ബാറ്റിങ് ഫോം വീണ്ടെടുത്തു, ബി.സി.സി.ഐ പുറത്താക്കിയ അഭിഷേകിന് നന്ദി പറഞ്ഞ് രോഹിത്
text_fieldsഇന്ത്യൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസിന്റെ പരിചയസമ്പന്നനായ ഓപ്പണറുമായ രോഹിത് ശർമ കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ ഫോം കണ്ടെത്തിയിരുന്നു. ഏറെ നാളുകളായുള്ള മോശം ഫോമിന് ശേഷം ചെന്നൈ സൂപ്പർ കിങ്സിനെതിരെ കളിയിലെ താരമായാണ് രോഹിത് തിരിച്ചെത്തിയത്.
രോഹിത് ശർമയുടെ 76* റൺസിന്റെ ബലത്തിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം നേടി. സൂര്യകുമാർ യാദവുമൊത്ത് (30 പന്തിൽ നിന്ന് 68* റൺസ്) രണ്ടാം വിക്കറ്റിൽ 114 റൺസിന്റെ കൂട്ടുകെട്ട് ഹിറ്റ്മാൻ പടുത്തുയർത്തി.
തന്റെ പ്ലെയർ ഓഫ് ദി മാച്ച് പ്രകടനത്തിന് ശേഷം, ഇന്ത്യയുടെ മുൻ അസിസ്റ്റന്റ് കോച്ചും ബാറ്റിങ് പരിശീലകനും അടുത്ത സുഹൃത്തുമായ അഭിഷേക് നായർക്ക് രോഹിത് നന്ദി പറഞ്ഞു. തന്റെ ബുദ്ധിമുട്ടുള്ള ഘട്ടത്തിൽ നിന്ന് കരകയറാൻ സഹായിച്ചതിന് ഇന്ത്യൻ നായകൻ തന്റെ ഒരു ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെക്കുകയും അഭിഷേക് നായരെ ടാഗ് ചെയ്ത് നന്ദി പറയുകയും ചെയ്തു. ബോർഡർ ഗവാസ്കർ പരാജയത്തിന് ശേഷം ബി.സി.സി.ഐ അടുത്തിടെ അഭിഷേകിനെ പുറത്താക്കിയിരുന്നു. അപ്പോഴാണ് രോഹിത് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മത്സരത്തിൽ 45 പന്തിൽ നിന്നും നാല് ഫോറും ആറ് സിക്സറുമടിച്ചാണ് രോഹിത് മികവ് കാട്ടിയത്.
അതേസമയം വാങ്കഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
45 പന്തിൽ ആറു സിക്‌സും നാല് ഫോറുമുൾപ്പെടെ 76 റൺസെടുത്ത രോഹിതും 30 പന്തിൽ അഞ്ച് സിക്സും ആറും ഫോറും ഉൾപ്പെടെ 68 റൺസെടുത്ത സൂര്യകുമാറും ചെന്നൈ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു. 19 പന്തിൽ 34 റൺസെടുത്ത റിയാൻ റിക്കിൽടണിൻ്റെ വിക്കറ്റ് മാത്രമാണ് ചെന്നൈക്ക് വീഴ്ത്താനായത്.