അഴിച്ചുപണികൾ റോയൽ ചലഞ്ചേഴ്സിനെ രക്ഷിക്കുമോ?; ഐ.പി.എൽ പ്രതീക്ഷകൾ
text_fieldsസമൂർ നൈസാൻ
ഐ.പി.എൽ ആരാധകരുടെ അടിപൊളി ടീമാണെങ്കിലും റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് കിരീടമെന്ന സ്വപ്നം ഇനിയും അകലെയാണ്. നായകനല്ലെങ്കിലും ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി തന്നെയാണ് ടീമിന്റെ ആത്മവിശ്വാസം. ഏതു പ്രതിസന്ധിയിലും ടീമിനെ കരകയറ്റാൻ കോഹ്ലിയുടെ സാന്നിധ്യം പലപ്പോഴായി ടീമിനെ തുണച്ചിട്ടുണ്ട്. എന്നാൽ, എല്ലാ സീസണിലും കോഹ്ലി മികച്ച പ്രകടനം നടത്താറുണ്ടെങ്കിലും ടീമിനെ ഐ.പി.എൽ കിരീടത്തിലേക്ക് എത്തിക്കാൻ സാധിക്കാറില്ല.
ഇക്കുറി ക്യാപ്റ്റനടക്കം അടിമുടി മാറ്റങ്ങളുമായി ചാലഞ്ചേഴ്സ് പുതിയ ടീമായാണ് പോരിനിറങ്ങുന്നത്. പുതിയ ക്യാപ്റ്റനായി രജിത് പാട്ടീദാറിനെയാണ് പരീക്ഷിക്കുന്നത്. വിരാട് കോഹ്ലിയും ഫിൽ സാൾട്ടും അടങ്ങുന്ന ബാറ്റിങ് നിര കരുത്തരാണെങ്കിലും ബൗളിങ്ങിൽ അത്ര കരുത്തുറ്റ നിരയെ കാണാനാവില്ല. ബാറ്റിങ്ങിൽ ടോപ് ഓർഡറിലും മധ്യനിരയിലും മികച്ച താരങ്ങൾ ടീമിനൊപ്പമുണ്ട്. ബംഗളൂരുവിന്റെ ശ്രദ്ധേയ താരമായിരുന്ന ഗ്ലെൻ മാക്സ് വെൽ ഇത്തവണ അവരോടൊപ്പമില്ല. പകരം ടിം ടേവിഡിലും ക്രുനാൽ പാണ്ഡ്യയിലുമാണ് റോയൽ പ്രതീക്ഷ.
പുതിയ ചാലഞ്ച്
നല്ല താരങ്ങളുണ്ടെങ്കിലും മറ്റു ടീമുകളെ അപേക്ഷിച്ച് ബൗളിങ്നിര ബംഗളൂരുവിന് ചാലഞ്ചായിരിക്കും. ഭുവനേശ്വർ കുമാർ, ജോഷ് ഹേസിൽവുഡ് എന്നിവരായിരിക്കും പേസ് നിരയെ നയിക്കുക. എന്നാൽ, സ്റ്റാർ ബൗളർമാരുടെ അഭാവവും പരിചയസമ്പന്നരായ സ്പിന്നർമാരില്ലാത്തും ടീമിന് വെല്ലുവിളി ഉയർത്തിയേക്കാം. കഴിഞ്ഞ വർഷം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച യുവതാരം സുയാഷ് ശർമയെ ടീം നിലനിർത്തിയിട്ടുണ്ട്.