‘അദ്ദേഹം സ്ട്രൈക് എടുത്ത് റൺസ് നേടിയ പോലെയാണിത്’ -മോദിയുടെ ‘ഓപറേഷൻ സിന്ദൂർ’ പോസ്റ്റിനോട് പ്രതികരിച്ച് സൂര്യകുമാർ യാദവ്
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി, സൂര്യകുമാർ യാദവ്
ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ പാകിസ്താനെ കീഴടക്കി ഇന്ത്യ ചാമ്പ്യന്മാരായ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഓപറേഷൻ സിന്ദൂർ’ പോസ്റ്റിനോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പ്രധാനമന്ത്രിയുടെ പോസ്റ്റ് വായിച്ചപ്പോൾ അദ്ദേഹം ക്രീസിലിറങ്ങി ബാറ്റു ചെയ്ത് റണ്ണുകൾ സ്കോർ ചെയ്ത പോലെയാണ് അനുഭവപ്പെട്ടതെന്ന് ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.
‘കളിക്കളത്തിലും ഓപറേഷൻ സിന്ദൂർ. ഫലം ഒന്നുതന്നെയാണ്- ഇന്ത്യ ജയിച്ചിരിക്കുന്നു! നമ്മുടെ ക്രിക്കറ്റർമാർക്ക് അഭിനന്ദനങ്ങൾ’ -എന്നായിരുന്നു എക്സിൽ പ്രധാനമന്ത്രിയുടെ പോസ്റ്റ്. ഇതിനു പിന്നാലെയാണ് സൂര്യകുമാറിന്റെ പ്രതികരണം. രാജ്യത്തിന്റെ നേതാവ് തന്നെ ഫ്രണ്ട് ഫൂട്ടിൽ ബാറ്റുചെയ്യാനിറങ്ങിയതുപോലെ തോന്നുന്നുവെന്നായിരുന്നു സൂര്യകുമാർ യാദവ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചത്.
‘രാജ്യത്തിന്റെ നേതാവു തന്നെ ഫ്രണ്ട് ഫൂട്ടിൽ ബാറ്റു ചെയ്യാനിറങ്ങുമ്പോൾ അതേറെ സന്തോഷം നൽകുന്നു. അദ്ദേഹം സ്ട്രൈക് എടുത്ത് റൺസ് നേടിയ പോലെയാണിത്. സാർ മുന്നിൽനിൽക്കുമ്പോൾ കളിക്കാർക്ക് സമ്മർദമില്ലാതെ കളിക്കാനാവും’ -ഇതായിരുന്നു പ്രതികരണം.
രാജ്യം മുഴുവൻ വിജയം ആഘോഷിക്കുന്നുവെന്നത് സുപ്രധാനമാണ്. ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ ആവേശകരമായിരിക്കും. കൂടുതൽ നന്നായി കളിക്കാൻ ഇത് പ്രചോദനവും പ്രേരണയും നൽകും’- ഏഷ്യ കപ്പിൽ ഏഴ് ഇന്നിങ്സുകളിൽ ആകെ 72 റൺസ് മാത്രം നേടി ബാറ്റിങ്ങിൽ വൻ പരാജയമായ നായകൻ പറഞ്ഞു.
ആവേശകരമായ ഫൈനലിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് ഓൾഔട്ടായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യ രണ്ടു പന്ത് ബാക്കിയിരിക്കേ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 53 പന്തിൽ പുറത്താകാതെ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി.
മുൻനിരയിൽ മൂന്നുവിക്കറ്റുകൾ പൊടുന്നനെ വീണ് പ്രതിസന്ധിയിലായ ഘട്ടത്തിൽ ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസൺ തിലകുമൊത്ത് 57 റൺസ് കൂട്ടുകെട്ടുയർത്തി മികവു കാട്ടി. 21 പന്തിൽ 24 റൺസെടുത്താണ് സഞ്ജു പുറത്തായത്. നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ കുൽദീപ് യാദവാണ് ബൗളിങ്ങിൽ മികവു കാട്ടിയത്.