തകർച്ചയിൽനിന്ന് കരകയറ്റി ക്ലാസൻ; മുംബൈക്ക് 144 റൺസ് വിജയലക്ഷ്യം, ബോൾട്ടിന് നാലു വിക്കറ്റ്
text_fieldsഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർച്ചയിൽനിന്ന് കരകയറ്റി ഹെൻറിച് ക്ലാസന്‍റെ ക്ലാസ് ഇന്നിങ്സ്, മുംബൈ ഇന്ത്യൻസിന് 144 റൺസ് വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. ഒരുഘട്ടത്തിൽ അഞ്ചു വിക്കറ്റിന് 35 റൺസെന്ന നിലയിൽ തകർന്ന ഹൈദരാബാദിനെ ക്ലാസനും ഇംപാക്ട് പ്ലെയർ അഭിനവ് മനോഹരുമാണ് കരകയറ്റിയത്. 44 പന്തിൽ രണ്ടു സിക്സും ഒമ്പതു ഫോറുമടക്കം 71 റൺസെടുത്താണ് ക്ലാസൻ പുറത്തായത്. അഭിനവ് 37 പന്തിൽ 43 റൺസെടുത്തു. മൂന്നു സിക്സും രണ്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്.
ആറം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 99 റൺസാണ് ഹൈദരാബാദ് ഇന്നിങ്സിന്‍റെ നട്ടെല്ല്. പേരുകേട്ട ബാറ്റർമാരെല്ലാം അതിവേഗം കൂടാരം കയറി. ഒരുഘട്ടത്തിൽ 4.1 ഓവറിൽ 13 റൺസെടുക്കുന്നതിനിടെ നാലു മുൻനിര ബാറ്റർമാരെയാണ് ഹൈദരാബാദിന് നഷ്ടമായത്. ട്രാവിസ് ഹെഡ് (നാലു പന്തിൽ പൂജ്യം), അഭിഷേക് ശർമ (എട്ടു പന്തിൽ എട്ട്), ഇഷാൻ കിഷൻ (നാലു പന്തിൽ ഒന്ന്), നിതീഷ് കുമാർ റെഡ്ഡി (ആറു പന്തിൽ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിന്നാലെ 14 പന്തിൽ 12 റൺസെടുത്ത അനികേത് വർമയെയും നഷ്ടമായി.
പിന്നാലെ ക്ലാസനും അഭിനവും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും ടീം സ്കോർ നൂറുകടത്തി. നായകൻ പാറ്റ് കമ്മിൻസാണ് (രണ്ടു പന്തിൽ ഒന്ന്) പുറത്തായ മറ്റൊരു താരം. ഒരു റണ്ണുമായി ഹർഷൽ പട്ടേൽ പുറത്താകാതെ നിന്നു. മുംബൈക്കായി ട്രെന്‍റ് ബോൾട്ട് നാലു വിക്കറ്റ് വീഴ്ത്തി. ദീപക് ചഹർ രണ്ടും ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ചു
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ച് ഐ.പി.എല്ലിലെ സൺറൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് മത്സരം. ഇരു ടീമിലെയും കളിക്കാർ കറുത്ത ആംബാൻഡ് ധരിച്ചു. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരം ഒരു മിനിറ്റ് മൗനാചരണത്തോടെയാണ് തുടങ്ങിയത്. ചിയർ ലീഡർമാരുടെ ആഘോഷവും കരിമരുന്ന് പ്രയോഗവുമുണ്ടായില്ല.
അതേസമയം, സചിൻ ടെണ്ടുൽകർ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കെ.എൽ രാഹുൽ, ശുഭ്‌മൻ ഗിൽ തുടങ്ങിയ പ്രമുഖർ ആക്രമണത്തെ അപലപിക്കുകയും ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. ആക്രമികൾക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മതത്തിന്‍റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കുന്നത് ശുദ്ധ തോന്ന്യാസമാണെന്നും ഒരു വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനും ഇത്തരമൊരു ക്രൂരകൃത്യത്തെ ന്യായീകരിക്കാൻ കഴിയില്ലെന്നും സിറാജ് പ്രതികരിച്ചു.