‘ഒമ്പതാമനായി ബാറ്റുചെയ്യാം, വേണമെങ്കിൽ ലെഫ്റ്റ് ആം സ്പിന്നും എറിയാം’; രാജ്യത്തിനുവേണ്ടി എന്തും ചെയ്യുമെന്ന് സഞ്ജു, 10 വർഷത്തിൽ കളിച്ചത് 40 മത്സരം മാത്രമെന്നും താരം
text_fieldsസഞ്ജു സാംസൺ, ശ്രേയസ് അയ്യർ, രോഹിത് ശർമ എന്നിവർ സിയറ്റ് ക്രിക്കറ്റ് അവാർഡ് ദാന ചടങ്ങിനിടെ
മുംബൈ: ടീം മാനേജ്മെന്റ് ആവശ്യപ്പെടുന്ന പക്ഷം ഒമ്പതാമനായി ബാറ്റുചെയ്യാനും വേണമെങ്കിൽ ലെഫ്റ്റ് ആം സ്പിൻ എറിയാനും താൻ ഒരുക്കമെന്ന് സഞ്ജു സാംസൺ. രാജ്യത്തിനുവേണ്ടി എന്തും ചെയ്യാൻ താൻ ഒരുക്കമെന്ന് പറഞ്ഞ സഞ്ജു, കഴിഞ്ഞ 10 വർഷത്തിൽ താൻ കളിച്ചത് 40 മത്സരം മാത്രമെന്നും സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാർഡ് ദാന ചടങ്ങിൽ പ്രതികരിച്ചു. ചടങ്ങിൽ ഈ വർഷത്തെ ഏറ്റവും മികച്ച ട്വന്റി20 രാജ്യാന്തര ബാറ്റ്സ്മാനുള്ള അവാർഡ് കൈപ്പറ്റിയശേഷം സംസാരിക്കവേയാണ് സഞ്ജുവിന്റെ ‘ട്രോൾ‘ രീതിയിലുള്ള പ്രതികരണം.
ഈ വർഷം ഓപണറായിറങ്ങിയ പത്തു മത്സരങ്ങളിൽ മൂന്നിലും സെഞ്ച്വറി നേടി വിസ്മയിപ്പിച്ച സഞ്ജുവിനെ ഇക്കഴിഞ്ഞ ഏഷ്യ കപ്പിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് എട്ടാം നമ്പറുകാരനായി വരെ പാഡു കെട്ടിച്ചിരുന്നു. സെലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയുമൊക്കെ ഇഷ്ടക്കാരനായ ശുഭ്മൻ ഗില്ലിനെ ഓപണറുടെ റോളിൽ ട്വന്റി20 ടീമിൽ തിരുകിക്കയറ്റുന്നതിനായാണ് ഉജ്ജ്വല ഫോമിലുള്ള സഞ്ജുവിനെ ബാറ്റിങ് ഓർഡറിൽ താഴോട്ടിറക്കിയത്. ഈ സ്വജന പക്ഷപാതം ചർച്ചയാവുകയും പല കോണുകളിൽനിന്ന് നിശിത വിമർശനം ഉയരുകയും ചെയ്യുന്നതിനിടയിലാണ് അവാർഡ് ദാന ചടങ്ങിൽ സഞ്ജുവിന്റെ പരാമർശങ്ങൾ.
‘ഓപണിങ്ങിന് അവസരം കിട്ടുമ്പോൾ സെഞ്ച്വറി നേടുന്നത് പോലുള്ള അവിശ്വസനീയ കാര്യങ്ങൾ ചെയ്യുന്നു. പിന്നീട് അവർ പറയുന്നു, മധ്യനിരയിലേക്ക് പോയി കളിക്കൂ..ട്വൻറി20 രാജ്യാന്തര സെഞ്ച്വറികൾ നേടിയ ശേഷവും ബാറ്റിങ് ഓർഡറിൽ പിന്നോട്ടിറക്കുന്നു. ഇന്റർനാഷനൽ ക്രിക്കറ്ററെന്ന നിലയിൽ ഇത്തരം സാഹചര്യങ്ങളുമായി മാനസികമായി എങ്ങനെ പൊരുത്തപ്പെടുന്നു?’ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് സഞ്ജു വേണമെങ്കിൽ ബൗൾ ചെയ്യാനും തയാർ എന്ന രീതിയിൽ പ്രതികരിച്ചത്.
‘അതേ, ഇന്ത്യൻ ജഴ്സി അണിയുമ്പോൾ നിങ്ങൾക്ക് ഒരു കാര്യവും പറ്റില്ല എന്നു പറയാൻ കഴിയില്ല. ഈ കുപ്പായമണിയാൻ ഞാൻ ശരിക്കും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ആ ഡ്രസ്സിങ് റൂമിൽ ഉണ്ടായിരിക്കുകയെന്നതു തന്നെ അഭിമാനമാണ്. രാജ്യത്തിനുവേണ്ടി ഏത് ഉത്തരവാദിത്തമേറ്റെടുക്കുന്നതിലും സന്തോഷമേയുള്ളൂ. അതുകൊണ്ട് ഒമ്പതാം നമ്പറിൽ ബാറ്റുചെയ്യാൻ അവർ ആവശ്യപ്പെട്ടാലും ലെഫ്റ്റ് ആം സ്പിൻ എറിയേണ്ടി വന്നാലുമൊക്കെ ഞാനത് ചെയ്യും. രാജ്യത്തിനുവേണ്ടി ഏത് ജോലിയായാലും പ്രശ്നമല്ല.
‘സഞ്ജു ചിരിച്ചുകൊണ്ടാണ് ഇതൊക്കെ പറയുന്നതെങ്കിലും സൈഡ്ലൈനിൽ എപ്പോഴും ഇരിക്കുകയെന്നത് കടുത്തതാ’ണെന്ന് അവതാരക ചൂണ്ടിക്കാട്ടുന്നുണ്ട്. ‘വർഷങ്ങളായി സഞ്ജു സാംസൺ അത് അനുഭവിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ മാനസികമായി എങ്ങനെയാണ് നേരിടുന്നത്?’ എന്നായിരുന്നു അടുത്ത ചോദ്യം.
‘അതേ, ഞാൻ ഈയടുത്താണ് ഇന്റർനാഷനൽ ക്രിക്കറ്റിലെ എന്റെ പത്തുവർഷം പൂർത്തിയാക്കിയത്. പക്ഷേ, ഈ പത്തു വർഷത്തിൽ ഞാൻ രാജ്യത്തിനുവേണ്ടി കളിച്ചത് 40 മത്സരങ്ങളിൽ മാത്രമാണ്. സത്യസന്ധമായി പറഞ്ഞാൽ, ആ നമ്പറുകൾ മുഴുവൻ കഥയും പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടേണ്ടി വരും. എന്നാൽ, ഇന്ന് ഞാനെന്താണോ അതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നുണ്ട്. വ്യക്തിയെന്ന നിലക്ക് ഞാൻ മറികടന്ന വെല്ലുവിളികളെക്കുറിച്ചും അഭിമാനിക്കുന്നുണ്ട്. 19-ാം വയസ്സിലാണ് ഞാൻ ഈ യാത്ര ആരംഭിക്കുന്നത്. അന്നാണ് രാജ്യത്തിന് കളിക്കാൻ ആദ്യമായി എന്നെ തെരഞ്ഞെടുക്കുന്നത്. ഇപ്പോഴും ഞാൻ അത് കളിച്ചുകൊണ്ടിരിക്കുന്നു’ -സഞ്ജു പറഞ്ഞു.