‘പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്നയാൾ’; ഗംഭീറിനെ പ്രശംസിച്ച് തരൂർ
text_fieldsതരൂരും ഗംഭീറും
നാഗ്പുർ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ പ്രശംസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. ഇന്ത്യയിൽ പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്നത് ഗൗതം ഗംഭീറാണെന്ന് ശശി തരൂർ വിശേഷിപ്പിച്ചു. നാഗ്പൂരിൽ വെച്ച് ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി ഗംഭീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തരൂർ തന്റെ അഭിപ്രായം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ചത്.
“നാഗ്പൂരിൽ വെച്ച് എന്റെ പഴയ സുഹൃത്ത് ഗൗതം ഗംഭീറുമായി നല്ലൊരു സംഭാഷണം നടത്തി. പ്രധാനമന്ത്രി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ ഓരോ തീരുമാനത്തെയും സ്ഥിരമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, അദ്ദേഹം അചഞ്ചലനായി ശാന്തതയോടെ മുന്നോട്ട് പോകുന്നു. അദ്ദേഹത്തിന്റെ നിശബ്ദമായ നിശ്ചയദാർഢ്യത്തെയും കാര്യക്ഷമമായ നേതൃത്വത്തെയും ഞാൻ അഭിനന്ദിക്കുന്നു” -തരൂർ എക്സിൽ കുറിച്ചു.
തരൂരിന്റെ പ്രശംസയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഗംഭീർ ഉടൻതന്നെ റീട്വീറ്റ് ചെയ്തു. “വളരെയധികം നന്ദി ഡോ. ശശി തരൂർ! കാര്യങ്ങൾ ശാന്തമാകുമ്പോൾ, ഒരു കോച്ചിന്റെ ‘അമിതമായ അധികാരത്തെ’ക്കുറിച്ചുള്ള സത്യവും യുക്തിയും എല്ലാവർക്കും വ്യക്തമാകും. അതുവരെ, ഏറ്റവും മികച്ചവരായ എന്റെ സ്വന്തം ആളുകൾക്കെതിരെ എന്നെത്തന്നെ പ്രതിഷ്ഠിക്കുന്നതിൽ ഞാൻ രസിക്കുന്നു” -തരൂരിന്‍റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഗംഭീർ കുറിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ എന്ന നിലയിൽ ഗംഭീർ നേരിടുന്ന കടുത്ത വിമർശനങ്ങൾക്കും സമ്മർദങ്ങൾക്കും ഇടയിലാണ് തരൂരിന്റെ പിന്തുണ ശ്രദ്ധേയമാകുന്നത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിനെതിരെയുള്ള ഈ പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ 48 റൺസിന് വിജയിച്ചിരുന്നു. ഇടവേളക്കു ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫോമിലേക്ക് ഉയർന്നത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.


