ധോണി നിർത്താൻ സമയമായി! സി.എസ്.കെ പുതിയ നായകനെ നോക്കണം; ഉപദേശവുമായി സുരേഷ് റെയ്ന
text_fieldsചെന്നൈ സൂപ്പർ കിങ്സ് പുതിയ നായകനെ നോക്കണമെന്ന് ഫ്രഞ്ചൈസിയുടെ എക്കാലത്തെയും വലിയ സൂപ്പർതാരം സുരേഷ് റെയ്ന. മുംബൈ ഇന്ത്യൻസിനെതിരെയുള്ള ഒമ്പത് വിക്കറ്റ് തോൽവിക്ക് ശേഷമാണ് റെയ്നയുടെ അഭിപ്രായം. ഈ സീസണിലെ സൂപ്പർ കിങ്സിന്‍റെ ആറാം തോൽവിയായിരുന്നു ഇത്.
സൂപ്പർ കിങ്സ് കടുത്ത തീരുമാനങ്ങൾ എടുക്കണമെന്നും ഒരു പുതിയ നായകനെ കണ്ടെത്തണമെന്നും റെയ്ന പറയുന്നു. മറ്റ് ടീമുകൾ യുവതാരങ്ങളെ ടീമിലെത്തിച്ച് ഞെട്ടിക്കുന്നുണ്ടെന്നും റെയ്ന പറയുന്നു.
'സി.എസ്.കെ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അവർക്ക് ഒരു പുതിയ ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ആവശ്യമാണ്. ഫ്രാഞ്ചൈസിയെ നയിക്കാൻ കഴിയുന്ന ഒരു കളിക്കാരനെ കണ്ടെത്തുക. മിക്കവാറും എല്ലാ പ്രധാന കളിക്കാരും 30 വയസ്സിനു മുകളിലുള്ളവരാണ്, യുവ കളിക്കാരിൽ നിക്ഷേപിക്കേണ്ട സമയമാണിത്. മറ്റ് ഫ്രാഞ്ചൈസികളെ നോക്കൂ. പ്രിയാൻഷ് ആര്യ വൈഭവ് സൂര്യവംശി എന്ന രണ്ട് യുവ ക്രിക്കറ്റ് താരങ്ങൾ എല്ലാവരെയും ആകർഷിച്ചു,' സുരേഷ് റെയ്‌ന പറഞ്ഞു.
'സിഎസ്‌കെയുടെ ഗ്രാഫ് താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്, ഫ്രാഞ്ചൈസിയെ അലട്ടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ശരിയായ സമയമാണിത്. ക്രിക്കറ്റ് മുന്നോട്ട് പോയി, മത്സരങ്ങൾ ജയിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തേണ്ടതുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ ഇന്ത്യൻസിനെതിരെ ഒമ്പത് വിക്കറ്റിനായിരുന്നു സി.എസ്.കെയുടെ തോൽവി. വാങ്കഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
45 പന്തിൽ ആറു സിക്‌സും നാല് ഫോറുമുൾപ്പെടെ 76 റൺസെടുത്ത രോഹിതും 30 പന്തിൽ അഞ്ച് സിക്സും ആറും ഫോറും ഉൾപ്പെടെ 68 റൺസെടുത്ത സൂര്യകുമാറും ചെന്നൈ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു. 19 പന്തിൽ 34 റൺസെടുത്ത റിയാൻ റിക്കിൽടണിൻ്റെ വിക്കറ്റ് മാത്രമാണ് ചെന്നൈക്ക് വീഴ്ത്താനായത്.