കണക്ക് തീർത്ത് മുൻനായകർ; രോഹിത് ശർമക്ക് സെഞ്ച്വറി, വിരാട് കോഹ്‍ലിക്ക് അർധസെഞ്ച്വറി
text_fieldsവിരാട് കോഹ്‍ലിയും രോഹിത് ശർമയും
സിഡ്നി: കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലെയം ‘പൂജ്യത്തിന്റെ ക്ഷീണം തീർത്ത് വിരാട് കോഹ്‍ലിയും തിരിച്ചുവരവിന്റെ കണക്ക് തീർത്ത് രോഹിത് ശർമയും. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ മുൻ നായകരുടെ തോളിലേറി ഇന്ത്യ വിജയത്തിലേക്ക് ബാറ്റു വീശുന്നു.
ഓപണറായിറങ്ങിയ രോഹിത് ശർമ സെഞ്ച്വറിയുമായും (103) , വിരാട് കോഹ്‍ലി അർധസെഞ്ച്വറിയുമായും (61) ബാറ്റിങ് തുടരുകയാണ്.
ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ 236 റൺസിന് പുറത്തായപ്പോൾ, ഒടുവിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന നിലയിലാണുള്ളത്.
അർധ സെഞ്ച്വറി നേടിയ മാറ്റ് റെൻഷോയാണ് (56) ആതിഥേയരുടെ ടോപ് സ്കോറർ. മധ്യ ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെ വമ്പൻ സ്കോർ അടിച്ചെടുക്കാമെന്ന ഓസീസ് മോഹം പൊലിയുകയായിരുന്നു. നാല് വിക്കറ്റ് പിഴുത ഹർഷിത് റാണ പരിശീലകൻ ഗംഭീറിന്‍റെ പ്രതീക്ഷ കാത്തു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്കായി മുൻനിര ബാറ്റർമാർ മികച്ച തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്ന് ആദ്യ വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി. ഒമ്പതാം ഓവറിൽ സ്കോർ 61ൽ നിൽക്കേ, 29 റൺസടിച്ച ഹെഡിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് തകർത്തു. 16-ാം ഓവറിൽ മാർഷിനെ (41) അക്സർ പട്ടേൽ ക്ലീൻ ബൗൾഡാക്കി. ഇതോടെ സ്കോർ രണ്ടിന് 88. ക്ഷമയോടെ കളിച്ച മാത്യു ഷോർട്ടിനെ വാഷിങ്ടൺ സുന്ദർ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചു. 52 പന്തിൽ 41 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.


