സെഞ്ച്വറി; ബ്രാഡ്മാനെ മറികടന്ന് ശുഭ്മൻ ഗിൽ
text_fieldsമാഞ്ചസ്റ്റര്‍: ക്യാപ്റ്റനായുള്ള അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിൽ നാല് സെഞ്ചുറി നേടി പുതിയ റെക്കോഡിട്ട് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍. ഈനേട്ടം സ്വന്തമാക്കുന്ന ആദ്യതാരമാണ് ഇന്ത്യൻ നായകൻ. നായകനായ ആദ്യ ടെസ്റ്റ് പരമ്പരയിൽ മൂന്ന് സെഞ്ച്വറി നേടിയ ഡോണ്‍ ബ്രാഡ്മാന്‍, വിരാട് കോഹ്ലി , ഗ്രെഗ് ചാപ്പല്‍, വാര്‍വിക്ക് ആംസ്‌ട്രോങ്, സ്റ്റീവന്‍ സ്മിത്ത് എന്നിവരെയാണ് ഗില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ നേടിയ സെഞ്ച്വറിയോടെ മറികടന്നത്.
സെഞ്ച്വറികളുടെ റെക്കോഡിന്റെ കാര്യത്തില്‍ പിന്നേയും റെക്കോഡ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്മാനും ഇന്ത്യയുടെ സുനില്‍ ഗവാസ്‌ക്കര്‍ക്കും ഒപ്പമെത്തുകയും ചെയ്തു ശുഭ്മന്‍ ഗില്‍. ഒരു പരമ്പരയില്‍ നാല് സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് ഗില്ലിനെ ഗവാസ്‌ക്കര്‍ക്കും ബ്രാഡ്മാനുമൊപ്പമെത്തിച്ചത്. നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനമാണ് ഗില്‍ ഈ പരമ്പരയിലെ തന്റെ നാലാം സെഞ്ച്വറി സ്വന്തമാക്കിയത്.
238 പന്തില്‍ നിന്ന് 103 റണ്‍സാണ് നാലാം ടെസ്റ്റില്‍ ഗില്‍ നേടിയത്. ലീഡ്‌സ് ടെസ്റ്റില്‍ 147 റൺസും ബിര്‍മിങ്ഹാം ടെസ്റ്റില്‍ 269 റൺസും 161 റണ്‍സും നേടിയിരുന്നു ഗില്‍. 1947ൽ ഇന്ത്യക്കെതിരായ നാട്ടിലെ പരമ്പരയിലാണ് ബ്രാഡ്മാന്‍ നാല് സെഞ്ച്വറി നേടിയത്. ഗവാസ്‌ക്കര്‍ 1978ല്‍ വിന്‍ഡീസിനെതിരായ നാട്ടിലെ പരമ്പരയിലും. എവേ മത്സരത്തില്‍ നാല് സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റന്‍ അങ്ങനെ ഗില്ലിന് സ്വന്തമാണ്.
ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ ക്രിക്കറ്റ് ഇതിഹാസമായ ബ്രാഡ്മാന് പിന്നില്‍ രണ്ടാമനാണ് ഗില്‍. 722 റണ്‍സാണ് ഈ പരമ്പരയില്‍ മാത്രം ഗില്‍ നേടിയത്. 1936ല്‍ ഇംഗ്ലണ്ടിനെതിരായ നാട്ടിലെ പരമ്പരയില്‍ 810 റണ്‍സ് നേടിയ ബ്രാഡ്മാനാണ് ഒന്നാമത്. വെസ്റ്റിന്‍ഡീസിനെതിരെ 702 റണ്‍സ് നേടിയ ഗ്രെഗ് ചാപ്പല്‍ മൂന്നാമതും 1974ല്‍ ഇന്ത്യക്കെതിരായ 636 റണ്‍സ് നേടിയ ക്ലൈവ് ലോയ്ഡ് നാലാമതും 1955ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 582 റണ്‍സ് നേടിയ പീറ്റര്‍ മെയ് അഞ്ചാമതുമാണ്.