രഞ്ജി ട്രോഫി: കേരളത്തിനെതിരെ പഞ്ചാബ് പൊരുതുന്നു; ഹർനൂർ സിങ്ങിന് (126 നോട്ടൗട്ട്) സെഞ്ച്വറി
text_fieldsഹർനൂർ സിങ്
ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെ പഞ്ചാബ് പൊരുതുന്നു. ടോസ് നേടി ബാറ്റ് ചെയ്യുന്ന ആതിഥേയർ ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ ആറ് വിക്കറ്റിന് 240 റൺസെന്നനിലയിലാണ്. സെഞ്ച്വറി നേടിയ ഓപണർ ഹർനൂർ സിങ്ങും (126) കൃഷ് ഭഗതുമാണ് (2) ക്രീസിൽ.
ഹർനൂർ സിങ്ങിന്‍റെ കന്നി സെഞ്ച്വറിയാണ് പഞ്ചാബിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്. കേരളത്തിനുവേണ്ടി എൻ.പി. ബേസിലും ബാബ അപരാജിതും അങ്കിത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പഞ്ചാബ് കിങ്സിന്റെ വെടിക്കെട്ട് ഓപണറായ പ്രഭ്സിമ്രാൻ സിങ്ങിനെ (23) ബൗൾഡാക്കി അപരാജിത് കേരളത്തിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 37 റൺസെടുത്ത് ഉദയ് സഹാറനും മടങ്ങി.
അൻമോൽപ്രീത് സിങ്ങിനെയും (1) ക്യാപ്റ്റൻ നമൻ ധിറിനെയും (1) വിക്കറ്റ് കീപ്പറും നായകനുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഗ്ലൗസിലേക്കയച്ചു ബേസിൽ. രമൺദീപ് സിങ് (6) അങ്കിതിന് രണ്ടാം വിക്കറ്റ് നൽകിയതോടെ സ്കോർ അഞ്ചിന് 162. സലീൽ അറോറ 36 റൺസ് ചേർത്ത് പുറത്തായി. കഴിഞ്ഞ മത്സത്തിൽനിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം പഞ്ചാബിനെതിരെ കളിക്കാനിറങ്ങിയത്.
ആസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ ഉൾപ്പെട്ട സൂപ്പർതാരം സഞ്‌ജു സാംസണും ഏദൻ ആപ്പിൾ ടോമിനും പകരം വത്സൽ ഗോവിന്ദിനെയും അഹ്മദ് ഇമ്രാനെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.


