Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇതാണ് രാജ്യം...

ഇതാണ് രാജ്യം കൈയടിക്കുന്ന യഥാർഥ 'കേരള സ്റ്റോറി'; സഞ്ജുവിനെ നെഞ്ചിലേറ്റി സിനിമാ-കായിക ലോകം

text_fields
bookmark_border
ഇതാണ് രാജ്യം കൈയടിക്കുന്ന യഥാർഥ കേരള സ്റ്റോറി; സഞ്ജുവിനെ നെഞ്ചിലേറ്റി സിനിമാ-കായിക ലോകം
cancel

കൊൽക്കത്ത: ട്വന്റി 20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യയെ സെമിയിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി കായിക-സിനിമാ ലോകം. 50 പന്തിൽ പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവിന്റെ വിശ്വരൂപത്തെ 'ദി കേരള സ്റ്റോറി' എന്നാണ് തമിഴ് സംവിധായകൻ സി.എസ്. അമുദൻ വിശേഷിപ്പിച്ചത്. ബാറ്റിങ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ മുതൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വരെ സഞ്ജുവിന്റെ പോരാട്ടവീര്യത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തി. സമ്മർദ ഘട്ടത്തിൽ സഞ്ജു ക്രീസിൽ പുലർത്തിയ സമചിത്തതയെ സചിൻ വാനോളം പ്രശംസിച്ചു.


"നമ്മുടെ കുട്ടികൾ ഈ പോരാട്ടം അതിമനോഹരമായി കൈകാര്യം ചെയ്തു. രണ്ട് ഇന്നിങ്സുകളിലെയും അവസാന ഓവറുകൾ കൃത്യമായി നിയന്ത്രിക്കാനായത് നമുക്ക് മുൻതൂക്കം നൽകി. ക്രീസിൽ സഞ്ജു സാംസൺ പുലർത്തിയ ആ ശാന്തത കാണാൻ തന്നെ എന്തൊരു ഭംഗിയായിരുന്നു. അത്തരമൊരു സാന്നിധ്യം ഒരു ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഇനി നേരെ സെമി ഫൈനലിലേക്ക്" - സചിൻ എക്സിൽ കുറിച്ചു.

സഞ്ജുവിന്റെ ഇന്നിങ്സിനെ 'മാസ്റ്റർഫുൾ' എന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത്. ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചതിനൊപ്പമായിരുന്നു താരത്തിന്റെ വാക്കുകൾ. സഞ്ജുവിന്റെ പോരാട്ടവീര്യത്തെ മമ്മൂട്ടിയും പ്രശംസിച്ചു. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് എന്നാണ് പൃഥ്വിരാജ് സഞ്ജുവിന്റെ ചിത്രത്തിനൊപ്പം കുറിച്ചത്.

ഒരിക്കലും തളരാത്ത സഞ്ജുവിന്റെ മനോഭാവത്തെ അഭിനന്ദിച്ച നടനും സംവിധായകനുമായ ബേസിൽ ജോസഫ്, ഈ ഇന്നിങ്സ് വലിയൊരു 'സ്റ്റേറ്റ്മെന്റ്' ആണെന്ന് വ്യക്തമാക്കി. സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സിനെ പ്രശംസിച്ച് നിവിൻ പോളിയും ടൊവിനോ തോമസും രംഗത്തെത്തി. ഇരുവരും തുടർച്ചയായ പോസ്റ്റുകളിലൂടെയാണ് തങ്ങളുടെ ആവേശം പങ്കുവെച്ചത്. ദുൽഖർ സൽമാനാകട്ടെ ഇമോജികളിലൂടെയാണ് സഞ്ജുവിന് സ്നേഹമറിയിച്ചത്.

"നിന്നെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു മച്ചാ" എന്ന് മത്സരത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കാളിദാസ് ജയറാം കുറിച്ചു. മലയാളത്തിന് പുറമെ തമിഴ് സിനിമാലോകത്ത് നിന്ന് പ്രകാശ് രാജും സഞ്ജുവിന്റെ തിരിച്ചുവരവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Show Full Article
TAGS:Sanju Samson Mammotty Mohanlal Sachin Tendulkar 
News Summary - Sanju Samson's knock is 'The Kerala Story': Malayalam celebs praise cricketer
Next Story