Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘പാകിസ്താനെതിരെ...

‘പാകിസ്താനെതിരെ സഞ്ജുവിനെ ​േപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്താൻ വഴികളുണ്ട്’; വിശദീകരിച്ച് മുഹമ്മദ് കൈഫ്

text_fields
bookmark_border
Sanju Samson in T20 World Cup
cancel
camera_alt

നമീബിയക്കെതിരായ മത്സരത്തിൽ സിക്സറടിക്കുന്ന സഞ്ജു സാംസൺ

ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസണിനെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ േപ്ലയിങ് ഇലവനിൽ സ്ഥിരമായി ഉൾപ്പെടുത്താനുള്ള വഴികൾ വിശദീകരിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. യു.എസ്.എക്കും നമീബിയക്കുമെതിരെ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യ ഞായറാഴ്ച പാകിസ്താനെതിരെ അഭിമാനപോരാട്ടത്തിനിറങ്ങുന്ന പശ്ചാത്തലത്തിലാണ് കൈഫിന്റെ നിരീക്ഷണം.

യു.എസ്.എക്കെതിരെ അഭിഷേക് ശർമയും ഇഷാൻ കിഷനുമാണ് ഇന്ത്യക്കുവേണ്ടി ഓപണിങ്ങിനിറങ്ങിയത്. ശർമ നേരിട്ട ആദ്യപന്തിൽ പൂജ്യത്തിന് പുറത്തായപ്പോൾ ഇഷാൻ 16 പന്തിൽ 20 റൺസെടുത്തു. എന്നാൽ, അഭിഷേക് പനി കാരണം വിശ്രമത്തിലായതോടെ ഇഷാനൊപ്പം സഞ്ജുവാണ് നമീബിയക്കെതിരെ ഇന്നിങ്സ് ഓപൺ ചെയ്തത്. എട്ടുപന്തിൽ ഒരു ഫോറും മൂന്നു സിക്സുമടക്കം 22 റൺസെടുത്താണ് സഞ്ജു പുറത്തായത്. ഇഷാൻ 24 പന്തിൽ 64 റൺസ് നേടി.

അസുഖം ഭേദമായാൽ പാകിസ്ഥാനെതിരെ നാളെ ഇന്നിങ്സ് ഓപൺ ചെയ്യാൻ അഭിഷേക് തിരിച്ചുവരും. ഇന്ത്യൻ ടീമിൽ ആധികാരിക പ്രകടനം പുറത്തെടുത്താൽപോലും സ്ഥാനം ഉറപ്പില്ലാത്ത ചരിത്രമുള്ള സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടിവരും. എന്നാൽ, ഫോമിലായാൽ എതിരാളികളെ തച്ചുതകർക്കാൻ കെൽപുള്ള സഞ്ജുവിനെ ടീമിൽ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്ന ക്രിക്കറ്റ് വിശാരദർ പലരുമുണ്ട്.

അവരിലൊരാളാണ് മുൻ ഇന്ത്യൻ താരം കൂടിയായ മുഹമ്മദ് കൈഫ്. അഭിഷേക് തിരിച്ചെത്തിയാലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടു​ത്തണമെന്നും അതിനുള്ള വഴിയുണ്ടെന്നും തന്റെ യൂട്യൂബ് ചാനലിൽ കൈഫ് വിശദീകരിക്കുന്നു.

‘നമീബിയക്കെതിരെ എട്ട് പന്തുകളിൽ നിന്ന് 22 റൺസ് നേടിയ തുടക്കമാണ് സഞ്ജു നൽകിയത്. അദ്ദേഹം വളരെ ആക്രമണാത്മകമായി കളിച്ചു എന്നാണ് അതിനർഥം. സഞ്ജുവിനെ ​േപ്ലയിങ് ഇലവനിൽ എവിടെയെങ്കിലും ഉൾപ്പെടുത്താൻ കഴിയുമോ? അഭിഷേക് ശർമ ഇന്നിങ്സ് ഓപൺ ചെയ്യട്ടെ. പക്ഷേ റിങ്കു സിങ്ങിന്റെ സ്ഥാനത്ത് സഞ്ജുവിനെ കൊണ്ടുവരാൻ കഴിയുമോ? തീർച്ചയായും എന്നാണ് എന്റെ ഉത്തരം. റിങ്കു ലോകകപ്പുകളിൽ അധികം കളിച്ചിട്ടില്ല, രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങിയത്. അവൻ മികച്ച കളിക്കാരനാണെന്നതിൽ ഒരു സംശയവുമില്ല. പക്ഷേ, സഞ്ജു പരിചയസമ്പന്നനായ ബാറ്റ്‌സ്മാനാണ്. കൂടാതെ ഒട്ടേറെ മത്സരങ്ങളിൽ ക്യാപ്റ്റനായിരുന്ന പരിചയവുമുണ്ട്. അതുകൊണ്ട് റിങ്കുവിന് പകരം സഞ്ജുവിനെ നിങ്ങൾക്ക് ഉൾപ്പെടുത്തിക്കൂടേ?’ -കൈഫ് അഭിപ്രായപ്പെടുന്നു.

റിങ്കു തന്റെ താളം കണ്ടെത്തിയിട്ടില്ലെന്നും ലോകകപ്പിന്റെ സമ്മർദത്തിന് അടിപ്പെട്ടുപോകുന്നുവെന്നും കൈഫ് ചൂണ്ടിക്കാട്ടുന്നു. ‘പല കളിക്കാരും ആദ്യമായാണ് ലോകകപ്പിൽ കളിക്കുന്നത്. റിങ്കു ഇതുവരെ തന്റെ ഫ്ലോയിൽ പൂർണമായി എത്തിയിട്ടില്ല. ലോകകപ്പ് സമ്മർദം സ്വാഭാവികമാണ്. ലോകകപ്പിൽ പുറത്തായതുപോലെ അവൻ സാധാരണ പുറത്താകാറില്ല. കൂറ്റനടിക്ക് ശ്രമിക്കുകയും ലോങ് ഓഫിൽ ക്യാച്ച് നൽകുകയും ചെയ്യുന്നു. ഉത്തർ ​പ്രദേശിനൊപ്പം രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും, കുടാതെ ഐ.പി.എല്ലിലും, ഇന്ത്യയ്ക്കായുള്ള ദ്വിരാഷ്ട്ര പരമ്പര മത്സരങ്ങളി​ലുമൊക്കെ അവൻ എപ്പോഴും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതിനാൽ, ലോകകപ്പ് സമ്മർദം അൽപം അലട്ടുന്നുണ്ടാകാം, ’ -കൈഫ് പറഞ്ഞു. നമീബിയക്കെതിരെ അവസാന ഓവറുകളിൽ ക്രീസിലെത്തിയ റിങ്കു ആറു പന്തു നേരിട്ട് ഒരു റൺ മാത്രമെടുത്ത് പുറത്താവുകയായിരുന്നു.

Show Full Article
TAGS:mohammed kaif Sanju Samson Indian Cricket Team T20 World Cup ICC T20 world cup 2026 
News Summary - Mohammed Kaif discusses possibility of including Sanju Samson in India's playing XI
Next Story