ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി.യുവിൽ
text_fieldsപരിക്കേറ്റ ശ്രേയസ് അയ്യർ ഗ്രൗണ്ട് വിടുന്നു
സിഡ്നി: ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
സിഡ്നിയിൽ നടന്ന മത്സരത്തിനിടെ ആസ്ട്രേലിയൻ ബാറ്റർ അലക്സ് കാരിയുടെ ഷോട്ട് കൈപിടിയിൽ ഒതുക്കുന്നതിനിടെ വീണ് വാരിയെല്ലിന് പരിക്കേറ്റതിനു പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്രസ്സിങ് റൂമിലെത്തിയ ഉടൻ സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും, ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച ആശുപത്രിയിലെത്തിച്ച താരം കഴിഞ്ഞ ദിവസങ്ങളിൽ ഐ.സി.യുവിലായിരുന്നുവെന്നും രണ്ട് മുതൽ ഏഴു ദിവസം വരെ ആശുപത്രിയിൽ തുടരുമെന്നും അറിയിച്ചു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയുന്നതിനായി നിരീക്ഷണത്തിൽ തുടരും.
വീഴ്ചയുടെ ആഘാതം തിരിച്ചറിഞ്ഞ ഉടൻ ടീം ഡോക്ടറും ഫിസിയോയയും താരത്തെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. ഇപ്പോൾ അപകടനില തരണം ചെയ്തുവെന്നും, വേഗം സുഖപ്പെടുമെന്നും ടീം വൃത്തങ്ങൾ അറിയിച്ചു. ജീവൻ തന്നെ അപകടത്തിലാകുന്ന സാഹചര്യത്തിലായിരുന്നു താരത്തെ അടിയന്തിരമായി ആശുപത്രിയിലേക്ക് മാറ്റിയത്.
ആന്തരിക രക്തസ്രാവമുള്ളതിനാൽ സുഖം പ്രാപിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന. കളിക്കളത്തിൽ തിരികെയെത്താൻ താമസിക്കുമെന്നും, തിരിച്ചുവരവ് എപ്പോൾ എന്ന് കൃത്യമായി പറയാനാവില്ലെന്നും അറിയിച്ചു.
സിഡ്നിയിൽ ആശുപത്രിയിൽ തുടരുന്ന താരത്തിന് പൂർണമായ സുഖം പ്രാപിച്ച് യാത്രക്ക് സജ്ജമായാൽ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കൂ.
ബുധനാഴ്ച ആരംഭിക്കുന്ന ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർ ഇല്ല.
24 റൺസെടുത്തു നിൽക്കെ ഹർഷിത് റാണയുടെ പന്തിൽ ഷോട്ടുതിർത്ത അലക്സ് കാരിയെ ബാക് വേഡ് പോയിന്റിൽ നിന്നും പിറകിലേക്ക് കുതിച്ചു പാഞ്ഞായിരുന്നു ശ്രേയസ് ഉജ്വല ക്യാച്ചിലൂടെ കൈപിടിയിലൊതുക്കിയത്. മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിച്ചു.


