നിഷ്കരുണം... കരുൺ നായർ 132 നോട്ടൗട്ട്
text_fieldsനാലാം ദിനം ഒന്നാം സെഷൻ. വിദർഭ സ്കോർ രണ്ടിന് 52 എന്ന നിലയിൽ നിൽക്കെ 31 റണ്ണെടുത്ത കരുൺ നായരുടെ ബാറ്റിലുരസിയ ഏദന്റെ പന്ത് സ്ലിപ്പിലേക്ക്. എന്നാൽ, അക്ഷയ് ചന്ദ്രന്റെ കൈകളിൽനിന്ന് പന്ത് അവിശ്വസനീയമായി ചോർന്നു. കേരളം തലയിൽ കൈവെച്ചുപോയ നിമിഷം. ‘ലൈഫി’ൽ പിടിച്ചുകയറിയ കരുൺ പിന്നെ തിരിഞ്ഞുനോക്കിയില്ല. സെഞ്ച്വറിയും കടന്ന് അപരാജിതനായി ക്രീസിൽ (280 പന്തിൽ 132 റൺസ്). ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ 23ാം സെഞ്ച്വറി കുറിച്ച കരുണിന്റെ രണ്ടാം രഞ്ജി ഫൈനൽ സെഞ്ച്വറി കൂടിയാണിത്.
വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി ഫൈനലിൽ നാലാം ദിനം കളി നിർത്തുമ്പോൾ കരുൺ നായരുടെ സെഞ്ച്വറിയുടെയും ഒന്നാമിന്നിങ്സിലെ സെഞ്ച്വറിക്കാരൻ ഡാനിഷ് മാലേവറിന്റെ അർധസെഞ്ച്വറിയുടെയും മികവിൽ കേരളത്തിനെതിരെ ആതിഥേയരായ വിദർഭ രണ്ടാമിന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 249 എന്ന നിലയിലാണ്; 286 റൺസിന്റെ ലീഡ്.
തുടക്കത്തിൽ രണ്ടു വിക്കറ്റ് വീഴ്ത്തി പോരാട്ട വീര്യം കാണിച്ച കേരളത്തിന്റെ കിരീട വഴിയടച്ച പ്രകടനമായിരുന്നു കരുൺ- ഡാനിഷ് കൂട്ടുകെട്ടിന്റേത്. നാലാംദിനം ആദ്യ സെഷനുശേഷം കേരളത്തിന്റെ സ്പിന്നർമാർക്ക് പ്രതീക്ഷിച്ച ടേൺ കണ്ടെത്താനാവാത്തതും വിനയായി. അഞ്ചാം ദിനം പരമാവധി ബാറ്റ് ചെയ്ത് കേരളത്തിന് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തടയുകയാവും വിദർഭയുടെ ലക്ഷ്യം. ഇതോടെ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തിൽ വിദർഭ ജേതാക്കളാവും. കേരളത്തിന് ഇനി കിരീട പ്രതീക്ഷ നിലനിർത്താൻ ഞായറാഴ്ച ഒന്നാം സെഷനിൽ അത്ഭുതങ്ങൾ സംഭവിക്കണം.
തുടക്കം ഗംഭീരം
രണ്ടാം ഇന്നിങ്സ് ആരംഭിച്ച വിദർഭക്കെതിരെ ഓപണിങ് സ്പെല്ലിൽ എം.ഡി. നിതീഷിനെയും ജലജ് സക്സേനയെയും നിയോഗിച്ച് പേസും സ്പിന്നും ചേർന്നുള്ള ആക്രമണമായിരുന്നു കേരളത്തിന്റേത്. ഇത് ഫലം കാണുകയും ചെയ്തു. സ്കോർ ബോർഡിൽ അഞ്ചു റൺസ് മാത്രമുള്ളപ്പോൾ ഇന്നിങ്സിന്റെ രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ ഓപണർ പാർഥ് രേഖഡെയുടെ കുറ്റി ജലജ് സക്സേന പിഴുതു. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ഒന്നാന്തരം ഔട്ട്സ്വിങ്ങറിലൂടെ ധ്രുവ് ഷോറെയെ (അഞ്ച്) നിതീഷും മടക്കി. വിക്കറ്റിന് പിന്നിൽ അസ്ഹറുദ്ദീന് തകർപ്പൻ ഡൈവിങ് ക്യാച്ച്. രണ്ടു വിക്കറ്റിന് ഏഴ് റൺ എന്ന നിലയിൽ പരുങ്ങവെ ഒന്നാമിന്നിങ്സിലെ രക്ഷകരായ ഡാനിഷ് മാലേവാറും കരുൺ നായരും ക്രീസിൽ ഒത്തുചേർന്നതോടെ വിദർഭ ചലിച്ചുതുടങ്ങി.
