റിങ് ഓപ്പൺ ചെയ്തത്.

മത്സരത്തിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ പ്രഖ്യാപിക്കുംവരെ സഞ്ജു കളിക്കുമെന്ന് ആരും കരുതിയതല്ല. മധ്യനിരയിൽ തകർപ്പൻ ഫോമിലുള്ള ജിതേഷ് ശർമ വിക്കറ്റ് കീപ്പറായി ടീമിലെത്തുമെന്നും സഞ്ജുവിന് പ്ലെയിങ് ഇലവനിൽ ഇടമുണ്ടാകില്ലെന്നുമാണ് ഏവരും പ്രതീക്ഷിച്ചത്. ടീം ലൈനപ്പ് വന്നപ്പോൾ വിക്കറ്റ് കീപ്പറായി സഞ്ജുവിന്‍റെ പേര് കണ്ടതോടെയാണ് ആരാധകർക്ക് ആശ്വാസമായത്. നേരത്തെ പ്രതീക്ഷിച്ചതു പോലെ ഓപ്പണറായി ഗിൽ വന്നതോടെ, ബാറ്റിങ്ങിൽ സഞ്ജുവിന്‍റെ സ്ഥാനം അഞ്ചാം നമ്പറിലേക്ക് മാറി.

എന്നാൽ, സഞ്ജുവിന്‍റെ മധ്യനിരയിലെ ഇതുവരെയുള്ള പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതാണ്. 20.62 ശരാശരിയിൽ ആകെ നേടിയത് 62 റൺസ് മാത്രം. ഒപ്പണറായി കളിച്ച 11 മത്സരങ്ങളിൽ താരം നേടിയത് 522 റൺസും. 32.63 ആണ് ശരാശരി. മൂന്നു സെഞ്ച്വറികളും നേടി. സഞ്ജുവിനെ ബാറ്റിങ്ങിൽ അഞ്ചാം നമ്പറിലേക്ക് മാറ്റിയതിനു പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ടെന്നാണ് മുൻ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത് പറയുന്നത്. ശ്രേയസ്സ് അയ്യറിന് ടീമിലേക്കുള്ള വഴിതുറക്കാനാണ് സഞ്ജുവിനെ അഞ്ചാം നമ്പറിൽ ബാറ്റിങ്ങിന് ഇറക്കുന്നതെന്നാണ് താരത്തിന്‍റെ വാദം.

‘സഞ്ജുവിനെ അഞ്ചാം നമ്പറിലേക്ക് മാറ്റിയതോടെ അവർ ശ്രേയസ്സ് അയ്യർക്ക് ടീമിലേക്ക് തിരിച്ചെത്താനുള്ള വഴിയൊരുക്കുകയാണെന്ന് ഞാൻ കരുതുന്നു. സഞ്ജു അഞ്ചാം നമ്പറിൽ അധികം ബാറ്റ് ചെയ്തിട്ടില്ല, ആ സ്ഥാനത്ത് കളിക്കേണ്ട താരവുമല്ല. അഞ്ചാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങുന്നത് താരത്തിന്‍റെ ആത്മവിശ്വാസം ഇല്ലാതാക്കും. താരത്തിന്‍റെ കാര്യത്തിൽ ഞാൻ അത്ര സന്തോഷവാനല്ല. ഇത് സഞ്ജുവിന്‍റെ അവസാന മത്സരമാണെന്ന് മുന്നറിയിപ്പ് നൽകുന്നു. അഞ്ചാം നമ്പറിൽ അടുത്ത രണ്ടു മൂന്ന് മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിൽ, സഞ്ജുവിന് പകരക്കാരനായി ശ്രേയസ്സ് ടീമിലെത്തും’ -ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

മധ്യനിരയിലാണ് അവർ സഞ്ജുവിനെ കളിപ്പിക്കുന്നത്. ഫിനിഷറായാണോ താരത്തെ അവർ ഉപയോഗിക്കുന്നത്? അല്ല. അതിന് ഹാർദിക് പാണ്ഡ്യയും ശിവം ദുബെയുമുണ്ട്. പിന്നെ എന്തിന് സഞ്ജു അഞ്ചാം നമ്പറിൽ കളിക്കണമെന്നതാണ് ചോദ്യം. ഈ ടീമുമായി ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടം നിലനിർത്താനായേക്കും. എന്നാൽ, ട്വന്‍റി20 ലോകകപ്പ് ജയിക്കാനാകില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന് ബാറ്റിങ്ങിന് ഇറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. മത്സരത്തിൽ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. യു.എ.ഇയെ 57 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ 4.3 ഓവറിൽ ലക്ഷ്യത്തിലെത്തി. ഈമാസം 14ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ടൂർണമെന്‍റിൽ ഇന്ത്യയുടെ അടുത്ത മത്സരം.

Show Full Article
TAGS:Sanju Samson Shreyas Iyer Asia Cup 2025 
News Summary - ‘Making Sanju Samson bat at 5, they’re making way for Shreyas Iyer -Kris Srikkanth
Next Story