ശ്രേയസ് അയ്യരെ ഐ.സി.യുവിൽനിന്ന് മാറ്റി; അപകടനില തരണം ചെയ്തു, പക്ഷേ ആശുപത്രിയിൽ തുടരണം
text_fieldsശ്രേയസ് അയ്യർ ആശുപത്രിയിൽ
സിഡ്‌നി: ആസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ അപകടനില തരണം ചെയ്തു. സിഡ്‌നിയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് താരത്തെ മാറ്റിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫീൽഡിങ്ങിനിടെ വാരിയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ശ്രേയസിന് ആന്തരിക രക്തസ്രാവമുണ്ടായി. പിന്നാലെ മെഡിക്കൽ സംഘം മൈതാനത്ത് എത്തുകയും പരിക്ക് ഗുരുതരമാണെന്ന് കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച നടന്ന മത്സരത്തിനിടെ ഓസീസ് താരം അലക്സ് കാരിയെ പുറത്താക്കാനായി ക്യാച് എടുത്തപ്പോഴാണ് ശ്രേയസിന് പരിക്കേറ്റത്. അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാതിരിക്കാൻ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞതിനു ശേഷമേ ഹോസ്പിറ്റലിൽനിന്ന് മടങ്ങാൻ കഴിയുകയുള്ളൂ. ബി.സി.സി.ഐയുടെ മെഡിക്കൽ ടീം സിഡ്നിയിലെ വിദഗ്ധ ഡോക്ടർമാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ടീം ഡോക്ടറായ റിസ്വാൻ ഖാൻ ശ്രേയസിനൊപ്പം ആശുപത്രിയിൽ തുടരും.
പരിക്കിൽനിന്ന് മോചിതനായി ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന. സിഡ്നിയിൽ ആശുപത്രിയിൽ തുടരുന്ന താരത്തിന് പൂർണമായ സുഖം പ്രാപിച്ച് യാത്രക്ക് സജ്ജമായാൽ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കൂ. ബുധനാഴ്ച ആരംഭിക്കുന്ന ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് ഇല്ല.


