ദുലീപ് ട്രോഫി ഫൈനൽ; പാട്ടീദാർ, റാഥോഡ് ഷോ
text_fieldsബംഗളൂരു: ദുലീപ് ട്രോഫി കലാശപ്പോരിൽ ദക്ഷിണ മേഖലയെ നിഷ്പ്രഭരാക്കി മധ്യമേഖല ബാറ്റർമാരായ രജത് പാട്ടീദാറുടെയും യാഷ് റാഥോഡിന്റെയും സെഞ്ച്വറി പ്രകടനം. തുടർച്ചയായ രണ്ടാം നാളിലും ആധികാരിക പ്രകടനം തുടർന്ന മധ്യമേഖലക്കെതിരെ വൻതോൽവിക്ക് മുന്നിലാണ് എതിരാളികൾ.
നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ പാട്ടീദാറും യാഷ് റാഥോഡും ചേർന്ന് 167 റൺ കൂട്ടുകെട്ടുയർത്തിയതോടെ ടീം രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 384 റൺസ് എന്ന നിലയിലാണ്. ഒന്നാം ദിനം ബാറ്റിങ് തകർന്നടിഞ്ഞ ദക്ഷിണ മേഖല 149 റൺസിന് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. ഇതോടെ നിലവിൽ 235 റൺസ് ലീഡുള്ള മധ്യ മേഖല ഇന്ന് കൂടുതൽ റൺ അടിച്ചുകൂട്ടി എതിരാളികൾക്കുമേൽ ഇന്നിങ്സ് ജയം കുറിക്കാനുള്ള ഒരുക്കങ്ങളിലാണ്.
ദക്ഷിണ മേഖല ബൗളിങ്ങിനെ അടിച്ചുപറത്തിയാണ് തുടക്കം മുതൽ മധ്യമേഖല കളി നയിച്ചത്. പാട്ടീദാർ 115 പന്തിൽ 101 റൺസെടുത്തുനിൽക്കെ ഗുർജപ്നീത് സിങ്ങിന് ക്യാച്ച് നൽകി മടങ്ങിയെങ്കിലും യാഷ് റാഥോഡ് 137 റൺസുമായി ക്രീസിലുണ്ട്. 47 റണ്ണുമായി സാരൻഷ് ജെയിനാണ് കൂടെ ക്രീസിൽ.