ആറൺഭിക്കലാമ.....! രഞ്ജി ട്രോഫിയിൽ ചരിത്ര കിരീടം തേടി കേരളം ഇന്ന് വിദർഭക്കെതിരെ
text_fieldsകേരള താരങ്ങൾ നാഗ്പുരിൽ പരിശീലനത്തിൽ
നാഗ്പുരിലെ തണുത്ത പ്രഭാതത്തിലും സിരകളിൽ തീ പടർത്തുന്ന ആവേശത്തിന്റെ പന്തെറിഞ്ഞുതുടങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം. ഒരു വശത്ത്, കഠിനാധ്വാനവും ‘ദൈവത്തിന്റെ ഒരു കൈ’ സഹായവുംകൊണ്ട് കന്നിക്കലാശത്തിനിറങ്ങുന്ന കേരളം. മറുവശത്ത്, തുടർച്ചയായ രണ്ടാം ഫൈനലിനെത്തുന്ന കരുത്തരായ വിദർഭ. ഇനി അഞ്ചുനാൾ വിദർഭയുടെ മൈതാനത്ത് ദാവീദും ഗോലിയാത്തും തമ്മിലെ പോരാട്ടം. ബുധനാഴ്ച രാവിലെ കേരള ക്യാപ്റ്റൻ സചിൻ ബേബിയെയും വിദർഭ ക്യാപ്റ്റൻ അക്ഷയ് വഡ്കറെയും പിച്ചിൽ സാക്ഷിനിർത്തി അമ്പയർ ടോസിൽ അങ്കം കുറിക്കുന്നതോടെ ലോകമെമ്പാടുമുള്ള മലയാളി ആരാധകർ പ്രാർഥനയും പ്രതീക്ഷയുമായി കളി കൺപാർത്തിരിക്കും. അരങ്ങേറി 68 വർഷങ്ങൾക്കിപ്പുറം വി.സി.എ മൈതാനത്ത് ഇന്ത്യൻ ക്രിക്കറ്റിലെ രാജകിരീടത്തിൽ കൊച്ചുകേരളത്തിന്റെ മുത്തം പതിയുന്നതും കാത്ത്...
പുതുചരിതമെഴുതാൻ കേരളം
രഞ്ജി ട്രോഫിയിൽ ഇത്തവണ നോക്കൗട്ട് റൗണ്ടിൽ ജമ്മു-കശ്മീരിനെതിരെ ഒറ്റ റണ്ണിന്റെയും ഗുജറാത്തിനെതിരെ രണ്ടു റൺസിന്റെയും ഇന്നിങ്സ് ലീഡ് എന്ന നൂൽപ്പാലത്തിലൂടെയാണ് ഫൈനലിലേക്കുള്ള കേരളത്തിന്റെ വരവ്. ബാറ്റിങ്ങിൽ സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ കുന്നുമ്മൽ, ക്യാപ്റ്റൻ സചിൻ ബേബി എന്നിവരിലാണ് കേരളത്തിന്റെ പ്രതീക്ഷ. അവസരത്തിനൊത്ത് ഉയരാനുള്ള ഓൾ റൗണ്ടർ ജലജ് സക്സേനയുടെ മികവും തുണയാകും.
കേരള നിരയിൽ സൽമാൻ നിസാർ എട്ടുകളിയിൽനിന്ന് 607 റൺസും അസ്ഹറുദ്ദീൻ ഒമ്പതു കളിയിൽനിന്ന് 601 റൺസും ഇതിനകം കുറിച്ചുകഴിഞ്ഞു. രോഹനും സച്ചിനും 400ൽ ഏറെ റൺസും നേടി. ബൗളിങ്ങിൽ എതിരാളികളെ കറക്കിവീഴ്ത്തുകയാണ് കേരളത്തിന്റെ രീതി. ടീമിലെ അതിഥിതാരങ്ങളായ ജലജ് സക്സേനയും മുൻ വിദർഭ ടീമംഗം കൂടിയായ ആദിത്യ സർവാതെയുമാണ് സ്പിൻനിര നയിക്കുന്നത്. ഇതിനകം ഒമ്പതു കളിയിൽനിന്ന് സക്സേന 38ഉം ആദിത്യ സർവാതെ 30 ഉം വിക്കറ്റ് പിഴുതു. മീഡിയം പേസറായ എം.ഡി നിതീഷിന് ഏഴു കളിയിൽനിന്നായി 23 വിക്കറ്റിന്റെ സമ്പാദ്യവുമുണ്ട്. ഇതിൽ 10 വിക്കറ്റും ജമ്മുവിനെതിരായ ക്വാർട്ടറിലായിരുന്നു.
