‘One last time, signing off from Sydney’- സെഞ്ച്വറി ഇന്നിങ്സിനു പിന്നാലെ രോഹിതിന്റെ പോസ്റ്റ്; ‘രോ’യുടെ ഉള്ളിലിരിപ്പെന്ത്.?
text_fieldsരോഹിതിന്റെ സാമൂഹിക മാധ്യമ പോസ്റ്റ്
സിഡ്നി: വിരാട് കോഹ്‍ലിക്കൊപ്പം ചേർന്ന് രോഹിതിന്റെ ബാറ്റിൽ നിന്നും ഉജ്വല സെഞ്ച്വറി പിറന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.
ആസ്ട്രേലിയ പോലൊരു വിദേശ മണ്ണിൽ ഇന്ത്യക്ക് ജയിക്കാൻ രോ-കോ കൂട്ടുകെട്ട് വേണമെന്ന് ഒരിക്കൽ കൂടി തെളിയിച്ച ഇന്നിങ്സ്. തുടർച്ചയായ രണ്ട് ഏകദിനങ്ങളിലും ദയനീയമായി തോറ്റതിന്റെ ക്ഷീണവും, കോഹ്‍ലിയുടെ ഇരട്ട പൂജ്യത്തിന്റെ നാണക്കേടുമെല്ലാം മാറ്റുന്നതായിരുന്നു സിഡ്നിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ നേടിയ വിജയം. ഒമ്പത് വിക്കറ്റിന് തകർപ്പൻ ജയം നേടിയപ്പോൾ 121 റൺസുമായി രോഹിത് ശർമയും, 74 റൺസുമായി വിരാട് കോഹ്‍ലിയും ടീമിനെ മുന്നിൽ നിന്ന് നയിച്ചു.
ഏകദിന പരമ്പരയിൽ 2-1ന് ഇന്ത്യ തോറ്റുവെങ്കിലും അവസാന മത്സരത്തിലെ വിജയം നൽകുന്ന ആശ്വാസത്തിന് ഇരട്ടി മധുരമുണ്ട്.
വിജയാഘോഷമടങ്ങും മുമ്പ് സാമൂഹിക മാധ്യമ പേജിൽ രോഹിത് ശർമ പങ്കുവെച്ച ചിത്രവും അടിക്കുറിപ്പുമാണ് ഇപ്പോൾ ആരാധക ലോകത്തെ വലിയ ചർച്ച. ‘One last time, signing off from Sydney’ -എന്ന ഒറ്റ വരികുറിപ്പിൽ ഒരുപാട് അർത്ഥങ്ങൾ ഒളിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ്. ഏകദിന പരമ്പര കഴിഞ്ഞ് സിഡ്നി വിമാനത്താവളത്തിൽ നിന്നും നാട്ടിലേക്ക് പുറപ്പെടും മുമ്പുള്ള ചിത്രമാണ് ഒപ്പമുള്ളത്.
ആസ്ട്രേലിയൻ മണ്ണിൽ നിന്നുള്ള യാത്ര പറച്ചിലോ, അതോ കരിയറിലെ പുതിയ അധ്യായത്തിന്റെ വരവറിയിക്കലാണോ എന്ന സംശയം ഉന്നയിക്കുന്ന ആരാധകർ. ആസ്ട്രേലിയൻ മണ്ണിനോടുള്ള താരത്തിന്റെ ഗുഡ് ബൈ ആയാണ് പോസ്റ്റിനെ ഏറെ പേരും വായിക്കുന്നത്. അധികം വൈകാതെയുള്ള വിരമിക്കലിന്റെ സൂചനയായും ചേർത്തു വായിക്കുന്നു.
2027 ഏകദിന ലോകകപ്പ് ടീമിൽ ഇടം ഉറപ്പിക്കാനായി കളത്തിലിറങ്ങുന്ന രോഹിതിന് മുന്നിൽ കടമ്പകൾ ഏറെയാണെങ്കിലും എല്ലാം വിമർശനങ്ങളുടെയും വായടപ്പിക്കുന്നതായിരുന്നു ശനിയാഴ്ചത്തെ ക്ലാസിക് ഇന്നിങ്സ്. സൂപ്പർതാരത്തെ പുറത്തിരുത്താൻ വഴിതേടുന്ന കോച്ചിനും സെലക്ടർക്കും വായടപ്പൻ മറുപടിയാണ് രോഹിതും വിരാട് കോഹ്‍ലിയും നൽകിയതെന്നും ആരാധകർ സമർത്ഥിക്കുന്നു. ഈ വാദഗതികൾക്കിടെയാണ് രോഹിത് ശർമയുടെ പോസ്റ്റും വൈറലാവുന്നത്.
രോഹിത് ശർമയുടെ 33ാമത് ഏകദിന സെഞ്ച്വറിയും, ആസ്ട്രേലിയക്കെതിരായ ഒമ്പതാമത്തെയും, ആസ്ട്രേലിയൻ മണ്ണിലെ ആറാമത്തെയും സെഞ്ച്വറിയായിരുന്നു രോഹിതിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ശരീര ഭാരം കുറച്ച്, പൂർണ ഫിറ്റ്നസുമായി കളത്തിലിറങ്ങിയ താരം മെയ്‍വഴക്കംകൊണ്ടും കൈയടി നേടി.
ഏറെ വെല്ലുവിളികൾക്കിടയിൽ ടീമിന് നിർണായക വിജയം സമ്മാനിക്കുകയെന്ന ഉത്തരവാദിത്തമേറ്റെടുത്തായിരുന്നു ബാറ്റ് വീശിയതെന്നായിരുന്നു മത്സര ശേഷം രോഹിതിന്റെ പ്രകടനം. ‘എളുപ്പമായിരുന്നില്ല സാഹചര്യം. മികച്ച ബൗളർമാരും, ടീം ഒരു കളിപോലും ജയിച്ചിട്ടില്ലെന്ന വെല്ലുവിളിയും മുന്നിലുണ്ടായിരുന്നു. അതേസമയം, ഏറെ പോസിറ്റീവായ ഘടകങ്ങളുമുണ്ടായിരുന്നു. യുവതാരങ്ങളെ ശരിയായി ലീഡ് ചെയ്യുകയെന്നതാണ് നമ്മുടെ കടമ’ -മത്സര ശേഷം രോഹിത് പറഞ്ഞു. മൂന്ന് മത്സരങ്ങളിലായി 202 റൺസ് എടുത്ത രോഹിത് പരമ്പരയുടെ താരവുമായി.
ആസ്ട്രേലിയൻ ക്രിക്കറ്റിനോടും ആരാധകരോടുമുള്ള നന്ദി അറിയിച്ചുകൊണ്ടായിരുന്നു രോഹിത് അവസാനിപ്പിച്ചത്. ‘ആസ്ട്രേലിയൻ മണ്ണിൽ കളിക്കുന്നത് ഇഷ്ടമാണ്. ഇവിടത്തെ മൈതാനങ്ങൾ, ആരാധകർ, വെല്ലുവിളികൾ. എന്നെന്നും നിലനിൽക്കുന്ന ഓർമകൾ പ്രതീക്ഷിക്കുന്നു’- താരം പറഞ്ഞു.


