ഒടിഞ്ഞ കൈയുമായി ഗുർശരൺ കൂട്ടു നിന്നു; സചിന് ഇന്ത്യൻ ടീമിൽ ഇടം നേടാൻ കാരണമായ സെഞ്ച്വറി അന്ന് പിറന്നു; കടപ്പാടിന്റെ കഥ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം
text_fieldsസചിൻ ടെണ്ടുൽകർ, ഗുർഷരൺ സിങ്
ന്യൂഡൽഹി: ഇന്ത്യയുടെയും ലോക ക്രിക്കറ്റിന്റെയും എക്കാലത്തെയും വലിയ ഇതിഹാസമാണ് സചിൻ ടെണ്ടുൽകർ. കൗമാരപ്രായത്തിൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച് രണ്ടര പതിറ്റാണ്ടുകാലം ലോകക്രിക്കറ്റിനെ ത്രസിപ്പിച്ച സചിന്റെ ഓരോ അനുഭവങ്ങളും പറഞ്ഞു തീരാത്ത ചരിത്രം കൂടിയാണ്. എഴുതിയും പറഞ്ഞും അവസാനിക്കാത്ത അത്ഭുത കഥകളിൽ ഏറ്റവും പുതിയ ഒരു സംഭവം കൂടി മാസ്റ്റർ ബ്ലാസ്റ്റർ പങ്കുവെക്കുകയാണിപ്പോൾ. അതാവട്ടെ ഇതുവരെ പറഞ്ഞു കേൾക്കാത്തതും.
കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെയാണ് തനിക്ക് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനിടയായ ഒരു സഹനവും, അതിനുള്ള നന്ദിയായ ചെയ്ത പ്രവൃത്തിയും സചിൻ പങ്കുവെച്ചത്.
മുൻ ഇന്ത്യൻ താരം കൂടിയായ ഗുർശരൺ സിങ്ങായിരുന്നു ആ കഥയിലെ നായകൻ. 1989ലെ ഇറാനി കപ്പ് കപ്പ് മത്സരമായിരുന്നു വേദി. റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ സചിൻ ടെണ്ടുകർ എന്ന 16കാരനുമുണ്ടായിരുന്നു. ഡൽഹിക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ റെസ്റ്റ്ഓഫ് ഇന്ത്യക്ക് ഒമ്പത് വിക്കറ്റും നഷ്ടമായി. ക്രീസിൽ 85 റൺസുമായി സചിൻ. ഒന്നാം ഇന്നിങ്സിൽ കൈക്ക് പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ഗുർശരൺ സിങ് ബാറ്റിങ്ങിനിറങ്ങിയിരുന്നില്ല. സെഞ്ച്വറിയിലേക്ക് കുതിക്കുന്ന സചിന് കൂട്ടായി ക്രീസിലെത്താൻ ആരുമില്ല. അപ്പോഴാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ രാജ് സിങ് ദുംഗാപൂർ സഹതാരത്തിനു വേണ്ടി ഗുർശരണിനോട് ബാറ്റിങ്ങിനിറങ്ങാമോ എന്ന് ചോദിക്കുന്നത്. പ്ലാസ്റ്ററിട്ട് കെട്ടിയ ഒരു കൈ ഷർട്ടിനുള്ളിലാക്കി ഒറ്റകൈയിൽ ബാറ്റേന്തി അദ്ദേഹം ക്രീസിലെത്തി മറുതലക്കൽ സ്ട്രൈക്ക് നൽകി നിന്നു. സചിൻ പതിയെ സെഞ്ച്വറിയിലേക്ക് കുതിച്ചു.
വെറുമൊരു സെഞ്ച്വറിയായിരുന്നില്ല അത്. ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച കൗമാരക്കാരന് പാകിസ്താനെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് വഴിവെട്ടിയ ഇന്നിങ്സായി മാറി. 16കാരനെ ദേശീയ ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ തീരുമാനിച്ചു.