കരുൺ നായർ പരിശീലനത്തിനിടെ, ആദിത്യ സർവാതെ
വിദർഭക്കിത് നാലാം കലാശപ്പോര്
സമീപകാലത്ത് തകർപ്പൻ ഫോമിലുള്ള വിഭർഭ, കഴിഞ്ഞ മാസം വിജയ് ഹസാരെ ട്രോഫിയിൽ ഫൈനലിസ്റ്റുകളായിരുന്നു. രഞ്ജി ട്രോഫിയിൽ 2017-18 സീസണിലും 2018-19 സീസണിലും കിരീടമുയർത്തിയ വിദർഭക്കിത് നാലാം രഞ്ജി ഫൈനലാണ്. 10 വർഷത്തിനിടെയാണ് ഈ നാലു ഫൈനലുമെന്നത് ടീമിന്റെ സ്ഥിരതയാർന്ന പ്രകടനത്തിന്റെ തെളിവുകൂടിയാണ്.
നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ അവരുടെ മണ്ണിൽ 80 റണ്ണിന് കീഴടക്കി മധുരപ്രതികാരം തീർത്താണ് തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് വിദർഭയെത്തുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോടായിരുന്നു വിദർഭയുടെ തോൽവി. മുംബൈക്കെതിരായ ടീമിലെ 17 പേരെയും വിദർഭ നിലനിർത്തി.
ബാറ്റിങ് നിരയിൽ 24കാരനായ യാഷ് റാത്തോഡാണ് ആതിഥേയരുടെ കരുത്ത്. ഒമ്പതുകളിയിൽനിന്ന് അഞ്ച് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി 58.31 ശരാശരിയിൽ 933 റൺസാണ് യാഷ് അടിച്ചെടുത്തത്. സെമിയിൽ രണ്ടിന്നിങ്സിലും തിളങ്ങിയ താരം സെഞ്ച്വറിയും (151) അർധ സെഞ്ച്വറിയും (54) കുറിച്ചിരുന്നു. മിന്നും ഫോമിലുള്ള യാഷിനെ പിടിച്ചുനിർത്തുക കേരള ബൗളർമാർക്ക് തലവേദനയാവും. ദീർഘ ഇന്നിങ്സുകൾ കളിക്കാൻ ശേഷിയുള്ള പരിചയസമ്പന്നനായ മലയാളി താരം കരുൺ നായർ (642), ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ വഡ്കർ (674) എന്നിവരടക്കമുള്ളവർ വിദർഭയുടെ ബാറ്റിങ് ഓർഡറിലുണ്ട്.
നേർക്കു നേരിൽ മുമ്പനാര്?
കേരളം മുമ്പ് നോക്കൗട്ട് കളിച്ച മൂന്നിൽ രണ്ടു മത്സരത്തിലും വിദർഭയായിരുന്നു എതിരാളികൾ. 2017-18ൽ സൂറത്തിൽ നടന്ന ക്വാർട്ടറിലും 2018-19ൽ വയനാട് കൃഷ്ണഗിരിയിൽ നടന്ന സെമിയിലും കേരളത്തിന് തോൽവികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത്തവണ രഞ്ജിയിൽ കളിച്ച ഒമ്പതിൽ എട്ടു മത്സരവും ജയിച്ച വിദർഭ ഒരു മത്സരത്തിൽ മാത്രമാണ് സമനില വഴങ്ങിയത്. ഒമ്പതു മത്സരങ്ങളിൽ മൂന്നു ജയവും ആറു സമനിലയുമായി നാടകീയമായാണ് കേരളം ഫൈനലിലെത്തുന്നത്.
