‘ഒമാനും പാകിസ്താനും ദുർബലർ, സഞ്ജുവിന് അവസരം നൽകണം, ബുംറയെ ഇറക്കേണ്ട’; നിർദേശങ്ങളുമായി മുൻതാരം
text_fieldsസഞ്ജു സാംസൺ, ജസ്പ്രീത് ബുംറ
ഏഷ്യാകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങാനിരിക്കെ, സൂപ്പർ ഫോർ മത്സരങ്ങൾക്ക് സ്വീകരിക്കേണ്ട തന്ത്രങ്ങൾ നിർദേശിക്കുകയാണ് ഇതിഹാസ താരമായ സുനിൽ ഗവാസ്കർ. ഒമാനും പാകിസ്താനും ടൂർണമെന്‍റിലെ ദുർബലരാണ്. പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയെ അവർക്കെതിരെ കളത്തിലിറക്കേണ്ട ആവശ്യമില്ല. അവസാന ഘട്ടത്തിൽ മത്സരം കടുക്കുമ്പോഴാണ് ബുംറയെ പോലുള്ള താരത്തെ ഇറക്കേണ്ടത്. ബാറ്റിങ് ഓഡറിൽ മലയാളി താരം സഞ്ജു സാംസണും തിലക് വർമയും ഉൾപ്പെടെയുള്ളവരെ നേരത്തെ ഇറക്കണമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.
“ഇന്ത്യൻ ലൈനപ്പിൽ ചെറിയ മാറ്റങ്ങൾ വരുത്തി പരീക്ഷിക്കാൻ പറ്റിയ മത്സരമാണ് ഒമാനെതിരെയുള്ളത്. ടോസ് നേടിയാൽ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കണം. ബെഞ്ചിലിരുത്തിയ താരങ്ങൾക്ക് ബാറ്റിങ്ങിന് അവസരം നൽകാം. സഞ്ജു സാംസൺ, തിലക് വർമ എന്നിവരെക്കൂടാതെ വേണമെങ്കിൽ ഹാർദിക് പാണ്ഡ്യയെയും ക്രീസിൽ പരീക്ഷിക്കാം. ടൂർണമെന്‍റിൽ ഇന്ത്യ വലിയ വിജയങ്ങൾ നേടിയതിനാൽ അവർക്കൊന്നും അവസരം ലഭിച്ചിട്ടില്ല. ഓപണിങ് പൊസിഷനിൽ മാറ്റം വരുത്തേണ്ടതില്ല. ക്യാപ്റ്റൻ സൂര്യകുമാറിനെ ബാറ്റിങ് ഓഡറിൽ താഴേക്ക് കൊണ്ടുവരാം.
മൂന്നാം നമ്പരിൽ തിലക് വർമയെയോ സഞ്ജു സാംസണെയോ ഇറക്കണം. ഇത് ബാറ്റർമാർക്ക് പരിശീലനത്തിനുള്ള അവസരം കൂടിയാകും. പാകിസ്താനെതിരെ മാത്രമല്ല, ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരെ സൂപ്പർ ഫോറിൽ മത്സരമുണ്ട്. ബൗളിങ് നിരയിലും മാറ്റം വരുത്താം. ബുംറക്ക് വിശ്രമം നൽകി കൂടുതൽ കടുപ്പമുള്ള മത്സരങ്ങൾക്ക് തയാറെടുക്കാൻ സമയം നൽകാം. പാകിസ്താനെതിരെയും ബുംറയെ ഇറക്കേണ്ടതില്ല. 28ന് ഫൈനലിൽ ശ്രീലങ്ക വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കിൽ അവിടെയും ബുംറയെ ഉപയോഗിക്കാം” -ഗവാസ്കർ പറഞ്ഞു.
അതേസമയം ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യയും പാകിസ്താനും നേരത്തെ തന്നെ സൂപ്പർ ഫോർ ബർത്ത് ഉറപ്പിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിന്‍റെ ഫലം അപ്രസക്തമാണെങ്കിലും വിജയിച്ച് മുന്നേറുകയെന്ന ലക്ഷ്യവുമായാകും ഇന്ത്യ ഇറങ്ങുക. കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ് പുറത്തായ ഒമാന് മാനം കാക്കാനുള്ള പ്രകടനമാവും ഇന്ത്യക്കെതിരെ ലക്ഷ്യം.
രണ്ടു കളികളിലും രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവന്നതിനാൽ കാര്യമായ ബാറ്റിങ് അവസരം ലഭിക്കാതിരുന്ന ഇന്ത്യ ഇന്ന് ബാറ്റർമാർക്ക് പരമാവധി ചാൻസ് നൽകാനായിരിക്കും ശ്രമിക്കുക. മലയാളി താരം സഞ്ജു സാംസണും ഹർദിക് പാണ്ഡ്യയും ശിവം ദുബെയുമടങ്ങിയ മധ്യനിര പരീക്ഷിക്കപ്പെട്ടിട്ടേ ഇല്ല. അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന മുൻനിരതന്നെ കളി തീർക്കുന്നതാണ് മുൻ മത്സരങ്ങളിൽ കണ്ടത്. ബുംറക്ക് ഇന്ന് വിശ്രമം അനുവദിച്ചാൽ പകരം അർഷ്ദീപ് സിങ്ങിനായിരിക്കും അവസരം. സ്പിന്നർമാരായ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും മിന്നും ഫോമിലാണ്.