കേരളത്തിന്റെ ‘പൊൻമാൻ'
text_fieldsതിരുവനന്തപുരം: അവസാനത്തെ 12 പന്തുകളില്‍ 11ഉം സിക്സ്, ഒരോവറില്‍ 40 റണ്‍സ് നേടുക... ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിനായി കഴിഞ്ഞദിവസം സല്മാന് നിസാര്‍ പുറത്തെടുത്തത്. അപൂർവ റെക്കോഡിനുടമയായ ഈ തലശ്ശേരിക്കാൻ ഈ പ്രകടനത്തോടെ ലോക ക്രിക്കറ്റിൽ തന്നെ വൈറലായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ രഞ്ജിസീസണിൽ സൽമാൻ നിസാറിന്റെ മിന്നുംഫോമാണ് 90 വർഷത്തെ രഞ്ജിക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി കേരളത്തെ ഫൈനലിൽ എത്തിച്ചത്. ക്വാർട്ടറിൽ അവസാന വിക്കറ്റിൽ ബേസിൽ തമ്പിയെ കൂട്ടുപിടിച്ച് നേടിയ ഒരു റൺ ലീഡിന്റെ ബലത്തിൽ കേരളത്തെ സെമി കടത്തിയ ഈ 29കാരൻ. സെമിയിൽ ഗുജറാത്തിന്റെ വിജയ ഷോട്ട് ഹെൽമറ്റ് കൊണ്ട് തടുത്ത് കേരളത്തെ ഫൈനലിൽ കൈപിടിച്ച് കയറ്റുകയായിരുന്നു. തന്റെ നേട്ടങ്ങളെക്കുറിച്ച് സൽമാൻ നിസാർ സംസാരിക്കുന്നു.
12 പന്തുകളിൽ 11 സിക്സ്, സ്വപ്നത്തിൽപോലും ഉണ്ടായിരുന്നോ ഇത്തരമൊരു വെടിക്കെട്ട്
ഒരു ഓവറിൽ ആറ് സിക്സ് കുറേക്കാലമായി മനസിൽ കൊണ്ടുനടന്ന സ്വപ്നമാണ്. കഴിഞ്ഞ സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ മുംബൈക്കെതിരെ നേടിയ 25 റൺസായിരുന്നു ഇതുവരെ ഒരോവറിലെ മികച്ച പ്രകടനം.അതിനുശേഷം ഞാനെന്റെ ക്രിക്കറ്റ് ബേസിക്കുകളിൽ കൂടുതൽ ശ്രദ്ധിച്ചു. കെ.സി.എൽ ആരംഭിക്കുംമുമ്പ് ഞാൻ മംഗലപുരത്ത് രഞ്ജിട്രോഫി ക്യാമ്പിലായിരുന്നു.
അവിടെ അമേയ് ഖുറേഷി സർ കാലിന്റെ ചലനം, തലയുടെ പൊസിഷൻ തുടങ്ങിയ കാര്യങ്ങളിൽ ചില നിർദേശങ്ങൾ തന്നിരുന്നു. അത് വളരെ ഗുണമായി. ക്യാമ്പ് കഴിഞ്ഞെത്തിയപ്പോൾ തന്നെ ക്യാപറ്റനും റൂംമേറ്റായ രോഹൻ കുന്നുമ്മലിനോടും ഇത്തവണ ഞാൻ ആറ് പന്തിലും സിക്സ് അടിക്കുമെന്ന് പറഞ്ഞിരുന്നു. ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ പരാമാവധി റൺസ് അടിക്കുകയെന്നത് മാത്രമായിരുന്നു ചിന്ത. ദൈവാനുഗ്രഹം കൊണ്ട് അന്ന് എന്റെ ദിവസമായിരുന്നു. അടിച്ചതെല്ലാം ഗ്രൗണ്ടിന് വെളിയിൽ വീണു.
കഴിഞ്ഞ സീസണിൽ ഐ.പി.എൽ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ, മുംബൈ, ഡൽഹി ടീമുകളിൽ ട്രയൽസിന് പോയിരുന്നു. രഞ്ജി ക്യാമ്പിനിടയിൽ ചെന്നൈ രണ്ടാമതും ട്രയൽസിന് വിളിച്ചപ്പോൾ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ചെന്നൈയിലെ മുഖ്യതാരങ്ങളോടൊപ്പം രണ്ട് പരിശീലന മത്സരങ്ങൾ കളിച്ചു.
ഋതുരാജ് ഗെയ്ക്ക് വാദ്, ജഡേജ, പരിശീലകൻ സ്റ്റീഫൻ ഫ്ലമിങ്ങുമെല്ലാം ബാറ്റിങ് പ്രകടത്തിൽ തൃപ്തരായിരുന്നു. ഞങ്ങളുടെ കണ്ണ് എപ്പോഴും നിന്നിലുണ്ടെന്നാണ് തിരികെ മടങ്ങുനേരത്ത് ടീം മാനേജ്മെന്റ് അറിയിച്ചത്.
എന്തുകൊണ്ടാണ് ടീമിൽ അവസരം ലഭിക്കാതെ പോയതെന്ന് ചിന്തിച്ചിരുന്നോ.
ചെന്നൈ എന്നെ പരിഗണിച്ചിരുന്നത് അഞ്ചാമതും ആറാമതും ബാറ്റിങ് പൊസിഷനിലേക്കാണ്. ആ പൊസിഷനിൽ ശിവം ദുബൈ, രവീന്ദ്ര ജഡേജ എന്നിവർ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ അവരെക്കാളും മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ടീമിൽ ഇടം ലഭിക്കൂ.