റെക്കോഡിനരികെ
ബൗളിങ്ങിൽ ഒമ്പത് കളിയിൽ 16.42 ശരാശരിയിൽ 66 വിക്കറ്റ് വീഴ്ത്തിയ ഹർഷ് ദുബെയാണ് തുറുപ്പുചീട്ട്. ഏഴു തവണ അഞ്ച് വിക്കറ്റ് നേട്ടം ക്രെഡിറ്റിലുള്ള ഈ 22 കാരൻ ഓൾറൗണ്ടർ കൂടിയാണ്. രഞ്ജിയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന റെക്കോഡിലേക്ക് കൂടിയാണ് ഹർഷ് ദുബെ പന്തെറിയാനെത്തുന്നത്. 2018-19 സീസണിൽ ബിഹാറിന്റെ അശുതോഷ് അമൻ എട്ടു മത്സരങ്ങളിൽനിന്ന് 68 വിക്കറ്റെടുത്തതാണ് ഇതുവരെയുള്ള റെക്കോഡ്. ഫൈനലിൽ മൂന്ന് വിക്കറ്റുകൂടി നേടിയാൽ ദുബെ ഈ നേട്ടം സ്വന്തമാക്കും.
ഗെറ്റ് സെറ്റ് ബേബി
നാഗ്പുർ: ഏറെ കാലമായുള്ള സ്വപ്നത്തിന് അരികെയാണ് കേരളമെന്നും കിരീടത്തിനായി ഒറ്റക്കെട്ടായി പൊരുതുമെന്നും കേരള ക്യാപ്റ്റൻ സചിൻ ബേബി പറഞ്ഞു. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച ടീമിന്റെ പരിശീലനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈനൽ വരെയുള്ള യാത്രയിൽ ടീം കഠിനപ്രയത്നം നടത്തിയിട്ടുണ്ട്. വർഷങ്ങളായി കേരള ക്രിക്കറ്റ് നടത്തുന്ന പ്രയത്നത്തിന്റെ ഫലമാണ് ഈ ഫൈനൽ.
എതിരാളികളായ വിദർഭ ശക്തമായ ടീമാണ്. അവരും നമ്മളും നന്നായി കളിച്ചുവന്നവരാണ്. എന്നാൽ, കലാശക്കളിയിലെ സമ്മർദത്തെ ആരാണ് മറികടക്കുന്നത് എന്നതിനനുസരിച്ചാണ് ഫലം. തീർച്ചയായും നമ്മൾ നല്ല ആത്മവിശ്വാസത്തിലാണ്. അഞ്ചു ദിവസം നീളുന്ന കളിയിൽ പരമാവധി സെഷനുകളിൽ മേൽക്കൈ നേടാൻ ശ്രമിക്കുമെന്നും സചിൻ ബേബി വ്യക്തമാക്കി.
- സ്ക്വാഡ്
കേരളം
സചിൻ ബേബി (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, വരുൺ നായനാർ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, ജലജ് സക്സേന, ആദിത്യ സർവാതെ, എം.ഡി. നിതീഷ്, അഹമ്മദ് ഇമ്രാൻ, ബേസിൽ തമ്പി, ഷോൺ റോജർ, എൻ. ബേസിൽ, ശ്രീഹരി എസ്. നായർ, എൻ.എം. ഷറഫുദ്ദീൻ, ആനന്ദ് കൃഷ്ണൻ, ഏദൻ ആപ്പിൾ ടോം.
വിദർഭ
അക്ഷയ് വഡ്കർ (ക്യാപ്റ്റൻ), അഥർവ തയ്ഡെ, അമൻ മോഖഡെ, യാഷ് റാത്തോഡ്, ഹർഷ് ദുബെ, കരുൺ നായർ, അക്ഷയ് കർനെവർ, യാഷ് ഖദം, അക്ഷയ് വാഖരെ, ആദിത്യ താക്കറെ, ദർശൻ നൽഖണ്ഡെ, നചികേത് ഭൂട്ടെ, സിദ്ധേഷ് വാദ്, യാഷ് താക്കൂർ, ഡാനിഷ് മാലേവർ, പാർഥ് രേഖഡെ, ധ്രുവ് ഷോറെ.