മുംബൈ കാ നയാ സ്റ്റാർ
text_fieldsതിരുവനന്തപുരം: ഇടത്തേക്ക് ഇൻഡിക്കേറ്ററിട്ട് വലത്തേക്ക് വെട്ടിത്തിരിയുന്ന അനുസരണയില്ലാത്ത ഡ്രൈവിങ് പോലെയാണ് വിഘ്നേഷ് പുത്തൂരിന്‍റെ പന്തുകൾ. ഇടതുകൈയിലെ മോതിരവിരലിലൂടെ വായുവിലേക്ക് പറത്തിവിടുന്ന വെള്ളപ്പന്തുകൾ ഏത് ബാറ്ററെയും വെള്ളംകുടിപ്പിക്കും. കഴിഞ്ഞ ഐ.പി.എല്ലിൽ ഈ പെരുന്തൽമണ്ണക്കാരനെ 30 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് ലേലം വിളിച്ചെടുക്കുമ്പോൾ മറ്റ് ഫ്രാഞ്ചൈസികൾ ഗൂഗിളിൽ പരതി. ആരാണ് വിഘ്നേഷ് പുത്തൂർ. കേരള സീനിയർ ടീമിൽ കളിച്ചിട്ടില്ല. ട്വന്‍റി-ട്വന്‍റി പരിചയസമ്പത്തില്ല. മികച്ച പ്രകടനങ്ങളുമില്ല.
പിന്നെയെന്തിന്? അതിനുള്ള ഉത്തരമായിരുന്നു ചെപ്പോക്കിലെ മഞ്ഞപുതച്ച ഗ്യാലറിയെ നിശബ്ദമാക്കിയ ആ പ്രകടനം. മുംബൈ ഇന്ത്യൻസിനെതിരെ അനായാസ ജയത്തിലേക്ക് ചെന്നൈ ബാറ്റുവീശുമ്പോഴായിരുന്നു ഇന്ത്യൻ ഇതിഹാസവും വാങ്കഡേയുടെ രാജകുമാരനുമായ രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലയറായി വിഘ്നേഷിനെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൊണ്ടുവന്നത്. മുംബൈക്കെതിരെ ആർത്തലച്ച ഗാലറിയെ നിശബ്ദനാക്കാൻ അഞ്ചുപന്തുകൾ മതിയായിരുന്നു വിഘ്നേഷിന്. മത്സരത്തിൽ ചെന്നൈ ജയിച്ചെങ്കിലും ആരാധകരുടെ മനസ് കീഴടക്കിയത് വിഘ്നേഷായിരുന്നു. നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ‘ചൈനാമാനെ’ (ഇടംകൈ ലെഗ് സ്പിന്നർ) നോക്കി അവർ വിളിച്ചുപറഞ്ഞു ‘മുംബൈ കാ നയാ സ്റ്റാർ ആഗയാ’. പുതിയ സീസണിലെ പ്രതീക്ഷകളെക്കുറിച്ച് വിഘ്നേഷ് മനസ് തുറക്കുന്നു.
ക്രിക്കറ്റിലേക്കുള്ള വഴി
പാടത്തും റോഡിലുമായി ക്രിക്കറ്റ് കളിച്ചിരുന്ന എന്നെ 11ാം വയസിൽ അയൽവാസിയും കളിക്കൂട്ടുകാരനുമായ മുഹമ്മദ് ഷെരീഫിക്കയാണ് കളി ഗൗരവത്തിലെടുക്കാൻ പ്രേരിപ്പിച്ചത്. അന്നൊന്നും കൃത്യമായി പന്തെറിയാൻ അറിയില്ലായിരുന്നു. ഷെരീഫിക്ക, ക്രിക്കറ്റ് പ്രൊഫഷണലായി പഠിക്കാൻ പോകാറുണ്ടായിരുന്നു. സ്റ്റിച്ച് ബോളിൽ മീഡിയം പേസ് എറിഞ്ഞ എന്നെ ഷെരീഫിക്കയാണ് ഇടംകൈ ലെഗ് സ്പിൻ എറിയാൻ പഠിപ്പിച്ചത്. ഷെരീഫിക്കയുടെ നിർദേശപ്രകാരമാണ് അച്ഛൻ ക്രിക്കറ്റ് പരിശീലകൻ പി.ജി. വിജയകുമാർ സാറിന്‍റെ അടുത്ത് എത്തിച്ചത്. പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ജില്ല ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. കേരളത്തിനായി അണ്ടർ 14, 16, 19, 23 ടീമുകളിൽ കളിച്ചു. പെരിന്തൽമണ്ണ ജോളി റോവേഴ്സ് ക്ലബിലും കാലിക്കറ്റ് സർവകലാശാല ടീമിലും അംഗമായി. തുടർന്നാണ് കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പിക്കായി കളിച്ചത്.