‘അത് എന്റെ ഇന്ത്യൻ ടീമിലേക്കുള്ള ട്രയൽ മാച്ചായിരുന്നു. അന്ന് ഗുർഷരൺ ബാറ്റിങ്ങിനിറങ്ങിയിരുന്നെങ്കിൽ കഥ മറ്റൊന്നാവുമായിരുന്നു. ചീഫ് സെലക്ടറുടെ വാക്കുകൾക്ക് അദ്ദേഹം ചെവികൊടുത്തു. എനിക്ക് സ്ട്രൈക് തന്നു, ഞാൻ 100ലെത്തി. അതെന്റെ ദേശീയ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിനും കാരണമായി. ശേഷം ഗുർഷരണും ഇന്ത്യൻ ടീമിൽ കളിച്ചു.
ആ മത്സരത്തിൽ തന്നെ ഞാൻ ഒരുപാട് നന്ദി പറഞ്ഞു. കാരണം ഒടിഞ്ഞ കൈയുമായി ക്രീസിലിറങ്ങുന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ഉദ്ദേശ്യവും മനോഭാവവും പ്രധാനമായിരുന്നു. എന്റെ ഹൃദയത്തെ സ്പർശിച്ച നിമിഷം’ -കഴിഞ്ഞ ദിവസം നടന്ന സ്വകാര്യ ചടങ്ങിനിടെ സചിൻ ആ കഥ ഓർമിച്ചു.
ആ കാലത്ത് വിരമിച്ച താരങ്ങൾക്ക് സാമ്പത്തിക സമാഹരണത്തിനായി ബെനിഫിറ്റ് മാച്ച് എന്ന പേരിൽ ആദരവായി പ്രത്യേക മത്സരം കളിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ ന്യൂസിലൻഡിലെ പര്യടനത്തിനിടെ ഗുഷിക്ക് ഞാനൊരു വാക്ക് നൽകി. ഒരു ദിവസം നിങ്ങളും ക്രിക്കറ്റിൽ നിന്ന് വിരമിക്കും. അന്ന് നിങ്ങൾക്കായും ഒരു ബെനിഫിറ്റ് മാച്ച് സംഘടിപ്പിക്കുമ്പോൾ കളിക്കാൻ ഞാനെത്തും. വാക്കു നൽകിയത് പോലെ തന്നെ ഗുഷിക്കായി സംഘടിപ്പിച്ച ബെനിഫിറ്റ് മാച്ചിൽ എനിക്കും കളിക്കാനായി’ -സചിൻ പറഞ്ഞു.
15 വർഷത്തിനു ശേഷമായിരുന്നു ആ മത്സരത്തെ കുറിച്ച് ഗുഷി പറഞ്ഞത്.
‘ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘ഗുഷി, 1990ൽ ന്യൂസിലൻഡിൽ വെച്ച് നിങ്ങളുടെ ബെനിഫിറ്റ് മാച്ചിൽ കളിക്കുമെന്ന് വാക്ക് നൽകിയിരുന്നു. 15 വർഷത്തിനുശേഷം നിങ്ങൾ ആ മത്സരത്തിന് ആതിഥ്യമൊരുക്കുമ്പോൾ നിങ്ങൾക്കു വേണ്ടി ഞാൻ വന്ന് കളിക്കും. അതെന്റെ ഉറപ്പാണ്.’ -സചിൻ ആ ഓർമകൾ വീണ്ടും പുഞ്ചിരിയോടെ പങ്കുവെച്ചു.
‘ഈ ഓർമകൾ ഇപ്പോഴും എന്നോടൊപ്പമുണ്ട്. ഞാൻ വാഗ്ദാനം ചെയ്തതെല്ലാം നിറവേറ്റിയെന്ന് ഇന്നെനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും’ -സചിൻ പറഞ്ഞു.
ഇന്ത്യക്കായി ഒരു ഏകദിനവും ഒരു ടെസ്റ്റും മാത്രമാണ് ഗുർഷരൺ സിങ് കളിച്ചത്. എന്നാൽ, 104 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലൂടെ ആഭ്യന്തര ക്രിക്കറ്റിൽ സജീവ സാന്നിധ്യമായി.


