സഞ്ജു: ഇന്ത്യൻ ക്രിക്കറ്റിലെ സ്വജന താൽപര്യങ്ങളുടെ ഇര; ‘തന്റെ തലമുറയിൽ ഒട്ടും നീതി കിട്ടാതെ പോയ കളിക്കാരൻ’
text_fieldsബംഗ്ലാദേശിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ പവലിയനിൽ
2025 അയാളുടെ വർഷമാകുമെന്ന് കരുതിയിരുന്നവർ ഏറെയാണ്. സഞ്ജു സാംസൺ എന്ന പോരാളിയുടെ കരിയർ ഗ്രാഫ് നിഴലിൽനിന്ന് തെളിച്ചത്തിലേക്ക് മാറിയെത്തുമെന്ന് രാജ്യത്തെ കളിക്കമ്പക്കാർ കണക്കുകൂട്ടിയ നാളുകൾ. രണ്ടു മാസത്തിനിടെ മൂന്നു രാജ്യാന്തര ട്വന്റി20 സെഞ്ച്വറികൾ. അത്തരമൊരു മിന്നും പ്രകടനം കാഴ്ചവെച്ച കളിക്കാരൻ ടീമിലെ അവിഭാജ്യ സാന്നിധ്യമാകുമെന്ന് കളിയറിയാവുന്ന എല്ലാവരും കരുതിയിരുന്നതാണ്.
എന്നാൽ, ഇന്ത്യൻ ക്രിക്കറ്റിലെ സ്വജന താൽപര്യക്കാരായ ഭരണാധികാരികളും പക്ഷപാതികളായ ടീം മാനേജ്മെന്റും ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ കാലങ്ങളായി നടത്തുന്ന കളികൾ അങ്ങാടിപ്പാട്ടാണ്. കളത്തിനു പുറത്തെ കളികളിൽ അഗ്രഗണ്യരായ ഇവർ സ്വജനപക്ഷപാതിത്വത്തിന്റെ അപ്പോസ്തലരാവുമ്പോൾ ടീമിൽ നിലയുറപ്പിച്ചുവെന്നു നാം കരുതുന്ന താരങ്ങളുടെ കരിയറിന്റെ ബെയ്ൽ അടർത്താൻ ഇവരുടെ തന്ത്രപരമായ ഒരു ഗൂഗ്ലി മാത്രം മതി. എന്തു ഫോം ഔട്ടായാലും ടീമിൽ ഇടം നഷ്ടപ്പെടാത്ത പലരെയും ഇന്ത്യയിൽ ക്രിക്കറ്റ് ഉണ്ടായ കാലം മുതൽ നാം കാണുന്നതാണ്. അതുപോലെ, ഇതിഹാസങ്ങളായേക്കുമെന്ന് ഒരു കാലത്ത് കരുതിയ ഇർഫാൻ പത്താനെയും ആർ.പി.സിങ്ങിനെയുമൊക്കെ ഏതു വിധത്തിൽ മോശക്കാരാക്കി ടീമിൽനിന്ന് പുറത്തുചാടിക്കാൻ കഴിയുമെന്നതും ചരിത്രത്തിൽ കുറിക്കപ്പെട്ട സാക്ഷ്യങ്ങളാണ്.
അങ്ങനെയൊരു എപ്പിസോഡാണ് ഇന്നലെ ദുബൈ ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നത്. ബംഗ്ലാദേശിനെതിരെ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിങ് ഓർഡർ എല്ലാ സ്വജനതാൽപര്യങ്ങളുടെയും തെളിവായിരുന്നു. ക്രിക്കറ്റിന്റെ ബാലപാഠം പോലും അറിയാത്തവരെപ്പോലെ ഇന്ത്യൻ ടീം കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും നടത്തിയ പരീക്ഷണങ്ങൾ സഞ്ജു സാംസൺ എന്ന മലയാളിയെ ലാക്കാക്കിയാണെന്ന് സംശയിച്ചാൽ കുറ്റം പറയാനൊക്കില്ല.
കുറച്ചു മാസങ്ങൾക്കുമുമ്പുവരെ ഓപണറായി തകർത്താടിയ ബാറ്ററെ ഏഴാം നമ്പറിൽ പോലും പാഡുകെട്ടിച്ചില്ലെങ്കിൽ അതിനു പിന്നിലെ ചേതോവികാരം മറ്റു പലതാണെന്നുറപ്പ്. വൺ ഡൗണായി ശിവം ദുബേയും അഞ്ചാമനായി സൂര്യകുമാർ യാദവും പിന്നീട് തിലക് യാദവും ഏഴാമനായി ബൗളിങ് ഓൾറൗണ്ടർ അക്സർ പട്ടേലും ബാറ്റുവീശി ക്രീസിലെത്തുമ്പോഴാണ് രാജ്യത്തെ മികച്ച ട്വന്റി20 ബാറ്റ്സ്മാന്മാരിൽ ഒരാളായ സഞ്ജുവിന് കാഴ്ചക്കാരനായി പവലിയനിൽ ഇരിക്കേണ്ടി വന്നത്. വീരശൂരപരാക്രമികളെന്നു പറയുന്നവർ കൊമ്പുകുത്തി വീണപ്പോൾ ഒമാനെതിരെ മൂന്നാം നമ്പറിലിറങ്ങി അർധശതകം നേടി മാൻ ഓഫ് ദ മാച്ച് പട്ടം ചൂടിയ കളിക്കാരനോടാണ് തൊട്ടുപിന്നാലെയുള്ള കളിയിൽ ഇവ്വിധമുള്ള സമീപനം.
