കണക്ക് തീർക്കാൻ മലബാറി ഗ്യാങ്സ്റ്റേഴ്സ്
text_fieldsതിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് നാല് രാവുകൾ മാത്രം ബാക്കിനിൽക്കെ മലബാറിന്റെ ഗ്യാങ്സ്റ്റേഴ്സെന്ന പേരിൽ അറിയപ്പെടുന്ന കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സ് ഇത്തവണ രണ്ടും കൽപ്പിച്ചാണ്. കഴിഞ്ഞ തവണ കലാശപ്പോരില്‍ കൈവിട്ട കിരീടം സ്വന്തമാക്കണം. ഒപ്പം അടിക്ക് തിരിച്ചടിയും. ആദ്യ സീസണിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ടീമുകളിലൊന്നാണ് കാലിക്കറ്റ്. പത്തിൽ ഏഴ് മത്സരങ്ങളും ജയിച്ചാണ് ഫൈനലിലെത്തിയത്. ഫൈനലിൽ സച്ചിൻബേബിയുടെ സെഞ്ച്വറി കരുത്തിൽ കൊല്ലം കപ്പുയർത്തുകയായിരുന്നു. ഈ സീസണിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സ് ഏറ്റുമുട്ടുന്നത് കൊല്ലം സെയ്ലേഴ്സിനോടാണ്. കഴിഞ്ഞ സീസണിൽ തോൽപിക്കാൻ കഴിയാതിരുന്ന ഏക ടീമും കൊല്ലം തന്നെയാണ്.
അറ്റാക്കിങ് ഓപണർ രോഹൻ കുന്നുമ്മൽ ആണ് ഇത്തവണയും കാലിക്കറ്റിന്റെ സുൽത്താൻ. ലീഗിന് മുന്നോടിയായി ഗ്രീൻഫീൽഡിൽ നടന്ന സൗഹൃദമത്സരത്തിൽ രോഹൻ 29 പന്തിൽ 60 റൺസ് അടിച്ചിരുന്നു. ആദ്യ സീസണിൽ റൺവേട്ടക്കാരിൽ രണ്ടാമനായ സൽമാൻ നിസാർ, വിക്കറ്റ് വേട്ടയിൽ ഒന്നാമനായി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയ അഖില്‍ സ്കറിയ, വിക്കറ്റിന് പിന്നിലെ സൂപ്പർമാനും വെട്ടിക്കെട്ട് ബാറ്ററുമായ എം. അജ്നാസ് എന്നിവരെ നിലനിർത്തിയാണ് ടീം മാനേജ്മെന്റ് ഇത്തവണ ലേലത്തിനിറങ്ങിയത്. സച്ചിൻ സുരേഷ്, മനു കൃഷ്ണൻ തുടങ്ങിയവരെ പുതുതായി എത്തിച്ചതോടെ എന്തിനുംപോന്ന സംഘമാണിത്.
കൂറ്റൻ ഷോട്ടുകളിലൂടെ ശ്രദ്ധേയനായ സച്ചിൻ വിക്കറ്റ് കീപ്പർ കൂടിയാണ്. അടുത്തിടെ തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ സച്ചിൻ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. 197 പന്തുകളില്‍നിന്ന് 27 ബൗണ്ടറികളും 24 സിക്സും അടക്കം 334 റണ്‍സായിരുന്നു നേടിയത്. ടൂർണമെന്റിലെ ഏറ്റവും മുതിർന്ന താരങ്ങളിലൊരാളായ മനു കൃഷ്ണന്റ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാവും.
കഴിഞ്ഞ വർഷം ബൗളിങ്ങിലെ പോരായ്മയായിരുന്നു ടീമിന് തിരിച്ചടിയായത്. അത് മറികടക്കാൻ ഇടംകൈയൻ സീമർ ഇബ്നുൽ അഫ്താബും മനു കൃഷ്ണനും മോനു കൃഷ്ണയും ഉൾപ്പെടെ അഞ്ച് ഫാസ്റ്റ് ബൗളർമാരാണ് ടീമിലുള്ളത്. ഇവരെ സഹായിക്കാൻ മികച്ച ഓള് റൗണ്ടർമാരില്‍ ഒരാളായ അഖില്‍ സ്കറിയയടക്കം കരുത്തരുണ്ട്. കഴിഞ്ഞ സീസണില്‍ 25 വിക്കറ്റുകളും 187 റണ്‍സുമായി ടീമിന്റെ മികച്ച പ്രകടനത്തില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് പി.എം. അഖില്‍. അൻഫലാണ് ഓൾ റൗണ്ടർമാരിലെ മറ്റൊരു ശ്രദ്ധേയ താരം.
യുവതാരങ്ങളില്‍ ശ്രദ്ധേയരായ പ്രീതിഷ് പവൻ, പവർ ഹിറ്റർ കൃഷ്ണദേവൻ, മിസ്റ്ററി ഓഫ്സ്പിന്നർ ഓൾറൗണ്ടർ ഷൈൻ ജോണ്‍ ജേക്കബ് എന്നിവരുമുണ്ട്. ബാറ്റർമാരെ സ്പിൻകുഴിയിൽ വീഴ്ത്താൻ ഇത്തവണ ടീം ചുമതലപ്പെടുത്തിയിരിക്കുന്നത് മുൻ രാജസ്ഥാൻ റോയൽസ് താരം എസ്. മിഥുനെയാണ്. കഴിഞ്ഞ സീസണിൽ കൊല്ലത്തിനായി കളിച്ച മിഥുനെ ഇത്തവണ കാലിക്കറ്റ് തട്ടിയെടുക്കുകയായിരുന്നു. കാലിക്കറ്റിനെ റണ്ണേഴ്സപ്പാക്കിയ പരിശീലകൻ ഫിറോസ് വി. റഷീദ് തന്നെയാണ് ഇത്തവണയും തന്ത്രങ്ങളുടെ ഭൂപടവുമായി ടീമിനൊപ്പമുള്ളത്.