
‘കോഹ്‍ലി പുറത്തായപ്പോൾ സ്റ്റേഡിയത്തിലെ നിശബ്ദത ഞങ്ങൾ ആസ്വദിച്ചതിങ്ങനെ’; തുറന്നുപറഞ്ഞ് പാറ്റ് കമ്മിൻസ്
text_fieldsഅഹ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന വിരാട് കോഹ്ലി പുറത്തായപ്പോൾ ഒരുലക്ഷത്തോളം കാണികളുണ്ടായിരുന്ന സ്റ്റേഡിയത്തിലെ നിശ്ശബ്ദത തങ്ങൾ ആസ്വദിച്ചതായി ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യൻ നിരയിൽ 62 പന്തിൽ 54 റൺസെടുത്തു നിൽക്കെ കമ്മിൻസിന്റെ പന്തിനെ ബാറ്റുവഴി വിക്കറ്റിലേക്ക് വലിച്ചിഴച്ചാണ് കോഹ്‍ലി പുറത്തായത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന വിശേഷണമുള്ള അഹ്മദാബാദ് സ്റ്റേഡിയത്തിൽ കോഹ്‍ലി പുറത്തായതോടെ കനത്ത നിശ്ശബ്ദതയായിരുന്നു. ‘വിരാട് കോഹ്ലി പുറത്തായതോടെ ഞങ്ങൾ കളത്തിൽ ആ നിശ്ശബ്ദതയെ തിരിച്ചറിയാൻ മാത്രം അൽപനിമിഷങ്ങൾ ഒത്തുചേർന്നു. കോഹ്‍ലി പതിവുപോലെ വീണ്ടുമൊരു സെഞ്ച്വറി നേടുമെന്ന തോന്നലിലായിരുന്നു ഞങ്ങൾ. അതുകൊണ്ടുതന്നെ ആ വിക്കറ്റ് ഏറെ സംതൃപ്തി നൽകുന്നതായിരുന്നു’ -കമ്മിൻസ് പറഞ്ഞു.
1.30 ലക്ഷം ആളുകളെ നിശ്ശബ്ദരാക്കാൻ കഴിയുന്നതിനേക്കാൾ വലിയ സംതൃപ്തിയില്ലെന്ന് ഫൈനലിന് മുമ്പ് കമ്മിൻസ് പ്രസ്താവിച്ചിരുന്നു. ‘കാണികൾ തീർച്ചയായും അങ്ങേയറ്റം ഏകപക്ഷീയമായിരിക്കുമെന്നുറപ്പാണ്. കളിയിൽ വലിയൊരു ജനക്കൂട്ടത്തെ നിശ്ശബ്ദരാക്കാൻ കഴിയുന്നതിനേക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’ -ഫൈനൽ തലേന്ന് കമ്മിൻസ് വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
കോഹ്‍ലിയുടെയും കെ.എൽ. രാഹുലിന്റെയും (66) അർധസെഞ്ച്വറികളും ഫൈനലിൽ മികച്ച സ്കോറിലേക്ക് ഇന്ത്യയെ നയിച്ചില്ല. കൃത്യം 50 ഓവറിൽ 240 റൺസിന് ഓൾഔട്ടാവുകയായിരുന്നു ആതിഥേയർ. മറുപടി ബാറ്റിങ്ങിൽ ആസ്ട്രേലിയ മൂന്നിന് 47 റൺസെന്ന നിലയിൽ പരുങ്ങവേ, ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ, ഒരറ്റത്ത് ഉറച്ചുനിന്ന ഓപണർ ട്രേവിസ് ഹെഡും (137) മാർകസ് ലബുഷെയ്നും (58) ചേർന്ന് നാലാം വിക്കറ്റിൽ 192 റൺസിന്റെ ഗംഭീര കൂട്ടുകെട്ടുയർത്തി ഓസീസിനെ ആറാം ഏകദിന കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.