ഐ.പി.എല്ലിൽ ഡൽഹിക്കൊപ്പം കെ.എൽ രാഹുൽ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർക്കൊപ്പം പരിശീലനം നടത്താൻ സാധിച്ചു. ഇവരിൽ നിന്നൊക്കെ കണ്ടുപഠിക്കാൻ തന്നെ ഏറെയുണ്ട്. ഇത്തരം താരങ്ങൾക്കൊപ്പം കളിക്കുമ്പോൾ ഏതെങ്കിലും ടീമിൽ ഉടൻ തന്നെ ഇടം ലഭിച്ചേക്കാമെന്ന ആത്മവിശ്വാസം വന്നു.
ബാറ്റിങ്ങിൽ പുത്തൻ ശൈലികൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ടോ?
ബാറ്റിങ്ങിൽ വിവിധ ശൈലികൾ പരിശീലിക്കുന്നുണ്ട്. കേരളത്തിന്റെ പരിശീലകൻ അമേയ് സാർ പറയാറുണ്ട് ഹയർ ലെവൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ പലതരം ഷോട്ടുകൾക്ക് ശ്രമിക്കണമെന്ന്. സ്വിച്ച് ഹിറ്റ്, റിവേഴ്സ് സ്വീപ്, അപ്പർ കട്ടൊക്കെ നെറ്റ്സിൽ ഇപ്പോൾ പരിശീലിക്കുന്നുണ്ട്.
പക്ഷേ അതൊക്കെ മത്സരത്തിനിടയിൽ കളിക്കാനുള്ള ധൈര്യം എനിക്ക് വന്നിട്ടില്ല. എനിക്ക് തന്നെ ധൈര്യമില്ലാത്ത ഷോട്ടിലേക്ക് പോയാൽ അത് ചില്ലപ്പോൾ ടീമിനെ തോൽവിയിൽ കൊണ്ടെത്തിക്കും. കാരണം ഞാൻ ആ പൊസിഷനിലാണ് മൂന്ന് ഫോർമാറ്റിലും ബാറ്റിങ്ങിനിറങ്ങുന്നത്. എനിക്ക് ധൈര്യം വരുമ്പോൾ ആ ഷോട്ടുകൾ ഗ്രൗണ്ടിൽ കാണാം.
സൽമാനാണ് കഴിഞ്ഞ രണ്ടുവർഷമായി കേരള ക്രിക്കറ്റിലെ ഹീറോ. വിജയ രഹസ്യത്തിന് പിന്നിൽ
10 വർഷം മുമ്പാണ് ഞാൻ കേരളത്തിനായി രഞ്ജിയിൽ അരങ്ങേറുന്നത്. പക്ഷേ ആദ്യ സെഞ്ച്വറി നേടിയത് കഴിഞ്ഞ വർഷമായിരുന്നു. ബാറ്റിങ്ങിൽ എനിക്ക് തന്നെ നിരാശയുണ്ടായിരുന്നു. അപ്പോഴും എന്നെ ചേർത്തുപിടിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനും ടീമിലെ എന്റെ സുഹൃത്തുകളും സീനിയേഴുമായിരുന്നു.
അവരുടെ നിർദേശ പ്രകാരം പരിശീലന സമയം ഞാൻ കൂട്ടി. സമയം നോക്കി പരിശീലിക്കുന്നത് അവസാനിപ്പിച്ചു. എപ്പോഴാണ് എനിക്ക് തൃപ്തി വരുന്നത് അതുവരെ ഞാൻ ദിവസവും ബാറ്റ് ചെയ്തു. ഫിറ്റ്നെസിൽ ഓരോ വർഷവും മെച്ചപ്പെടാൻ ശ്രദ്ധിച്ചു. എന്റെ എല്ലാ നേട്ടങ്ങൾക്കും നന്ദി പറയേണ്ടത് കെ.സി.എയോടാണ്.
കെ.സി.എൽ പാതിവഴിയിൽ ഉപേക്ഷിച്ച് ദുലീപ് ട്രോഫിക്കായി പോകുവാണല്ലോ. കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിനെ മിസ് ചെയ്യുമോ?
ഉറപ്പായും ഇത് എന്റെ കുടുംബമാണ്. ടീം ഫൈനലിൽ കയറിയാൽ, പറ്റുമെങ്കിൽ ഉറപ്പായും ഞാൻ എത്തിയിരിക്കും. കഴിഞ്ഞവർഷം നഷ്ടമായ കപ്പ് കോഴിക്കോട് കൊണ്ടുപോകണം.
ഇത്തവണ ഐ.പി.എൽ ടീമുകൾ സൽമാനെ റാഞ്ചുമോ?
ഐ.പി.എൽ വലിയ സ്വപ്നമാണ്.പക്ഷേ അതേക്കുറിച്ചൊന്നും വലുതായി ചിന്തിക്കുന്നില്ല. നിരാശപ്പെടാനുമില്ല. കിട്ടുന്ന അവസരങ്ങളിലെല്ലാം ഏറ്റവും നല്ല ക്രിക്കറ്റ് കളിക്കാനും ടീമിനെ വിജയിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ബാക്കിയെല്ലാം ഈശ്വരന്റെ കൈയിൽ.