റോയൽസ് റീ ലോഡിങ്
text_fieldsഐ.പി.എൽ പോരിൽ കഴിഞ്ഞ മൂന്ന് സീസണുകളിലെ മികച്ച ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. 2025 സീസണിൽ കിരീടമോഹവുമായി മികച്ച താരങ്ങളുമായാണ് റോയൽസിന്റെ വരവ്. ടീമിൽ കാര്യമായ മാറ്റങ്ങളോടെയാണ് പടയൊരുക്കം. മലയാളി ക്യാപ്റ്റൻ സഞ്ജുവിന്റെ കീഴിൽ അണിനിരക്കുന്ന രാജസ്ഥാൻ മലയാളികൾക്ക് അവരുടെ സ്വന്തം ടീമായി മാറിയിട്ടുണ്ട്. മുൻതാരം രഹുൽ ദ്രാവിഡ് ടീമിന്റെ പരിശീലകനായി എത്തുന്നതാണ് ഇക്കുറി വലിയ ഹൈലൈറ്റ്.
ആദ്യ ഐ.പി.എൽ സീസണായ 2008ൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് കിരീടം ചൂടിയ രാജസ്ഥാന് പിന്നീട് ദീർഘകാലം ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, 2022ൽ ഫൈനലിസ്റ്റുകളായി റോയൽസ് സഞ്ജുവിന്റെ കീഴിൽ പഴയ പ്രതാപം തിരിച്ചുപിടിച്ചു. കഴിഞ്ഞ സീസണിൽ മികച്ച പ്രകനം കാഴ്ചവെച്ച് മൂന്നാം സ്ഥാനം നേടാനും റോയൽസിനായിരുന്നു. 2022 സീസൺ മുതൽ കൂടുതൽ കരുത്തുറ്റ ടീമായി ഉയർന്ന രാജസ്ഥാൻ ഇക്കുറിയും രണ്ടും കൽപിച്ചാണ് ഐ.പി.എൽ പോരിനിറങ്ങുന്നത്. ആദ്യ മത്സരം മാർച്ച് 23ന് സൺ റൈസേഴ്സ് ഹൈദരാബാദിന്റെ കൂടെയാണ്
ഗ്യാപ്പിലും.. ടോപ്പാണ്
രാജസ്ഥാന്റെ ഏറ്റവും വലിയ കരുത്ത് ടോപ് ഓർഡർ ബാറ്റ്സ്മാന്മാരാണ്. പവർ ബാറ്ററായിരുന്ന ജോസ് ബട്ലർ ഇല്ലാതെയാണ് ഇക്കുറി പോര്. എന്നാലും യുവതാരം യശ്വസി ജയ്സ്വാളും കാപ്റ്റൻ സഞ്ജു സാംസണും ടോപ് ഗിയറിൽ പിടിമുറുക്കിയാൽ എതിർ ടീം വിയർക്കും.
മധ്യനിരയിൽ വലിയ പ്രതീക്ഷയില്ലെങ്കിലും ലോഓർഡറിലെ ബാറ്റിങ് കരുത്ത് ടീമിന് തുണയാകും. ഷിമ്രോൺ ഹെറ്റ്മെയറും ധ്രുവ് ജുറേലും ഫിനിഷിങ്ങിൽ എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടും. റിയാൻ പരാഗിനായിരിക്കും മധ്യനിരയുടെ കാവലാൾ. ബോൾട്ടിനെ കൈവിട്ടെങ്കിലും കരുത്തനായ ജോഫ്ര ആർച്ചറിനെ മുന്നിൽ നിർത്തിയാവും റോയൽസിന്റെ ബൗളിങ് ആക്രമണം. മഹേഷ് തീക്ഷണയും ഫസൽ ഹഖ് ഫാറൂഖിയും പേസിന് കരുത്താവും.
ടീം രാജസ്ഥാൻ റോയൽസ്
കോച്ച് - രാഹുൽ ദ്രാവിഡ്
ക്യാപ്റ്റൻ - സഞ്ജു സാംസൺ
യശസ്വി ജയ്സ്വാൾ
ധ്രുവ് ജുറേൽ
റയാൻ പരാഗ്
ജോഫ്ര ആർച്ചർ
ഷിമ്രോൺ ഹെറ്റ്മെയർ
തുഷാർ ദേശ്പാണ്ഡെ
വനിന്ദു ഹസരംഗ
മഹേഷ് തീക്ഷണ
നിതീഷ് റാണ
സന്ദീപ് ശർമ
ഫസൽ ഹഖ് ഫാറൂഖി
ക്വേന മഫക
ആകാശ് മധ്വാൾ
വൈഭവ് സൂര്യവംശി
ശുഭം ദുബെ
യുധ്വീർ സിങ്
കുനാൽ സിങ് റാത്തോഡ്
അശോക് ശർമ്
കുമാർ കാർത്തികേയ