കരുണിനായിരുന്നു റൺവേഗം കൂടുതൽ. ഏഴാം ഓവറിന്റെ അവസാന പന്തിൽ നിതീഷിന് മുന്നിൽ ഡാനിഷ് മാലേവാർ എൽ.ബി.ഡബ്ല്യുവിൽനിന്ന് രക്ഷപ്പെട്ടു. വിക്കറ്റിനായുള്ള കേരള താരങ്ങളുടെ അപ്പീൽ അമ്പയർ അനുവദിച്ചെങ്കിലും വിദർഭ ഡി.ആർ.എസിന്റെ സഹായം തേടി. ലൈനിൽ പതിച്ച പന്തിന്റെ സഞ്ചാരദിശ പക്ഷേ, പുറത്തേക്കായതോടെ അമ്പയർ തീരുമാനം തിരുത്തി.
ഏദൻ ആപ്പിൾ ടോമും ആദിത്യ സർവാതെയും സ്പെൽ ഏറ്റെടുത്തതിന് പിന്നാലെ കരുണിന് കേരളം കരുണയോടെ ‘ജീവൻ’ നൽകി. കളിയുടെ ഗതിതന്നെ മാറ്റിയേക്കാവുന്ന വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് കേരളം പിന്നീട് വില നൽകേണ്ടിവന്നു. ആദ്യ സെഷൻ പിരിയുമ്പോൾ വിദർഭ രണ്ടിന് 90 എന്ന നിലയിൽ 127 റൺസ് ലീഡിലായിരുന്നു.
വിടർന്ന് വിദർഭ
രണ്ടാം സെഷനിൽ കരുണിന്റെയും ഡാനിഷിന്റെയും അർധ സെഞ്ച്വറി പിറന്നു. 123 പന്തിൽ നാലു ബൗണ്ടറിയടക്കമായിരുന്നു ഡാനിഷിന്റെ നേട്ടം. ഇരുവരും ചേർന്ന് സ്കോറുയർത്തുന്നതിനിടെ ആദിത്യ സർവാതെയെ തുടർച്ചയായി രണ്ട് സിക്സറിന് പറത്തി കരുൺ വിദർഭയെ കൂളാക്കി. സെഷൻ പിരിയുന്നതിന് മുമ്പ് കരുണിന്റെ സെഞ്ച്വറിയും പിറന്നു. 187 പന്തിൽ ഏഴു ഫോറും രണ്ടു സിക്സുമടക്കമാണ് സെഞ്ച്വറിയിലെത്തിയത്. അടുത്ത ഓവറിൽ അക്ഷയ് ചന്ദ്രന് മുന്നിൽ ഡാനിഷ് വീണു. സ്ലിപ്പിൽ സച്ചിൻ ബേബിക്ക് ക്യാച്ച്. പകരമെത്തിയ സ്റ്റാർ ബാറ്റർ യാഷ് റാത്തോഡ് എട്ടു റൺ കൂട്ടിച്ചേർത്തപ്പോഴേക്കും ഈ സീസണിൽ ഏറ്റവും കൂടുതൽ റൺ (960) എന്ന നേട്ടത്തിലെത്തി. മധ്യപ്രദേശിന്റെ ശുഭം ശർമയെയാണ് മറികടന്നത്. എന്നാൽ, ആദ്യ ഇന്നിങ്സിലെന്നപോലെ കാര്യമായ സംഭാവന നൽകാനാവാതെ റാത്തോഡ് മടങ്ങി. മൂന്നാം സെഷൻ സമാപിക്കാനിരിക്കെ, സർവാതെയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അപ്പീൽ അമ്പയർ അനുവദിച്ചില്ലെങ്കിലും കേരളം ഡി.ആർ.എസിന്റെ സഹായം തേടി. റിവ്യൂവിൽ വിക്കറ്റ് ശരിവെച്ചു. നാലാംദിനം സ്റ്റമ്പെടുക്കുമ്പോൾ കരുൺ നായരും ക്യാപ്റ്റൻ അക്ഷയ് വാഡ്കറുമാണ് (നാല്) ക്രീസിൽ.
കേരള നിരയിൽ എം.ഡി. നിതീഷ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ, ആദിത്യ സർവാതെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.