വിമർശനങ്ങൾ പല കോണുകളിൽനിന്നും ഉയർന്നു കഴിഞ്ഞു. ആരാധകർ അധികൃതരുടെ നെറികേടിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. പക്ഷേ, തങ്ങളുടെ സ്വന്തം ആളുകളുടെ നിലനിൽപിനുവേണ്ടി ഒരുവിധ വിമർശനങ്ങളെയും ക്രിയാത്മകമായി സമീപിക്കാത്ത കൂട്ടരിൽനിന്ന് എന്തു നീതി പ്രതീക്ഷിക്കാൻ? ബംഗ്ലാദേശിനെതിരായ ബാറ്റിങ് ഓർഡർ വിശദീകരിക്കാൻ കഴിയാത്ത വിഡ്ഢിത്തമെന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര വിശേഷിപ്പിച്ചത്. സഞ്ജുവിനുമുമ്പ് അക്സർ പട്ടേൽ ക്രീസിലെത്തിയത് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം വരുൺ ആരോൺ തുറന്നടിച്ചു.
ടീമിന്റെ അഞ്ചാം നമ്പർ ബാറ്റ്സ്മാനാണ് സഞ്ജുവെന്ന് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റ്യാൻ ടെൻ ഡൊഷാറ്റേ പറഞ്ഞത് ബുധനാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ്. എന്നാൽ, അഞ്ചിലോ ആറിലോ, എന്തിന് ഏഴിലോ പോലും സഞ്ജുവിന് അവസരം നൽകിയില്ല. ഹാർദിക് പാണ്ഡ്യയും തിലക് വർമയും ശിവം ദുബേയും വരെ അതിനു മുമ്പേ ക്രീസിലെത്തി. ‘കഴിഞ്ഞ 10 ഇന്നിങ്സുകളിൽ മൂന്നു സെഞ്ച്വറി നേടിയ താരം അടുത്ത ടൂർണമെന്റിൽ ബാറ്റിങ്ങിൽ എട്ടാമനാകുന്നു! ട്വന്റി20യിൽ ബാറ്റിങ് ഓർഡറിൽ ചടുലമാറ്റങ്ങൾ സ്വഭാവികമാണ്. എന്നാൽ, സഞ്ജുവിനെപ്പോലെ ടോപ് ഓർഡറിൽ സ്വപ്നസദൃശമായ പ്രകടനം നടത്തിയ ഒരാളെ നിങ്ങൾ ഇത്തരത്തിൽ തരംതാഴ്ത്താൻ പാടില്ലായിരുന്നു. ഏഷ്യാ കപ്പിൽ മൂന്നാം നമ്പറിൽ ബാറ്റുചെയ്യാൻ അവൻ തീർത്തും അർഹനായിരുന്നു’ -ഇന്ത്യൻ താരം പ്രിയങ്ക് പാഞ്ചാൽ ‘എക്സി’ൽ കുറിച്ചു.
സഞ്ജുവിന്റെ നിർഭാഗ്യങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലെ പഴകിപ്പതിഞ്ഞ കാഴ്ചയാണിപ്പോൾ. ഇതാ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാറെന്ന് കൊട്ടിഘോഷിക്കാൻ തുടങ്ങുമ്പോഴേക്ക് മേലാളന്മാർ ‘പണി’ തുടങ്ങിക്കഴിഞ്ഞിരിക്കും. രോഹിത് ശർമ വിരമിച്ച ഒഴിവിൽ അഭിഷേക് ശർമക്കൊപ്പം സഞ്ജു ഇന്നിങ്സ് ഓപൺ ചെയ്തപ്പോൾ ഇന്ത്യക്ക് ട്വൻറി20യിൽ വിസ്ഫോടനാത്മകമായ ഓപണിങ് ജോടിയെ ലഭിച്ചെന്ന വിലയിരുത്തലായിരുന്നു എങ്ങും. എന്നാൽ, ശുഭ്മൻ ഗിൽ എന്ന ഇഷ്ടക്കാരന് ഇടം നൽകാൻ ക്രിക്കറ്റ് മുതലാളിമാർ തീരുമാനിച്ചപ്പോൾ ആരെ വെട്ടിമാറ്റണമെന്ന കാര്യത്തിലും അവർക്ക് സംശയമുണ്ടായിരുന്നില്ല. മിന്നും ഫോമിൽ കളിക്കുന്ന സഞ്ജുവായിരുന്നു അവരുടെ ഉന്നം.
