ഒമാൻ ടൂർ: രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി
text_fieldsമസ്കത്ത്: ഒമാൻ ചെയർമാൻ ഇലവനെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ കേരളത്തിന് തോൽവി.ആമീറാത്തിലെ ക്രിക്കറ്റ് അക്കാദമി സ് റ്റേഡിയത്തിൽ നടന്ന കളിയിൽ 32 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ഇതോടെ പരമ്പര 1- 1ആയി. സകോർ ഒമാൻ ചെയർമാൻ ഇലവൻ: 294/7, കേരളം 262/10. കേരളത്തിനായി അസ്ഹറുദ്ദീനും ഗോവിന്ദ് ദേവും സൽമാൻ നിസാറും അർധ സെഞ്ച്വറി നേടിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് വിക്കറ്റെടുത്ത മുജീബു ഉർ അലിയാണ് കേരളത്തിന്റെ ബറ്റിങ്ങ് നിരയുടെ നട്ടെല്ലൊടിച്ചത്.
ആദ്യ കളിയിൽ ഒമാൻ ഉയർത്തിയ കുറ്റൻ റൺസ് പിന്തുടർന്ന് വിജയിച്ചതിന്റെ ആത്മ വിശ്വാസവുമായിട്ടാണ് കേരളം മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ, സ്കോർബോർഡ് തെളിയുന്നതിന് മുന്നേ പ്രതാപ് നായർ മടങ്ങി. എന്നാൽ കേരള ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും ഗോവിന്ദ് ദേവ് ദിലീപ് പൈയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയത് പ്രതീക്ഷ നൽകി. ടീം 111 റൺസിൽ നിൽക്കുമ്പോൾ രണ്ടാമത്തെ വിക്കറ്റും വീണു. 62 റൺസെടുത്ത ഗോവിന്ദ് മടങ്ങി.
പിന്നാലെ റൺസൊന്നുമെടുക്കാതെ റോജറും മടങ്ങി. അപ്പോഴും കേരളത്തിന് പ്രതീക്ഷ നൽകി അസ്ഹറുദ്ദീൻ ക്രീസിൽ നിലയുറപ്പിച്ചിരുന്നു. പക്ഷേ 63 ൽ നിൽക്കെ റണൗട്ടിൽ വീണ് കേരള ക്യാപ്റ്റൻ കൂടാരം കയറി. പിന്നീട് വന്ന അക്ഷയ് മനോഹർ 13 ഉം കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച റോഹൻ കുന്നുമ്മൽ 12 നും പുറത്തായതോടെ കേരളം തോൽവി മണത്തു.
പിന്നാലെ വന്ന സൽമാൻ നിസാർ തകർത്തടിച്ചതോടെ വീണ്ടും വിജയ പ്രതീക്ഷകൾ തളിരിട്ടു. 34 പന്തിൽ 58 റൺസടിച്ച് മിന്നും ഫോമിൽ നിൽക്കെ സൽമാനെ പുറത്താക്കി ഷക്കീൽ അഹമ്മദ് ഒമാന് ബ്രേക്ക് ത്രൂ നൽകി. പിന്നീട് വന്നവരൊന്നും കാര്യമായ സംഭാവന ചെയ്യാത്തിനാൽ 48.2 ഓവറിൽ 262 റൺസിന് എല്ലാവരും പുറത്തായി. ഒമാനുവേണ്ടി ഷക്കീൽ അഹമ്മദ്, മുഹമ്മദ് ഇമ്രാൻ, സാമി ശ്രീവാസ്തവ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങ് തെഞ്ഞെടുത്ത ഒമാൻ ചെയർമാൻ ഇലവൻ നിശചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 294 റൺസാണെടുത്തത്. സെഞ്ച്വറി നേടിയ ഓപണർ പൃത്വി മാച്ചി (123ബാളിൽ 105), അർധ സെഞ്ച്വറി സ്വന്തമാക്കിയ മുഹമ്മദ് നദീം (80) എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ പടുത്തുയർത്തിയത്.
കഴിഞ്ഞ കളിയിൽനിന്ന് വ്യത്യസ്തമായി കേരള ബൗളർമാർ താരതമ്യേന കണിശമായ പ്രകനമാണ് ഇന്നലെ നടത്തിയത്. സകോർ ബോർഡിൽ 40 റൺസ് കൂട്ടചേർക്കുമ്പോഴേക്കും രണ്ട് ഒമാൻ താരങ്ങൾ കൂടാരം കയറിയിരുന്നു. എന്നാൽ മറുവശത്ത് സൂക്ഷമതയോടെ ബാറ്റ് വീശിയ പൃത്വി മാച്ചി സ്കോർ പതിയെ ചലിപ്പിച്ച് കൊണ്ടിരുന്നു. ഒടുവിൽ ഷോൺ റോജറിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ 11ഫോറുകൾ പൃത്വിയുടെ ബാറ്റിൽനിന്ന് പിറന്നിരുന്നു.
അവസാന ഓവറുകളിൽ മുഹമ്മദ് നദീം നടത്തിയ മിന്നും പ്രകടനമാണ് ഭേപ്പെട്ട നലയിൽ ഒമാനെ എത്തിച്ചത്. ഹമ്മാദ് മിർസ(33), വിനായക് ശുക്ല (32) എന്നിരൊഴികെ മറ്റുള്ളവർക്കൊന്നും ഒമാൻ നിരയിൽ തിളങ്ങാനായില്ല. കേരളത്തിനുവേണ്ടി നിതീഷ് രണ്ടും പി.വി. ബേസിൽ,ശ്രീഹരി, അബ്ദുൽ ബാസിത്,ഷോൺ ജോർജർ എന്നിവർ ഓരാവീതം വിക്കറ്റും സ്വന്തമാക്കി