അവസാന ഓവറിൽ അഞ്ച് സിക്സ്, മത്സരശേഷം ലങ്കൻ ബൗളറുടെ പിതാവിന്‍റെ വിയോഗത്തിൽ സ്തബ്ധനായി മുഹമ്മദ് നബി
text_fieldsദുബൈ: കഴിഞ്ഞ രാത്രി നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ മുഹമ്മദ് നബിയുടെ തകർപ്പൻ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് അഫ്ഗാനിസ്താൻ ശ്രീലങ്കക്കെതിരെ പൊരുതാവുന്ന ടീം ടോട്ടൽ പടുത്തുയർത്തിയത്. തകര്‍ച്ചയുടെ വക്കില്‍നിന്ന് അഫ്ഗാനെ രക്ഷിച്ച നബി 22 പന്തിൽ 60 റൺസാണെടുത്തത്. അവസാന ഓവറിൽ അഞ്ചു സിക്സറാണ് താരത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നത്. പന്തെറിഞ്ഞതാകട്ടെ ദുനിത് വല്ലാലഗെയും. മത്സരം കഴിഞ്ഞ് മടങ്ങുന്ന നബിയോട് വല്ലലഗെയുടെ പിതാവ് മരിച്ച കാര്യം അറിയിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വല്ലലഗെയുടെ പിതാവിന്‍റെ വിയോഗം ഒരു മാധ്യമപ്രവർത്തകനാണ് നബിയോട് പറയുന്നത്. വിവരമറിഞ്ഞ് ഞെട്ടലോടെ, എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ചപ്പോള്‍ ഹൃദയാഘാതമാണെന്ന് റിപ്പോര്‍ട്ടര്‍ മറുപടി നല്‍കുന്നതും കാണാം. മത്സരം നടക്കുന്നതിനിടെയാണ് മരണവിവരം ലങ്കന്‍ ടീം അധികൃതര്‍ അറിയുന്നത്. എന്നാല്‍ ദുനിത് വല്ലലഗെയെ മത്സരശേഷം മാത്രമാണ് ഇക്കാര്യം അറിയിച്ചത്. താരത്തെ വിവരം അറിയിക്കുന്നതിന്‍റെയും പരിശീലകൻ സനത് ജയസൂര്യ ഉൾപ്പെടെയുള്ളവർ ആശ്വസിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം അഫ്ഗാൻ സ്കോറിങ്ങിൽ നിർണായകമായ നബിയുടെ ഇന്നിങ്‌സ് ആറ് സിക്‌സും മൂന്നു ഫോറും ഉൾപ്പെടുന്നതാണ്. 18 ഓവറില്‍ 120ലായിരുന്ന ടീം അവസാന രണ്ടോവറില്‍ 49 റണ്‍സ് അടിച്ചെടുത്തു. 19-ാം ഓവറില്‍ ദുഷ്മന്ത ചമീരക്കെതിരേ തുടരെ മൂന്നുഫോര്‍ നേടിയ നബി, അവസാന ഓവറില്‍ ദുനിത് വല്ലാലഗെക്കെതിരെ അഞ്ച് സിക്‌സറുകള്‍ നേടി. ലങ്കയ്ക്കു വേണ്ടി നുവാന്‍ തുഷാര നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍, ഓപണാറായെത്തി 52 പന്തില്‍ 74 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസ് ലങ്കന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായി. പതും നിസ്സംഗ (6), കാമില്‍ മിശ്ര (4) എന്നിവര്‍ മടങ്ങിയശേഷം കുശാല്‍ പെരേരയെ കൂട്ടുപിടിച്ച് ക്ഷമയോടെ ബാറ്റുവീശിയ മെന്‍ഡിസ്, അവസാന ഘട്ടത്തില്‍ കൃത്യമായി വേഗംകൂട്ടി ടീമിനെ അനായാസം വിജയത്തിലെത്തിച്ചു. 10 ബൗണ്ടറികളടങ്ങുന്നതായിരുന്നു മെന്‍ഡിസിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ചരിത് അസലങ്ക 12 പന്തില്‍ 17 റണ്‍സെടുത്തപ്പോള്‍ കാമിന്ദു മെന്‍ഡിസ് 13 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു.