പരാഗിനെ ക്യാപ്റ്റനാക്കണം, ജെയ്സ്വാൾ മതിയെന്ന് ചിലർ, സഞ്ജുവിന്റെ ഭാവി..? ദ്രാവിഡ് റോയൽസിന്റെ പടിയിറങ്ങാൻ കാരണം ഇതൊക്കെയാണ്...
text_fieldsരാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തുനിന്ന് രാഹുൽ ദ്രാവിഡ് പടിയിറങ്ങിയതെന്തുകൊണ്ട്? കരാർ കാലാവധി ഏറെ ബാക്കിയുണ്ടായിട്ടും ഒരു വർഷം കഴിയുംമുമ്പേ സ്ഥാനമൊഴിയാൻ രാഹുലിനെ പ്രേരിപ്പിച്ചതെന്ത്? ഇതേച്ചൊല്ലി ക്രിക്കറ്റ് വൃത്തങ്ങളിൽ നിറയുന്ന അഭ്യൂഹങ്ങൾ നിരവധിയാണ്. ദ്രാവിഡിന്റെ പടിയിറക്കം തീർത്തും വ്യക്തിപരമാണെന്നാണ് രാജസ്ഥാൻ റോയൽസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചത്. കൂടുതൽ വിശാലമായ ഉത്തരവാദിത്വങ്ങൾ വാഗ്ദാനം ചെയ്തിട്ടും രാഹുൽ വിട്ടുപോവുകയായിരുന്നുവെന്നാണ് ടീം അധികൃതരുടെ വിശദീകരണം.
ദ്രാവിഡിന്റേത് പെട്ടെന്നുള്ള പടിയിറക്കമാണെങ്കിലും അതൊരിക്കലും അതിശയിപ്പിക്കുന്നതായിരുന്നില്ല. കഴിഞ്ഞ ഐ.പി.എൽ സീസൺ അവസാനിച്ചപ്പോൾ തന്നെ അണിയറയിൽ പലതും പുകയുന്നുണ്ടായിരുന്നു. 14 കളികളിൽനിന്ന് കേവലം നാലു ജയവുമായി പോയന്റ് പട്ടികയിൽ പിൻനിരയിലായിപ്പോയ ടീമിലെ അധികാര വടംവലികൾ ഏറക്കുറെ പരസ്യമായ രഹസ്യമായിരുന്നു.
ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പ് ജയിച്ചെത്തിയ പരിശീലകന് കീഴിൽ റോയൽസ് മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു. കോച്ചിങ് മാർക്കറ്റിൽ ദ്രാവിഡിന് പൊന്നും വിലയുള്ള സമയമായിരുന്നു അത്. യുവതാരങ്ങളെ അണിയിലെത്തിക്കുകയും ഭാവിയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്ന ടീമിന് ദ്രാവിഡെന്ന പരിശീലകൻ കൃത്യമായ ചോയ്സായിരുന്നു. എന്നാൽ, അതിസമ്മർദങ്ങളേറിയ ഐ.പി.എല്ലിന്റെ ആവാസ വ്യവസ്ഥയിൽ ഗതികിട്ടാതെ കുരുങ്ങി റോയൽസ് കഴിഞ്ഞ തവണ എട്ടുനിലയിൽ പൊട്ടി.
കളി കഴിഞ്ഞതുമുതൽ സീസണിലെ പ്രകടനത്തെക്കുറിച്ചൊരു വിലയിരുത്തൽ നടത്തണമെന്ന് റോയൽസ് മാനേജ്മെന്റ് ദ്രാവിഡിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ദ്രാവിഡിനെ കോച്ചായി നിലനിർത്താനായാണ് മനോജ് ബദാലെ അടക്കമുള്ളവർ കൂടുതൽ വിശാലമായ റോൾ മുന്നോട്ടുവെച്ചതും. എന്നാൽ, 2011 മുതൽ താൻ ഏറെ അടുപ്പം പുലർത്തുന്ന രാജസ്ഥാൻ സംഘവുമായി വഴിപിരിയാൻ തന്നെയായിരുന്നു ‘വൻമതിലി’ന്റെ തീരുമാനം.
ദ്രാവിഡിന്റെ പടിയിറക്കത്തിൽ സഞ്ജുവിന്റെ റോൾ?
തന്നെ ടീമിൽനിന്ന് വിട്ടുപോകാൻ അനുവദിക്കണമെന്ന് റോയൽസിന്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദ്രാവിഡ് സ്ഥാനമൊഴിഞ്ഞത്. സഞ്ജുവിന്റെ ഉൾവലിയലിന്റെ തുടർച്ചയായാണ് ദ്രാവിഡിന്റെ വിടവാങ്ങൽ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനും കോച്ചിനുമിടയിൽ സ്വാഭാവികമായ ഊഷ്മള ബന്ധം ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ടീമിന്റെ ദീർഘകാല ക്യാപ്റ്റൻ അസന്തുഷ്ടനായിരിക്കുമ്പോൾ, പരിശീലകന് പരീക്ഷണങ്ങളെ പൂർണാർഥത്തിൽ നേരിടാൻ കഴിഞ്ഞെന്ന് വരില്ല. രാജസ്ഥാൻ റോയൽസിന്റെ പുതുസംവിധാനങ്ങളിൽ സഞ്ജുവിനുണ്ടായ നിരാശ ദ്രാവിഡിലേക്കും പടർന്നിട്ടുണ്ടാകണം. സഞ്ജുവിലെ കളിക്കാരനെ തുടക്കകാലത്ത്
ചേർത്തുപിടിക്കുകയും ആർ.ആർ സെറ്റപ്പിനുള്ളിലെ മലയാളിതാരത്തിന്റെ വളർച്ചയെ അഭിമാനകരമായ ഒന്നായി ദ്രാവിഡ് എപ്പോഴും ഉയർത്തിക്കാട്ടുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും. റോയൽസിൽ അവർ വീണ്ടും ഒരുമിച്ചുചേരുമ്പോൾ ക്യാപ്റ്റനും കോച്ചുമെന്ന നിലയിൽ അത് മികച്ച ചേരുവയാണെന്നും പ്രകീർത്തിക്കപ്പെട്ടിരുന്നു.
