‘65നു മുകളിൽ ശരാശരി ഉണ്ടായിട്ടും പരിഗണിച്ചില്ല, ഇങ്ങനെയെങ്കിൽ ആരും രഞ്ജി കളിക്കാൻ മെനക്കെടില്ല’; സർഫറാസിനെ തഴയുന്നതിൽ വിമർശനവുമായി തരൂർ
text_fieldsആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മുംബൈ താരം സർഫറാസ് ഖാനെ ദേശീയ ടീമിൽനിന്ന് തഴയുന്നതിൽ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. സെലക്ടർമാർ രഞ്ജി ട്രോഫിയിലെ പ്രകടനങ്ങളേക്കാൾ ഐ.പി.എല്ലിന് മുൻഗണന നൽകുന്നതിനെ അദ്ദേഹം ചോദ്യംചെയ്തു. സെലക്ഷൻ പ്രക്രിയയിൽ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളെ വിലകുറച്ചുകാണുന്നുവെന്ന് തരൂർ എക്സിൽ കുറിച്ചു. സർഫറാസിനെ നിരന്തരം അവഗണിക്കുന്ന സെലക്ഷൻ കമ്മിറ്റിക്കെതിരെ ആരാധക പ്രതിഷേധം ഉയരുന്നതിനിടെയാണ് തരൂരും രംഗത്തെത്തിയത്.
“ഇത് വലിയ അന്യായമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 65നു മുകളിൽ ശരാശരിയുള്ള താരമാണ് സർഫറാസ് ഖാൻ. ടെസ്റ്റ് അരങ്ങേറ്റത്തിൽ 150 അടിച്ചയാളാണ് അദ്ദേഹം. ഇംഗ്ലണ്ടിൽ കളിച്ച മത്സരത്തിൽ 92 റൺസ് നേടി. മുഴുവൻ ഇന്ത്യൻ ടീമിനെതിരെ കളിച്ച പരിശീലന മത്സരത്തിൽ സെഞ്ച്വറിയും നേടിയിരുന്നു. എന്നിട്ടും സെലക്ടർമാരുടെ പരിഗണനയിൽനിന്ന് അദ്ദേഹം പുറത്താണ്” -തരൂർ എക്സിൽ കുറിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ താരങ്ങൾ നടത്തുന്ന മികച്ച പ്രകടനങ്ങൾ സെലക്ടർമാർ അവഗണിക്കുന്നുവെന്നും തരൂർ ചൂണ്ടിക്കാണിച്ചു. രഞ്ജി ട്രോഫിയിൽ അജിങ്ക്യ രഹാനെയും പൃഥ്വി ഷായും കരുൺ നായരും റൺസ് നേടുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. കഴിവ് തെളിയിച്ച താരങ്ങളെ മാറ്റിനിർത്തി 'ഭാവി വാഗ്ദാനങ്ങളെ' പരീക്ഷിക്കാൻ നമ്മുടെ സെലക്ടർമാർ തിടുക്കം കാണിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിലെ റൺസിനെ സെലക്ടർമാർ വിലമതിക്കണം. ഐ.പി.എല്ലിലെ പ്രകടനം മാത്രമല്ല നോക്കേണ്ടത്. അല്ലെങ്കിൽ ആരും രഞ്ജി കളിക്കാൻ മെനക്കെടില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
ആറ് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 37.10 ശരാശരിയിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറികളും സഹിതം 371 റൺസാണ് സർഫറാസിന്റെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 57 മത്സരങ്ങളിൽ നിന്ന് 64.32 ശരാശരിയിൽ 16 സെഞ്ച്വറികളടക്കം 4760 റൺസ് നേടിയിട്ടുണ്ട്. 2024ല്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലാണ് സര്‍ഫറാസ് ഒടുവിൽ ഇന്ത്യൻ കുപ്പായത്തിലിറങ്ങിയത്. ആസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിൽ അവസരം ലഭിച്ചില്ല. ഭാരം കുറച്ചിട്ടും ഇംഗ്ലണ്ട് പര്യടനത്തിലേക്കും വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയിലും അദ്ദേഹത്തെ അവഗണിച്ചു. ദക്ഷിണാഫ്രിക്ക എക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലും ഉള്‍പ്പെടുത്താത്തത് ആരാധക രോഷത്തിനിടയാക്കി.


