കോഹ്ലിയുടെയും രോഹിത്തിന്‍റെയും ക്രിക്കറ്റ് ഭാവി എന്ത്? നിലപാട് വ്യക്തമാക്കി ശുഭ്മൻ ഗിൽ
text_fieldsസിഡ്നി: വെറ്ററൻ താരങ്ങളായ രോഹിത് ശർമയുടയും വിരാട് കോഹ്ലിയുടെയും ക്രിക്കറ്റ് ഭാവിയെ കുറിച്ച് നിലപാട് വ്യക്തമാക്കി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇരുവരും നടത്തിയ ക്ലാസ് ബാറ്റിങ് കൂട്ടുകെട്ടാണ് ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ചത്. നായകനായുള്ള അരങ്ങേറ്റത്തിൽ ശുഭ്മൻ ഗില്ലിന് സമ്പൂർണ തോൽവി ഒഴിവാക്കാനുമായി.
രണ്ടാം വിക്കറ്റിൽ ഇരുവരും നേടിയ 168 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഗംഭീര വിജയമൊരുക്കിയത്. ഏകദിന കരിയറിലെ 33ം സെഞ്ച്വറി നേടിയ രോഹിത് 125 പന്തിൽ 121 റൺസുമായും കോഹ്ലി 81 പന്തിൽ 74 റൺസുമായും പുറത്താകാതെ നിന്നു. കളിയിലെ താരമായും പരമ്പരയുടെ താരമായും രോഹിത് തെരഞ്ഞെടുക്കപ്പെട്ടു. ക്രിക്കറ്റ് ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങളുടെ കാർമേഘം കൂടിയാണ് രോഹിത് സെഞ്ച്വറിയോടെ ഇല്ലാതാക്കിയത്. മറുവശത്ത്, ആദ്യത്തെ രണ്ടു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായതിന്‍റെ നിരാശയും വിമർശനവും കോഹ്ലി അർധ സെഞ്ച്വറിയോടെ അതിർത്തി കടത്തി. ഇന്ത്യൻ ഏകദിന ടീമിൽ ഇനിയും തങ്ങളുണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനം കൂടിയായിരുന്നു കോഹ്ലിയുടയും രോഹിത്തിന്‍റെയും ഇന്നിങ്സ്.
2027ലെ ഏകദിന ലോകകപ്പിൽ ഇരുവരും കളിക്കുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ടെസ്റ്റിലും ട്വന്‍റി20 ക്രിക്കറ്റിലും വിരമിച്ച ഇരുവരും നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിക്കുന്നത്. നവംബർ അവസാനം നാട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതേസമയം, കോഹ്ലിയുടെയും രോഹിത്തിന്‍റെയും ക്രിക്കറ്റ് ഭാവിയെ സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഗിൽ പ്രതികരിച്ചു.
ഡിസംബർ ആറിന് ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പര പൂർത്തിയാകും. അടുത്ത വർഷം ജനുവരി 11ന് ന്യൂസിലൻഡിനെതിരായാണ് അടുത്ത ഏകദിന പരമ്പരയുള്ളത്. അതിനിടയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ചെറിയൊരു ഇടവേളയാണ്. അന്നു താരങ്ങൾ എന്ത് ചെയ്യുന്നുവെന്ന് നോക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നും ഗിൽ കൂട്ടിച്ചേർത്തു.
നവംബർ 30, ഡിസംബർ മൂന്ന്, ആറ് തീയതികളിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര നടക്കുന്നത്. ജനുവരി 11നാണ് ന്യൂസിലൻഡിനെതിരായ പരമ്പര. അതിനിടെ ഡിസംബർ 24ന് വിജയ് ഹസാരെ ട്രോഫി നടക്കുന്നുണ്ട്. രോഹിത്തും കോഹ്ലിയും തങ്ങളുടെ ടീമുകൾക്കുവേണ്ടി കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷ.
ഏകദിന പരമ്പര കുറവായതിനാൽ ഏകദിന ലോകകപ്പ് സ്വപ്നം കാണുന്ന രോഹിത്തിനും കോഹ്ലിക്കും ഫോമും ടീമിലെ സ്ഥാനവും നിലനിർത്താനുള്ള ഏക വഴി ആഭ്യന്തര ക്രിക്കറ്റ് കളിക്കുക എന്നതുമാത്രമാണ്. അന്താരാഷ്ട്ര ഡ്യൂട്ടി ഇല്ലാത്ത സമയങ്ങളിൽ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് നേരത്തെ ബി.സി.സി.ഐയും പരിശീലകൻ ഗൗതം ഗംഭീറും താരങ്ങൾക്ക് കർശന നിർദേശം നൽകിയിരുന്നു.


