ഏഷ്യാകപ്പ്: ഒമാൻ 67ന് പുറത്ത്; പാകിസ്താന് മിന്നും ജയത്തോടെ തുടക്കം
text_fieldsഒമാന്റെ വിക്കറ്റ് വീഴ്ത്തിയ പാകിസ്താൻ താരങ്ങളുടെ ആഹ്ലാദം
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താന് തകർപ്പൻ ജയത്തോടെ തുടക്കം. തങ്ങളുടെ ആദ്യ മത്സരത്തിൽ ഒമാനെ 93 റൺസിന് തോൽപിച്ചുകൊണ്ടാണ് അറേബ്യൻ മണ്ണിൽ പാക് പട പടയോട്ടം ആരംഭിച്ചത്.
ആദ്യം ബാറ്റുചെയ്ത പാകിസ്താൻ ഏഴു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ഒമാൻ 67 റൺസിൽ അവസാനിച്ചു. 16.4 ഓവറിലാണ് ഒമാൻ പുറത്തായത്. ഒമാൻ നിരയിൽ ഓപണർ ആമിർ കലീം (13), ഹമ്മദ് മിർസ (27), ഷകീൽ അഹമ്മദ് (10)എന്നിവർക്കു മാത്രമേ ഇരട്ടയക്കത്തിൽ എത്താൻ കഴിഞ്ഞുള്ളൂ.
ഒമാനെതിരെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് ഹാരിസിന്റെ (66 റൺസ്) വെടിക്കെട്ട് ഇന്നിങ്സ് മികവിലാണ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 160ലെത്തിയത്. ആദ്യഓവറിൽ തന്നെ ഓപണർ സൈയിം അയുബിനെ നഷ്ടമായെങ്കിലും, രണ്ടാം വിക്കറ്റിൽ ഓപണർ സബിഷ്സാദ ഫർഹാനും (29) മുഹമ്മദ് ഹാരിസും ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 43 പന്തിൽ ഏഴ് ബൗണ്ടറിയും മൂന്ന് സിക്സറും പറത്തിയാണ് മുഹമ്മദ് ഹാരിസ് ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റിയത്. ഫഖർ സമാൻ (23 നോട്ടൗട്ട്) പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സൽമാൻ ആഗ (0) നേരിട്ട ആദ്യ പന്തിൽമടങ്ങി. ഹസൻ നവാസ് (9), മുഹമ്മദ് നവാസ് (19), ഫഹീം അഷ്റഫ് (8) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. ഒമാന്റെ ഷാ ഫൈസൽ, ആമിർ കലീം എന്നിവർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
ഒമാന്റെ ഏഴ് താരങ്ങൾ ഒറ്റയക്കത്തിൽ പുറത്തായി. പാകിസ്താനുവേണ്ടി ഫഹീം അഷ്റഫ്, സുഫിയാൻ മുഖീം, സയിം അയുബ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടൂർണമെന്റിൽ പാകിസ്താന്റെ അടുത്ത മത്സരം സെപ്റ്റംബർ 14 ഞായറാഴ്ച ഇന്ത്യക്കെതിരെയാണ്.