കെ.സി.എൽ തുറന്നിട്ട ഭാഗ്യം
കേരളത്തിനായി ശ്രദ്ധിക്കപ്പെടുന്ന വലിയ പ്രകടനങ്ങളൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ ആദ്യ സീസണിൽ ലേലത്തിൽ പൂൾ സിയിലായിരുന്നു ഞാൻ. ആലപ്പി റിപ്പിൾസിനായി ലീഗിലെ 10 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് അവസരം ലഭിച്ചത്. അതിലും കാര്യമായ പ്രകടനമൊന്നുമുണ്ടായില്ല. ആകെ കിട്ടിയത് രണ്ട് വിക്കറ്റ് മാത്രം. ഭാഗ്യംകൊണ്ട് മുംബൈ ഇന്ത്യൻസിന്‍റെ സ്കൗട്ടുകളുടെ ശ്രദ്ധയിൽപെട്ടു. മൂന്ന് തവണ മുംബൈ ട്രയൽസിലേക്ക് ക്ഷണിച്ചു. ടീമിലെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നന്ദി പറയേണ്ടത് കേരള ക്രിക്കറ്റ് അസോസിയേഷനോടാണ്. കെ.സി.എ ഇത്തരമൊരു പ്ലാറ്റ്ഫോം നൽകിയതുകൊണ്ടാണ് ഇന്ന് വലിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിഞ്ഞത്.
ഐ.പി.എല്ലിൽ അവസരം കാക്കുന്നവരോട്
നിങ്ങളുടെ കഴിവുകൾ പരാമവധി പുറത്തെടുക്കുക. കളിയിൽ 100 ശതമാനവും കൊടുക്കുക. നിങ്ങളെ ശ്രദ്ധിച്ച് ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ സ്കൗട്ടുകളുണ്ട്.
രണ്ടാം സീസണിലെ തയാറെടുപ്പുകൾ.
ആദ്യസീസണിൽ ടീമിൽ വളരെ ജൂനിയറായതിന്‍റെ ടെൻഷനുണ്ടായിരുന്നു. ടി.വിയിൽ വീട്ടുകാർ കളികാണുന്നതിന്‍റെയും. ഇപ്പോൾ അത്തരം ടെൻഷനില്ല. ബാറ്ററെ എങ്ങനെ മനസ്സിലാക്കി പന്തെറിയണമെന്നതടക്കം പരിചയം ഐ.പി.എല്ലിൽനിന്ന് ലഭിച്ചു. രണ്ടാം സീസണിൽ അതൊക്കെ ടീമിനായി പുറത്തെടുക്കണം. ഫിറ്റ്നസിനായി ജിമ്മിൽ കൂടുതൽ വർക്ക് ചെയ്യുന്നു. ഡയറ്റിലും ശ്രദ്ധിക്കുന്നുണ്ട്. ബൗളിങ്ങിൽ വേരിയേഷനുകൾക്ക് ശ്രമിക്കുന്നു.
മുംബൈ ടീമിലെ സൗഹൃദങ്ങൾ
ജൂനിയറെന്ന നിലയിൽ എല്ലാവരും കാര്യങ്ങൾ പറഞ്ഞുതരും. എല്ലാവരുമായി നല്ല സൗഹൃദമാണ്. അവരിൽനിന്നെല്ലാം കുറേ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.
ആഗ്രഹം?
കേരള സീനിയർ ടീമിനായി കളിക്കണം. രഞ്ജി ഒരു സ്വപ്നമാണ്. അതുവഴി ഇന്ത്യൻ കുപ്പായത്തിൽ രാജ്യത്തിനായി ഇറങ്ങണം.
ആലപ്പി റിപ്പിൾസ് കപ്പ് തൂക്കുമോ?
ആദ്യ സീസണിൽ ഏറെ പിന്നിൽപോയി. ഇത്തവണ കളി വേറെ ലവലയാരിക്കും. ആദ്യ സീസണിലേതിനെക്കാൾ സെറ്റ് ടീമാണ്. ഇത്തവണ തുഴച്ചിലില്ല തൂക്കിയടി മാത്രം, കപ്പ് ഞങ്ങൾ കൊണ്ടുപോയിരിക്കും.