ഷമി ടെസ്റ്റ് ക്രിക്കറ്റിൽ കുറച്ച് കൂടി അവസരങ്ങൾ അർഹിച്ചിരുന്നു; വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ രവി ശാസ്ത്രി
text_fieldsകൊൽക്കത്ത: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ കുറച്ച് കൂടി അവസരങ്ങൾ അർഹിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. കഴിഞ്ഞ ഒരു വർഷം താരം ടീമിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും സ്ഥാനം അർഹിച്ചിരുന്നുവെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഷമിയെ പിന്തുണച്ച് ശാസ്ത്രിയുടെ പരാമർശം. "രാജ്യത്തിനായി മികച്ച രീതിയിൽ കളിച്ച ഒരാൾക്ക് പടിയിറങ്ങേണ്ടിവരുന്നത് സങ്കടകരമാണ്. മുഹമ്മദ് ഷമിക്ക് ഇനിയും ഒരു 30 അല്ലെങ്കിൽ 40 വിക്കറ്റുകൾ കൂടി നേടാൻ സാധിക്കുമായിരുന്നുവെന്ന് എനിക്ക് ഉറപ്പാണ്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ അദ്ദേഹം കളിക്കേണ്ടതായിരുന്നു. ഒരു പക്ഷേ, അദ്ദേഹം ഒരു ടെസ്റ്റ് ബൗളറായി തുടരേണ്ടതായിരുന്നു," -ശാസ്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നതായി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചത്. ഏകദിന, ട്വന്റി20 ഫോർമാറ്റിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 64 ടെസ്റ്റുകളിൽ നിന്ന് 229 വിക്കറ്റുകളുമായാണ് താരം ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക് എതിരെയാണ് ഫാസ്റ്റ് ബൗളർ അവസാനമായി ഇന്ത്യൻ ജേഴ്സിയിൽ ടെസ്റ്റ് കളിച്ചത്.
ശാസ്ത്രി പരിശീലകനായിരുന്ന കാലത്ത് ഇന്ത്യൻ ടീമിൽ വിദേശ മണ്ണിൽ ടെസ്റ്റ് വിജയങ്ങൾ ആവർത്തിച്ചപ്പോൾ ഷമി ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. എന്നാൽ, ഏതാനും വർഷങ്ങളായി പരിക്കുകൾ അലട്ടിയിരുന്ന താരത്തിന് ഗംഭീർ യുഗത്തിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. പരിക്കിൽനിന്ന് മുക്തനായ താരം ഫിറ്റ്നസ് വീണ്ടെടുക്കുകയും ആഭ്യന്തര ക്രിക്കറ്റിലടക്കം മികവ് തെളിയിക്കുകയും ചെയ്തിട്ടും സെലക്ഷൻ സമിതി താരത്തെ ടീമിലെടുക്കാതെ അവഗണിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 2025 ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്റിലാണ് ഷമി അവസാനമായി ഏതെങ്കിലും ഫോർമാറ്റിൽ കളത്തിലിറങ്ങിയത്. ഇതിനിടയിൽ താരത്തിന് ട്വന്റി20 ലോകകപ്പും ഏഷ്യ കപ്പുമെല്ലാം നഷ്ടമായി. ആഭ്യന്തര ടൂർണമെന്റിൽ ബംഗാളിന് വേണ്ടി മിന്നും പ്രകടനങ്ങൾ നടത്തുമ്പോഴും പേസറോടുള്ള അവഗണന ഇന്ത്യൻ മാനേജ്മന്റ് തുടരുകയാണ്. അതിനിടയിലാണ് ശാസ്ത്രിയുടെ ഈ വിമർശനവും പ്രസക്തമാകുന്നത്.


