Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിത്തും...

രോഹിത്തും കോഹ്‌ലിയുമല്ല; പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഇന്ത്യൻ താരത്തെ വെളിപ്പെടുത്തി പാറ്റ് കമ്മിൻസ്

text_fields
bookmark_border
രോഹിത്തും കോഹ്‌ലിയുമല്ല; പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഇന്ത്യൻ താരത്തെ വെളിപ്പെടുത്തി പാറ്റ് കമ്മിൻസ്
cancel

തന്റെ കരിയറിൽ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയോ രോഹിത് ശർമയോ അല്ലെന്നും, അത് ചേതേശ്വർ പുജാരയാണെന്നും വ്യക്തമാക്കി ആസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. പ്രൈം വീഡിയോ സ്‌പോർട്‌സ് പങ്കുവെച്ച ഒരു വീഡിയോയിലാണ് വിവിധ രാജ്യങ്ങളിൽ നിന്നായി താൻ നേരിട്ട ഏറ്റവും മികച്ച എതിരാളികളെ കമ്മിൻസ് തിരഞ്ഞെടുത്തത്. ക്രീസിൽ ദീർഘനേരം നിലയുറപ്പിക്കാനുള്ള പുജാരയുടെ കഴിവ് എതിർ ടീം ബൗളർമാരെ ഏറെ കുഴപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

"ഇന്ത്യൻ നിരയിൽ അത് പുജാരയാണ്. അദ്ദേഹത്തെ പുറത്താക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര പന്തുകൾ വേണമെങ്കിലും പ്രതിരോധിച്ച് കളിക്കാൻ അദ്ദേഹം തയ്യാറാണ്, നൂറ് ഡോട്ട് ബോളുകൾ നേരിടാൻ വരെ അദ്ദേഹത്തിന് മടിയില്ല. ബൗളർമാർക്ക് അദ്ദേഹം ഒരു അവസരവും നൽകില്ല"- കമ്മിൻസ് വ്യക്തമാക്കി.

പാകിസ്താൻ നിരയിൽ മുൻ സ്പിന്നർ സയീദ് അജ്മലിനെയാണ് കമ്മിൻസ് തെരഞ്ഞെടുത്തത്. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സവിശേഷമായ ശൈലിയുള്ള ബൗളറാണ് അജ്മലെന്നും ആദ്യമായി നേരിട്ടപ്പോൾ തന്നെ താൻ ക്ലീൻ ബൗൾഡായെന്നും കമ്മിൻസ് ഓർത്തെടുത്തു. മറ്റ് രാജ്യങ്ങളിൽ നിന്നായി അലസ്റ്റർ കുക്ക് (ഇംഗ്ലണ്ട്), എ.ബി. ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക), ബ്രണ്ടൻ മക്കല്ലം (ന്യൂസിലൻഡ്), തിലകരത്നെ ദിൽഷൻ (ശ്രീലങ്ക), ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്) എന്നിവരെയാണ് അദ്ദേഹം തന്റെ പട്ടികയിൽ ഉൾപ്പെടുത്തിയത്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമല്ലാത്ത താരങ്ങളെ മാത്രമാണ് കമ്മിൻസ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പുജാര ഇന്ത്യക്കായി 103 ടെസ്റ്റുകളിൽ നിന്നായി 43.60 ശരാശരിയിൽ 7,195 റൺസ് നേടിയിട്ടുണ്ട്. 19 സെഞ്ച്വറികളും 35 അർധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ അഞ്ച് ഏകദിനങ്ങളിലും താരം ഇന്ത്യൻ ജഴ്സിയണിഞ്ഞു.

അതേസമയം, മൂന്ന് വീതം ഏകദിനങ്ങളും ടെസ്റ്റുകളുമടങ്ങുന്ന പരമ്പരയ്ക്കായി ഓസ്‌ട്രേലിയൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പര്യടനം നടത്താനിരിക്കുകയാണ്. 2018-ലെ പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. നിലവിൽ മൂന്ന് ഏകദിനങ്ങൾക്കായി സിംബാബ്‌വെ പര്യടനത്തിലുള്ള ഓസീസ് ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാകും കമ്മിൻസ് ജോയിൻ ചെയ്യുക. ഒക്ടോബർ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Show Full Article
TAGS:Pat Cummins Rohit Sharma Virat Kohli Cricket News Malayalam Sports News 
News Summary - Pat Cummins Picks Toughest Indian Batter
Next Story