21തവണ പൂജ്യത്തിന് പുറത്തായാലും ഞാൻ നിന്നെ ടീമിന് പുറത്താക്കില്ലെന്ന് കോച്ച് ഗൗതം ഗംഭീർ തന്നോട് പറഞ്ഞുവെന്ന് സഞ്ജു വെളിപ്പെടുത്തിയിട്ട് ആഴ്ചകളായിട്ടേയുള്ളൂ. ഇഷ്ടക്കാർക്ക് ഇടം നൽകാൻ പക്ഷേ, ആ സഞ്ജുവിന് അന്യായമായി അവസരം നിഷേധിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. എല്ലാ കളികളിലും ഫോമായാൽ മാത്രമേ ടീമിലെ തന്റെ സ്ഥാനം ഭദ്രമാകുകയുള്ളൂ എന്ന് വരുന്നത് സഞ്ജുവിന്റെ കാര്യത്തിൽ മാത്രമാകുമ്പോൾ അത് കടുത്ത അനീതിയാണ്.
‘ഒന്നുമുതൽ എട്ടുവരെ എല്ലാ പൊസിഷനുകളിലും ബാറ്റുചെയ്ത ഏക ഇന്ത്യൻ ബാറ്ററാണ് സഞ്ജു. ഒരു കലണ്ടർ വർഷം മൂന്നു ട്വന്റി20 സെഞ്ച്വറികൾ നേടിയ താരമായിരുന്നിട്ടും കൃത്യമായ ഒരു സ്പോട്ട് നൽകാതെ അയാളെ സ്ഥിരമായി തട്ടിക്കളിക്കുകയാണ്. തന്റെ തലമുറയിൽ ഒട്ടും നീതി കിട്ടാതെ പോയ കളിക്കാരനാണദ്ദേഹം’ -ഒരു ആരാധകൻ ‘എക്സിൽ കുറിച്ചതിങ്ങനെ’. ‘റിഷാദ് ഹുസൈനെ കഴിഞ്ഞ തവണ തുടരെ അഞ്ചു സിക്സർ പറത്തിയ താരമാണ് സഞ്ജു. എന്നിട്ടും ബംഗ്ലാദേശിനെതിരെ ഗംഭീർ അദ്ദേഹത്തെ ബാറ്റിങ്ങിനയച്ചില്ല. നിങ്ങൾക്ക് രാഷ്ട്രീയം കളിക്കാനാണെങ്കിൽ അയാളെ എന്തിന് ടീമിലെടുത്ത് ഈ വിധം അപമാനിക്കണം? സ്വന്തക്കാരനായ തിലക് വർമയെ പോലും അവർ സഞ്ജുവിന് മുമ്പേ അവസരം നൽകി’ -ഒരാളുടെ ആത്മരോഷം ഇങ്ങനെയായിരുന്നു.
സഞ്ജു സാംസണിനോട് ചെയ്തത് തീർത്തും അനീതിയാണ്. അർഹമായ സ്ഥാനം അദ്ദേഹത്തിന് നൽകിയില്ല. സഞ്ജുവിന്റെ പ്രതിഭയെ ഈവിധം അവഗണിക്കുന്നത് കാണുമ്പോൾ കടുത്ത നിരാശ തോന്നുന്നു. സഞ്ജു തന്റെ കഴിവും പ്രതിഭയും സ്ഥിരമായി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതുപോലുള്ള അന്യായമായ തീരുമാനങ്ങൾ അദ്ദേഹത്തിലെ യഥാർഥ കഴിവുകളെ മറച്ചുപിടിക്കാൻ വേണ്ടിയുള്ളതാണ്. ഒന്നോ രണ്ടോ ഇന്നിങ്സുകളാൽ സഞ്ജുവിലെ കളിക്കാരനെ നിർവചിക്കരുത്. അനുയോജ്യമായ പൊസിഷനിൽ ബാറ്റിങ്ങിനിറങ്ങാൻ അവസരം ലഭിക്കണം. എന്നെപ്പോലുള്ള ആരാധകർ എപ്പോഴും പൂർണഹൃദയത്തോടെ അദ്ദേഹത്തെ പിന്തുണയ്ക്കും’-മറ്റൊരു ആരാധകൻ കുറിച്ചു.
ഇന്ത്യൻ സെലക്ടർമാരെ കോമാളികൾ എന്ന് വിശേഷിപ്പിച്ചത് പണ്ട് മൊഹീന്ദർ അമർനാഥാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞും ആ കോമാളികൾ കളം വാഴുകയാണ്. ഇപ്പോൾ കോച്ചും ക്യാപ്റ്റനുമടക്കമുള്ളവരും ലക്ഷണമൊത്ത കോമാളികളായി മാറിക്കഴിഞ്ഞുവെന്ന വ്യത്യാസം മാത്രമേയുള്ളൂ.