‘കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ദ്രാവിഡ് എപ്പോഴും സഞ്ജുവിനെ പിന്തുണച്ചിട്ടുണ്ട്. സഞ്ജുവിന്റെ ഭാവിയെക്കുറിച്ച് കൂടുതൽ വ്യക്തതയില്ലാതെ ടീം അടുത്ത ഘട്ടം ആസൂത്രണം ചെയ്യുന്നത് ദ്രാവിഡിന്റെ അസ്വസ്ഥത വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്’ - റോയൽസ് വൃത്തങ്ങളിലൊരാൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
പടപ്പുറപ്പാടായി പരാഗിന്റെ വരവ്?
ഐ.പി.എല്ലിനിടെ റോയൽസിന്റെ അകത്തളങ്ങളിലുണ്ടായ സംഭവവികാസങ്ങളിൽ സഞ്ജു തീർത്തും അതൃപ്തനായിരുന്നു. ക്യാപ്റ്റനും കോച്ചിനുമിടയിലെ സ്വാഭാവികമായ ഊഷ്മളതക്ക് കുറവു വന്നെങ്കിൽ പോലും അത് പൂർണമായും തകർന്നിരുന്നില്ല. എന്നാൽ, അതിനെല്ലാം മുകളിൽ ഫ്രാഞ്ചൈസിയിൽ മൂന്ന് വ്യത്യസ്ത ചിന്താധാരകൾ ഉടലെടുത്തുവെന്നാണ് സൂചനകൾ. പരിക്കുകാരണം സഞ്ജു പുറത്തിരുന്ന ഏതാനും മത്സരങ്ങളിൽ ടീമിനെ നയിച്ച റിയാൻ പരാഗിനെ അടുത്ത ഫുൾടൈം ക്യാപ്റ്റനായി വാഴിക്കാനുള്ള നീക്കങ്ങളാണ് പാളയത്തിൽ അസ്വസ്ഥതക്ക് ആക്കം കൂട്ടിയത്. ഇതിനിടയിൽ, യശസ്വി ജയ്‌സ്വാളിനെ ഭാവി നായകനായി പിന്തുണച്ചും ചിലരെത്തി. സഞ്ജു തലപ്പത്ത് തുടരണമെന്ന് ആഗ്രഹിച്ചവരായിരുന്നു മൂന്നാമത്തെ കൂട്ടർ.
കഴിഞ്ഞ സീസണിൽ ക്യാപ്റ്റനെന്ന നിലയിൽ റോയൽസിനെ നയിച്ച പരാഗ് പൂർണ പരാജയമായിരുന്നു. ബാറ്റുകൊണ്ടോ ടീമിനെ പ്രചോദിതമാക്കുന്ന നിലപാടുകളിലോ അനിവാര്യ സമയത്തെ വേറിട്ട തന്ത്രങ്ങളിലോ ഒന്നും പരാഗ് ഒട്ടും മിടുക്കുകാട്ടിയില്ല.
എന്നാൽ, അസംകാരനായ പരാഗിനെ നായകനാക്കാനുള്ള ആർ.ആർ ശ്രമങ്ങൾ വടക്കുകിഴക്കൻ മേഖലയിൽ ടീമിന്റെ പ്രീതി വർധിപ്പിക്കാനുള്ള മാനേജ്മെന്റ് നീക്കങ്ങളുടെ ഭാഗമാണ്. ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയം റോയൽസിന്റെ രണ്ടാം ഹോം ഗ്രൗണ്ടായിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. മേഖലയിൽ റോയൽസിന്റെ ബ്രാൻഡിങ്ങിന് പരാഗ് അനിവാര്യ ഘടകമാണെന്ന് ഫ്രാഞ്ചൈസിയിലെ ചിലർ വാദിക്കുന്നുമുണ്ട്.
എന്നാൽ, ദ്രാവിഡ് ഉൾപ്പെടെയുള്ളവർ പരാഗിനെ നായകനാക്കണമെന്ന വാദത്തോട് ഒട്ടും യോജിക്കുന്നില്ല. അർഹതയുടെ അടിസ്ഥാനത്തിലുള്ള സെലക്ഷനും ദീർഘകാല പദ്ധതികളും അടിസ്ഥാനമാക്കുന്ന രാഹുൽ, ജശസ്വി ജെയ്സ്വാളിനെപ്പോലെ സ്ഥിരതയും സിദ്ധിയുമുള്ള കളിക്കാരനെ അവഗണിച്ച് പരാഗിനെ നായകനാക്കുന്നതിന് പൂർണമായും എതിരാണ്. ഇതിനിടയിൽ ധ്രുവ് ജുറേലിന്റെ പേരും നായകസ്ഥാനത്തേക്ക് ചിലർ മുന്നോട്ടുവെക്കുന്നുമുണ്ട്. ദ്രാവിഡും പടിയിറങ്ങിയതോടെ റോയൽസ് വിടാനുള്ള തീരുമാനം സഞ്ജു ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ.