കോഹ്ലിയുടെ റെക്കോഡ് തകർത്ത് സ്മൃതി മന്ദാനയുടെ വെടിക്കെട്ട് (50 പന്തിൽ സെഞ്ച്വറി); ഇന്ത്യൻ ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി ഇനി താരത്തിനു സ്വന്തം
text_fieldsസ്മൃതി മന്ദാന
ന്യൂഡൽഹി: ചരിത്രമെഴുതി ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് ഇനി മന്ദാനക്കു സ്വന്തം.
ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ 50 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലിയുടെ പേരിലുള്ള ഏകദിന റെക്കോഡാണ് താരം മറികടന്നത്. 2013 ഒക്ടോബറിൽ ജയ്പൂരിൽ ആസ്ട്രേലിയക്കെതിരെ കോഹ്ലി 52 പന്തിൽ സെഞ്ച്വറി നേടിയിരുന്നു.
ഏകദിനത്തിൽ അതിവേഗം സെഞ്ച്വറി നേടുന്ന ഇന്ത്യൻ വനിത താരമെന്ന സ്വന്തം പേരിലുള്ള റെക്കോഡും മന്ദാന തിരുത്തി. നേരത്തെ 70 പന്തിൽ താരം സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. ആസ്ട്രേലിയയുടെ മെഗ് ലാനിങ്ങിന്‍റെ പേരിലാണ് വനിത താരങ്ങളിൽ അതിവേഗം സെഞ്ച്വറി കുറിച്ച റെക്കോഡ്. 2012ൽ സിഡ്നിയിൽ ന്യൂസിലൻഡിനെതിരെ 45 പന്തിൽ ഓസീസ് താരം സെഞ്ച്വറി നേടിയിരുന്നു.
മത്സരത്തിൽ 63 പന്തിൽ അഞ്ചു സിക്സും 17 ഫോറുമടക്കം 125 റൺസെടുത്താണ് മന്ദാന പുറത്തായത്. പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യൻ ഓപണർ സെഞ്ച്വറി (91 പന്തിൽ 117) നേടിയിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരിയിൽ ഓരോ മത്സരം വീതം ജയിച്ച ഇന്ത്യക്കും ഓസീസിനും ഇന്നത്തെ മത്സരം നിർണായകമാണ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ 47.5 ഓവറിൽ 412 റൺസെടുത്താണ് ഓൾ ഔട്ടായത്. ബെത്ത് മൂണിയുടെ തകർപ്പൻ സെഞ്ച്വറിയാണ് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 75 പന്തിൽ ഒരു സിക്സും 23 ഫോറുമടക്കം 138 റൺസെടുത്തു.
എല്ലിസെ പെരിയും (72 പന്തിൽ 68) ജോർജിയ വോളും (68 പന്തിൽ 81) അർധ സെഞ്ച്വറികൾ നേടി. ഇന്ത്യക്കുവേണ്ടി അരുന്ധതി റെഡ്ഡി മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ അടിക്ക് തിരിച്ചടി എന്നതായിരുന്നു ഇന്ത്യയുടെ നയം. നിലവിൽ 37.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തിട്ടുണ്ട് ഇന്ത്യ. ഹർമൻപ്രീത് കൗർ 35 പന്തിൽ 52 റൺസെടുത്തു. അർധ സെഞ്ച്വറിയുമായി ദീപ്തി ശർമയും (46 പന്തിൽ 58) സ്നേഹ റാണയുമാണ് (14 പന്തിൽ 12) ക്രീസിൽ. മൂന്നു വിക്കറ്റ് കൈയിലിരിക്കെ ഇനിയും 90 റൺസ് വേണം ഇന്ത്യക്ക് ജയിക്കാൻ.